മോശം പ്രകടനത്തിന് ലാംപാർഡിന്റെ രൂക്ഷവിമർശനം, ചെൽസി സൂപ്പർതാരം പുറത്തേക്ക്

മികച്ച താരങ്ങളെ സ്വന്തമാക്കിയിട്ടും വെസ്റ്റ് ബ്രോമിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ സമനില വഴങ്ങാനെ ചെൽസിക്ക് കഴിഞ്ഞുള്ളു. ഇതോടെ മോശം പ്രകടനം കാഴ്ചവെച്ച ചെൽസി ലെഫ്റ്റ് ബാക്ക് അലോൺസോയുടെ ടീമിലെ ഭാവിക്ക് അവസാനമായെന്നാണ് പുതിയ റിപ്പോർട്ടുകൾ. മത്സരത്തിൽ താരത്തിന്റെ പ്രകടനത്തിൽ നിരാശനായ ലംപാർഡ് ഇനി ചെൽസിയിൽ അലോൻസോയെ കളിക്കാനിറക്കില്ലെന്ന ഉറച്ച തീരുമാനത്തിലെത്തിയെന്നാണ് ഗോൾ ഡോട്ട് കോമിന്റെ പുതിയ റിപ്പോർട്ട്‌.

വെസ് ബ്രോമിനെതിരായ മത്സരത്തിൽ രണ്ടു ഗോളുകളും പിറന്നത് അലോൻസോയുടെ വലിയ പിഴവുകളിൽ നിന്നാണെന്ന് മത്സരശേഷം ലംപാർഡ് തന്നെ വ്യക്തമാക്കിയിരുന്നു. തിയാഗോ സിൽവയുടെ ആദ്യമത്സരത്തിലെ പിഴവിനെക്കുറിച്ചു സംസാരിക്കാനും ലാംപാർഡ് മറന്നില്ല. എന്നാൽ ബ്രസീലിയൻ താരത്തിന്റെ പരിചയസമ്പത്ത് ഈ പ്രതിസന്ധികളെ മറികടക്കുമെന്നും ചൂണ്ടിക്കാണിച്ചു.

വെസ്റ്റ് ബ്രോമുമായുള്ള മത്സരത്തിന്റെ ഇടവേളയിൽ ലംപാർഡ് താരത്തിന്റെ പിഴവുകൾ ചൂണ്ടിക്കാണിച്ചു കടുത്ത ഭാഷയിൽ അലോൻസോയെ വിമർശിച്ചുവെന്നാണ് റിപ്പോർട്ടുകൾ. രണ്ടാം പകുതിയിൽ അലോൻസോയെ പിൻവലിച്ചതിനു ശേഷം ചെൽസി മൂന്നു ഗോളുകൾ തിരിച്ചടിക്കുകയും ചെയ്തിരുന്നു.

ലെഫ്റ്റ് ബാക്കായി ബെൻ ചിൽവെല്ലിനെ ചെൽസി സ്വന്തമാക്കിയിട്ടുണ്ടെങ്കിലും കഴിഞ്ഞ മത്സരത്തിൽ താരത്തെ ലാംപാർഡ് കളത്തിലിറക്കിയില്ല. അലോൺസോ ചെൽസി വിടുമെന്നുറപ്പായതോടെ ഇന്ററിലേക്കു കൂടുമാറാനിരുന്ന എമേഴ്സൻ ചെൽസിയിൽ തുടരാൻ സാധ്യതയേറിയിരിക്കുകയാണ്. മികച്ച താരങ്ങളെ സ്വന്തമാക്കിയിട്ടും തോൽവി രുചിക്കേണ്ടിവരുന്നതാണ് ലാംപാർടിന് സമ്മർദ്ദമേറുന്നത്.

You Might Also Like