കോട്ടകെട്ടി ചെൽസി, മറ്റൊരു പ്രതിരോധ താരത്തെ കൂടി റാഞ്ചി

ചെൽസിക്ക് കിട്ടിയ ട്രാൻസ്ഫർ ബാൻ ഒഴിവാക്കിയിട്ടും ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ താരങ്ങളെയെത്തിക്കാൻ ചെൽസി തയ്യാറാവാഞ്ഞത് ആരാധകരിൽ അസംതൃപ്തിയുണ്ടാക്കിയിരുന്നു. എന്നാൽ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഒരു പിടി മികച്ച യുവതാരങ്ങളെ റാഞ്ചി ആരാധകരുടെ വായടപ്പിച്ചിരിക്കുകയാണ് ലാംപാർഡും സംഘവും.

മികച്ച ആസൂത്രണങ്ങളിലൂടെ തങ്ങൾക്ക് അനുയോജ്യരായ ഒരുപിടി യുവതാരങ്ങളെ ടീമിൽ എത്തിക്കുന്നത് വഴി അടുത്ത സീസണലേക്ക് ടീമിനെ ശക്തിപ്പെടുത്തുകയെന്നതായിരുന്നു ലാംപാർഡിന്റെ പദ്ധതി. അതിനായി അയാക്സിൽ നിന്ന് ഹാകിം സിയെച്ച്, ലൈപ്സിഗ് ഗോളടിയന്ത്രം ടിമോ വെർണർ എന്നിവരെ ആദ്യം സ്വന്തം തട്ടകത്തിലെത്തിച്ചു. കൂടാതെ ജർമൻ യുവപ്രതിഭ കായ് ഹാവെർട്സിനു വേണ്ടിയും ശ്രമങ്ങൾ മുന്നോട്ടു പോവുന്നു.

അക്രമണനിരക്കൊപ്പം ചെൽസിയുടെ പ്രതിരോധത്തിന് ശക്തി കൂട്ടുന്നതും ലംപാർഡിന്റെ പരിഗണയിലുള്ള കാര്യമാണ്. അതിനായി ഇപ്പോഴിതാ ലൈസസ്റ്റർ സിറ്റിയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ബെൻ ചിൽവെല്ലിനെക്കൂടി സ്വന്തം തട്ടകത്തിലെത്തിച്ചിരിക്കുകയാണ് ചെൽസി. ട്രാൻസ്ഫർ ഔദ്യോഗികമായി പ്രഖ്യാപിച്ചുകഴിഞ്ഞു ചെൽസി.

ഇരുപത്തിമൂന്നുകാരനായ താരത്തിനെ അൻപത് മില്യൺ പൗണ്ടോളം നൽകിയാണ് ലംപാർഡ് ബ്രിഡ്ജിൽ എത്തിച്ചത്. ചിൽവെൽ ലൈസസ്റ്റർ ജേഴ്‌സിയിൽ 99 മത്സരങ്ങളിൽ നിന്ന് നാലു ഗോളും ഒമ്പത് അസിസ്റ്റും നേടിയിട്ടുണ്ട്. ചെലവെല്ലിനെ കൂടാതെ പിഎസ്‌ജിയുടെ ബ്രസീലിയൻ നായകൻ തിയാഗോ സിൽവയെ കൂടി ചെൽസി നിരയിലേക്ക് എത്തുന്നതോടെ സുശക്തമായ പ്രതിരോധക്കോട്ട കെട്ടാൻ അടുത്ത സീസണിൽ ചെൽസിക്കാവും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

You Might Also Like