3 സൂപ്പര്‍ താരങ്ങള്‍ പുറത്ത്, ചാമ്പ്യന്‍സ് ലീഗ് മത്സരത്തിന് മുമ്പേ ചെല്‍സിയ്ക്ക് തിരിച്ചടി

എഫ്എ കപ്പ്‌ ഫൈനലിൽ ആഴ്സണലിനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ചെൽസി തോൽവി രുചിച്ചിരുന്നു. തോൽവിയോടൊപ്പം മൂന്നു സുപ്രധാന താരങ്ങളെയും ചെൽസിക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്.

ക്യാപ്റ്റനായ അമേരിക്കൻ സൂപ്പർതാരം ക്രിസ്ത്യൻ പുലിസിച്ചിനെയും പ്രതിരോധനിരതാരം സെസാർ ആസ്പിലിക്കേറ്റയേയും മുന്നേറ്റതാരമായ പെഡ്രോയെയുമാണ് ചെൽസിക്ക് പരിക്കുമൂലം ചാമ്പ്യൻസ്‌ലീഗ് മത്സരങ്ങൾക്ക് മുമ്പേ നഷ്ടമായിരിക്കുന്നത്.

ചാമ്പ്യൻസ് ലീഗിൽ പ്രീക്വാർട്ടർ രണ്ടാം പാദ മത്സരത്തിൽ ബയേൺ മ്യൂണിക്കിനെയാണ് ചെൽസി നേരിടാനൊരുങ്ങുന്നത്. ആദ്യപാദത്തിൽ സ്വന്തം തട്ടകത്തിൽ വെച്ച് മൂന്നു ഗോളുകൾക്ക് ചെൽസി തോൽവി രുചിച്ചിരുന്നു. എന്നാൽ സുപ്രധാന താരങ്ങളെ പരിക്കുമൂലം നഷ്ടപ്പെട്ടതോടെ തിരിച്ചുവരവിനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്.

ഹാംസ്ട്രിങിനേറ്റ പരിക്കുമൂലമാണ് പുലിസിച്ചും ആസ്പിലിക്കേറ്റയും പുറത്തായിരിക്കുന്നത്. ഇവരെ കൂടാതെ ജോർജിഞ്ഞോക്കും മാർക്കോസ് അലോൻസോക്കും സസ്പെൻഷൻ മൂലം രണ്ടാം പാദ മത്സരത്തിൽ കളിക്കാൻ സാധിക്കാത്ത അവസ്ഥയും ലാംപാർടിനേയും സംഘത്തിനെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

“പരിക്കിന്റെ വിശദമായ വിവരങ്ങൾ ഒന്നും തന്നെ എന്റെ പക്കലില്ല. എന്നാൽ പുലിസിചിനും ആസ്‌പിലിക്കേറ്റക്കും ഹാംസ്ട്രിങ് ഇഞ്ചുറിയാണ് സംഭവിച്ചിരിക്കുന്നത്. കുറച്ചു ദിവസങ്ങൾക്കുള്ളിൽ അവരുടെ പരിക്കിന്റെ പൂർണ്ണവിവരങ്ങൾ പുറത്തു വിടും. പക്ഷെ അടുത്ത ആഴ്ചയിലേക്ക് അവർ ആരോഗ്യം വീണ്ടെടുത്ത് കളിക്കളത്തിലേക്ക് തിരിച്ചു വരാൻ കഴിയില്ലെന്നത് വ്യക്തമായ കാര്യമാണ്” ലാംപാർഡ് മത്സര ശേഷം വെളിപ്പെടുത്തി. ഓഗസ്റ്റ് എട്ടിനാണ് രണ്ടാം പാദ മത്സരം നടക്കാനിരിക്കുന്നത്.

You Might Also Like