ട്രാന്‍സ്ഫര്‍ വിപണിയില്‍ ആന്റി ക്ലൈമാക്‌സ്, റെക്കോര്‍ഡുകള്‍ കടപുഴകി, ഫെര്‍ണാണ്ടസിനെ റാഞ്ചി പ്രീമിയര്‍ ലീഗ് വമ്പന്‍മാര്‍

ലണ്ടന്‍: ഒരുമാസത്തിലേറെ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജനുവരി ട്രാന്‍സ്ഫര്‍ ജാലകം അടക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ അര്‍ജന്റീനന്‍ സൂപ്പര്‍താരത്തെ ടീമിലെത്തിച്ച് ചെല്‍സി. പോര്‍ച്ചുഗീസ് ക്ലബ് ബെനഫികയില്‍ നിന്ന് പ്രീമിയര്‍ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ട്രാന്‍സ്ഫര്‍ തുകക്കാണ് ലോകകപ്പ് ഹീറോയെ നീലപട സ്വന്തമാക്കിയത്. 121 മില്യണ്‍ യൂറോയാണ്(105 മില്യണ്‍ പൗണ്ട്)എന്‍സോക്കായി ചെല്‍സി മുടക്കുക.


2021ല്‍ ആസ്റ്റണ്‍ വില്ലയില്‍ നിന്ന് ജാക് ഗ്രീലിഷിനെ എത്തിക്കുന്നതിനായി മാഞ്ചസ്റ്റര്‍ സിറ്റി മുടക്കിയ 100 മില്യണ്‍ യുറോയുടെ റെക്കോര്‍ഡാണ് എന്‍സോയിലൂടെ ചെല്‍സി മറികടന്നത്. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ആറാമത്തെ ട്രാന്‍സ്ഫര്‍ തുക കൂടിയാണിത്..കഴിഞ്ഞ ഓഗസ്റ്റില്‍ വെറും പത്തുമില്യണ്‍ യൂറോയ്ക്കാണ് എന്‍സോ ബെന്‍ഫിക്കയിലെത്തിയത്.
ഈ സീസണിലെ ഇടക്കാല ട്രാന്‍സ്ഫര്‍ ജാലകത്തില്‍ താരങ്ങളെ സ്വന്തമാക്കാന്‍ ഏറ്റവും കൂടുതല്‍ തുക ചെലവിടുന്ന യൂറോപ്യന്‍ ക്ലബ്ബെന്ന റെക്കോര്‍ഡും എന്‍സോയെ സ്വന്തമാക്കിയതിലൂടെ ഇംഗ്ലീഷ് ക്ലബിന്റെ പേരിലായി. ഈ സീസണില്‍ 280 മില്യണ്‍ ഡോളറാണ് കളിക്കാരെ ടീമിലെത്തിക്കാന്‍ മാത്രം ചെല്‍സി ചെലവഴിച്ചത്.
പ്രീമിയര്‍ലീഗില്‍ തപ്പിതടയുന്ന നീലപട ട്രാന്‍സ്ഫര്‍ വിപണിയില്‍ കൂടുതല്‍താരങ്ങളെയെത്തിക്കുകവഴി ലീഗിലേക്ക് വലിയ തിരിച്ചുവരവാണ് പ്രതീക്ഷിക്കുന്നത്.

നേരത്തെ സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ ജോര്‍ജീന്യോയെ ആഴ്‌സനലിന് കൈമാറിയിരുന്നു. ഇതോടെ എന്‍സോ ചെല്‍സി മധ്യനിരയിലെ പ്രധാനതാരമായി മാറും. ലോകകപ്പിലെ മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഇരുപത്തിരണ്ട് കാരനായ എന്‍സോയുടെ മൂല്യം കുതിച്ചുയരുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ വെറും 14 മില്യണ്‍ യൂറോക്കാണ് അര്‍ജന്റീനിയന്‍ ക്ലബ്ബ് റിവര്‍പ്ലേറ്റില്‍ നിന്ന് എന്‍സോ പോര്‍ച്ചുഗീസ് ക്ലബ്ബായ ബെനഫിക്കയിലെത്തിയത്.


ലോകകപ്പിന് രണ്ട് മാസം മുമ്പ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് 22കാരനായ എന്‍സോ അര്‍ജന്റീനയുടെ ദേശീയ ടീമില്‍ അരങ്ങേറിയത്. ലോകകപ്പില്‍ മെക്‌സിക്കോക്കെതിരായ നിര്‍ണായക മത്സരത്തില്‍ മെസിയുടെ അസിസ്റ്റില്‍ അര്‍ജന്റീനയക്കായി രണ്ടാം ഗോള്‍ നേടിയതും യുവതാരമായിരുന്നു. ഇതുവരെ പത്തുമത്സരങ്ങളിലാണ് ദേശീയടീമിനായി ബൂട്ടുകെട്ടിയത്. അര്‍ജന്റീന അണ്ടര്‍ 18 ടീമിലും കളിച്ചിട്ടുണ്ട്.

You Might Also Like