ബാഴ്സയുടെ വന്മതിലിനെ ചെൽസിക്കു വേണം, പകരം ലോകറെക്കോർഡ് തുകക്കു സ്വന്തമാക്കിയ താരത്തെ നൽകും

Image 3
EPLFeaturedFootball

അടുത്ത സീസണിലേക്കായുള്ള ചെൽസിയുടെ ട്രാൻസ്ഫർ ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ടത് ബാഴ്സലോണയുടെ ജർമൻ ഗോൾകീപ്പറായ മാർക് ആന്ദ്രേ ടെർ സ്റ്റെഗനെന്നു റിപ്പോർട്ടുകൾ. ഈ സീസണിൽ ബാഴ്സയുടെ കുതിപ്പിൽ നിർണായക പങ്കു വഹിച്ച താരത്തിനു പകരം നിലവിൽ മോശം ഫോമിൽ കളിക്കുന്ന ലോകറെക്കോർഡ് തുകക്കു സ്വന്തമാക്കിയ കെപയെ പകരം നൽകാനാണ് ചെൽസിയുടെ നീക്കം.

2018ലാണ് കെപയെ ചെൽസി അറ്റ്ലറ്റിക് ബിൽബാവോയിൽ നിന്നും സ്വന്തമാക്കിയത്. ക്വാർട്ടുവ ടീം വിട്ടതിനു പിന്നാലെയായിരുന്നു ഈ നീക്കം. ഒരു ഗോൾകീപ്പർക്കുള്ള ചരിത്രത്തിലെ ഏറ്റവുമുയർന്ന തുകക്കു സ്വന്തമാക്കിയ താരത്തിനു പക്ഷേ തന്റെ മൂല്യത്തിനനുസരിച്ച പ്രകടനം ഇതുവരെയും കാഴ്ച വെക്കാനും കഴിഞ്ഞില്ല. ഇരുപത്തിയഞ്ചുകാരനായ താരത്തിന്റെ പ്രകടനത്തിൽ പരിശീലകൻ ലംപാർഡ് അതൃപ്തനുമാണ്.

അതേ സമയം ബാഴ്സയെ പല മത്സരങ്ങളിലും തോൽവിയിൽ നിന്നും രക്ഷപ്പെടുത്തുന്ന ഹീറോയിക് പ്രകടനമാണ് ടെർ സ്റ്റെഗൻ കാഴ്ച വെച്ചത്. മുണ്ടോ ഡിപോർടീവോയുടെ റിപ്പോർട്ടുകൾ പ്രകാരം ലംപാർഡിന്റെ പ്രധാന താൽപര്യം താരത്തെ ടീമിലെത്തിക്കാനാണ്. ബാഴ്സയുമായി ജർമൻ താരം കരാർ പുതുക്കുന്ന ചർച്ചകൾ നിർത്തി വെച്ചത് ചെൽസിക്കു കൂടുതൽ പ്രതീക്ഷയാണ്.

അടുത്ത സീസണു വേണ്ടി മികച്ച രീതിയിലാണ് ചെൽസി ഒരുങ്ങുന്നത്. ഹക്കിം സിയച്ച്, ടിമോ വെർണർ എന്നിവരെ ടീമിലെത്തിച്ചു കഴിഞ്ഞ അവർ ഇനി ലക്ഷ്യമിടുന്നത് ബയേർ ലെവർകൂസൻ താരം കെയ് ഹവേർട്സിനെയാണ്. ഇതിനു പുറമേ പ്രതിരോധത്തിലേക്കും ചില താരങ്ങളെ ചെൽസി സ്വന്തമാക്കിയേക്കും.