കാന്റെയെ വിറ്റു കാശാക്കാൻ ചെൽസി, താരം ഇറ്റാലിയൻ വമ്പന്മാർക്കൊപ്പം ചേരും

Image 3
EPLFeaturedFootball

മധ്യനിരയിലെ സ്ഥിര സാന്നിധ്യമായ എൻഗോളോ കാണ്ടെയെ ചെൽസി ഒഴിവാക്കുന്നു. പരിക്കുകൾ മൂലം സ്ഥിരമായി കളിക്കാൻ കഴിയാത്തതാണ് ഫ്രഞ്ച് താരത്തെ വിൽക്കാൻ ചെൽസിയെ പ്രേരിപ്പിക്കുന്നത്. ഈ സീസണു ശേഷം ട്രാൻസ്ഫറിന്റെ കാര്യത്തിൽ ചെൽസി അന്തിമ തീരുമാനം നടപ്പിലാക്കുമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

ചെൽസി ടീമിൽ നിന്നും അടുത്ത കാലത്തൊന്നും പുറത്തു പോകില്ലെന്ന് കരുതിയിരുന്ന കളിക്കാരനാണു കാണ്ടെയെങ്കിലും പരിക്കുകളാണ് ഫ്രഞ്ച് താരത്തിനു തിരിച്ചടിയായത്. അതേ സമയം ചെൽസി വിടുകയാണെങ്കിൽ താരത്തിനു വേണ്ടി കോണ്ടെയുടെ ഇന്റർ മിലാൻ രംഗത്തുണ്ട്. ഇറ്റാലിയൻ മാധ്യമം ഗസറ്റ ഡെല്ല സ്പോർടാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്.

കഠിനാധ്വാനിയായ കാണ്ടെയെ നിരവധി ടീമുകൾക്കു താൽപര്യമുണ്ടെങ്കിലും താരത്തിന്റെ പ്രതിഫലമടക്കമുള്ള കാര്യങ്ങൾ ക്ലബുകൾക്കു പ്രശ്നമാണ്. ആഴ്ചയിൽ മൂന്നു ലക്ഷത്തിലധികം യൂറോയാണ് കാണ്ടെയുടെ പ്രതിഫലം. അതും ട്രാൻസ്ഫർ തുകയും നൽകി താരത്തെ സ്വന്തമാക്കാൻ അടുത്ത സീസണിൽ സീരി എ കിരീടം ലക്ഷ്യമിടുന്ന ഇന്റർ മാത്രമേ താൽപര്യപ്പെടൂ.

അതേ സമയം കാണ്ടെയെ വിൽക്കുന്നത് ഒരു തരത്തിൽ ചെൽസിക്കു ഗുണം ചെയ്യും. അടുത്ത സീസണിലേക്ക് പ്രീമിയർ ലീഗിനു വേണ്ടി പൊരുതണമെങ്കിൽ പ്രതിരോധം ശക്തിപ്പെടുത്തേണ്ടത് ചെൽസിക്ക് അത്യാവശ്യമാണ്. അതിനു വേണ്ട തുക കണ്ടെത്താൻ ഒരു സൂപ്പർതാര ട്രാൻസ്ഫർ ചെൽസിക്ക് അത്യാവശ്യമാണ്.