പ്രതിരോധനിര താരത്തെയും കണ്ടെത്തി ചെൽസി, ലക്ഷ്യം ലാലിഗ വമ്പന്മാരുടെ സൂപ്പർതാരത്തെ

Image 3
EPLFeaturedFootball

അടുത്ത സീസണിലേക്ക് ടീമിനെ കെട്ടിപ്പടുക്കാൻ രണ്ടും കൽപിച്ച് ഇറങ്ങിയിരിക്കുന്ന ചെൽസി പ്രതിരോധനിരയെ ശക്തിപ്പെടുത്താൻ ടീമിലെത്തിക്കേണ്ട താരത്തെയും കണ്ടെത്തിയെന്നു റിപ്പോർട്ടുകൾ. നേരത്തെ വെസ്റ്റ്ഹം യുണൈറ്റഡിന്റെ ഡെക്ലൻ റൈസിനെയാണു ചെൽസി നോട്ടമിടുന്നതെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അതിൽ നിന്നും ലംപാർഡും സഖ്യവും പിന്മാറിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ദി ടെലിഗ്രാഫിന്റെ റിപ്പോർട്ടുകൾ പ്രകാരം നഗരവൈരികളായ വെസ്റ്റ്ഹാമിൽ നിന്നും റൈസിനെ സ്വന്തമാക്കുക എളുപ്പമായിരിക്കില്ലെന്നതു കൊണ്ട് അറ്റ്ലറ്റികോ മാഡ്രിഡിന്റെ ഉറുഗ്വയ് പ്രതിരോധ താരമായ ഹോസെ ഗിമിനസിനെയാണ് ചെൽസി ഇപ്പോൾ നോട്ടമിടുന്നത്. എന്നാൽ 109 ദശലക്ഷം യൂറോ റിലീസ് ക്ലോസുള്ള താരത്തെ അത്ര പെട്ടെന്ന് സ്വന്തമാക്കാൻ ചെൽസിക്കു കഴിയില്ല.

പ്രതിരോധ നിരയും ഗോൾകീപിങ്ങ് ഡിപാർട്മെൻറുമാണ് ഇനി ചെൽസിക്കു മെച്ചപ്പെടുത്താനുള്ളത്. സീസൺ പുനരാരംഭിച്ചതിനു ശേഷം ഒൻപതു മത്സരങ്ങളിൽ നിന്നും പതിനഞ്ചു ഗോളുകൾ വഴങ്ങിയ ചെൽസിക്ക് യൂറോപ്യൻ യോഗ്യത ഉറപ്പു വരുത്താൻ അവസാന മത്സരം വരെ കാത്തിരിക്കേണ്ടി വന്നത് പ്രതിരോധ നിരയുടെയും ഗോൾകീപ്പറുടെയും പിഴവുകൾ കൊണ്ടു മാത്രമാണ്.

റൈസിനെയും ഗിമിനസിനെയും സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ ചെൽസിയുടെ മുൻതാരമായ നഥാൻ ആക്കെയെ ബൈ ബാക്ക് ക്ലോസുപയോഗിച്ച് സ്വന്തമാക്കാനാണ് ചെൽസിയുടെ പദ്ധതി. ഇതിനു പുറമേ ലൈസ്റ്ററിന്റെ ബെൻ ചിൽവെൽ, അറ്റ്ലറ്റികോയുടെയും ബാഴ്സയുടേയും ഗോൾകീപ്പർമാരായ ഒബ്ലക്ക്, ചിൽവെൽ എന്നിവരും ചെൽസിയുടെ റഡാറിലുണ്ട്.