എന്‍സോ ഫെര്‍ണാണ്ടസ് വന്നിട്ടും രക്ഷയില്ല; ഫുള്‍ഹാമിനോട് സമനിലയില്‍ കുരുങ്ങി ചെല്‍സി

ലണ്ടന്‍: ജനുവരി ട്രാന്‍സ്‌വര്‍ ജാലകത്തില്‍ റെക്കോര്‍ഡ് തുക മുടക്കി താരങ്ങളെ ടീമിലെത്തിച്ചിട്ടും ചെല്‍സിയുടെ തലവര മാറുന്നില്ല. അര്‍ജന്റീനന്‍ യുവതാരം എന്‍സോ ഫെര്‍ണാണ്ടസ്, ഉക്രൈന്‍ താരം മിഖായേല്‍ മുദ്രിക്, ബെനോയിറ്റ് ബാദിയഷില്‍, ഡേവിഡ് ഫൊഫാന തുടങ്ങി പുതുതായി ടീമിലെത്തിയ താരങ്ങളെയെല്ലാം പരീക്ഷിച്ചിട്ടും ഫുള്‍ഹാമിനെതിരെ ഗോള്‍നേടാനായില്ല. പ്രീമിയര്‍ലീഗില്‍ ഇന്നലെ നടന്ന മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു. ഇതോടെ നിലവില്‍ 21 കളിയില്‍ നിന്ന് എട്ട് ജയവും ആറുതോല്‍വിയും ഏഴ് സമനിലയുമായി ചെല്‍സി പോയന്റ് ടേബിളില്‍ ഒന്‍പതാംസ്ഥാനത്താണ്.


12.1 കോടി പൗണ്ട്(131 ദശലക്ഷം ഡോളര്‍)പോര്‍ച്ചുഗീസ് ക്ലബ് ബെനഫിക്കയില്‍ നിന്ന് ചെല്‍സിയിലെത്തിയ യുവതാരം എന്‍സോ ഫുള്‍ഹാമിനെതിരെ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചു. അവസാനം വരെ കളത്തില്‍ നിറഞ്ഞ അര്‍ജന്റീനന്‍താരം മികച്ച പാസുകളിലൂടെയും അവസരങ്ങള്‍ സൃഷ്ടിച്ചും കളംനിറഞ്ഞു. എന്നാല്‍ ഫിനിഷിംഗിലെ പോരായ്മയാണ് ചെല്‍സിക്ക് തിരിച്ചടിയായത്.

ജര്‍മ്മന്‍താരം ഹാവെട്‌സിന് ലഭിച്ച അവസരങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാനായില്ല. കളിയുടെ അവസാന മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം ഫൊഫാനയും നഷ്ടപ്പെടുത്തി. ചെല്‍സി ആക്രമങ്ങളെ കൃത്യമായി പ്രതിരോധിച്ച ഫുള്‍ഹാം കൗണ്ടര്‍ അറ്റാക്കിലൂടെ എതിര്‍ഗോള്‍മുഖത്തേക്ക് ഇരമ്പിയെത്തുകയും ചെയ്തു. മുന്‍ ചെല്‍സിതാരമായ ഫുള്‍ഹാമിന്റെ ബ്രസീല്‍താരം വില്യന്‍ മികച്ചപ്രകടനമാണ് പുറത്തെടുത്തത്. പുതിയതാരങ്ങളെ ടീമിലെത്തിച്ച ശേഷം നടക്കുന്ന ആദ്യമത്സരം വീക്ഷിക്കാന്‍ ക്ലബ് ഉടമ ടോബി ബൗഹ്ലി ഉള്‍പ്പെടെ ചെല്‍സി മൈതാനമായ സ്റ്റാഫോര്‍ഡ് ബ്രിഡ്ജിലെത്തിയിരുന്നു.ദീര്‍ഘകാലമായി പരിക്കുകാരണം കളത്തില്‍ നിന്നുവിട്ടുനിന്ന ബെന്‍ചില്‍വെല്‍, റീല്‍സ് ജെയിംസ് എന്നീ ഇംഗ്ലീഷ് താരങ്ങള്‍ ഫുള്‍ഹാമിനെതിരെ ഇറങ്ങി.


ജനുവരി ജാലകത്തില്‍ കൂടുതല്‍ തുക ചെലവഴിച്ച് താരങ്ങളെ ടീമിലെത്തിച്ചതും ചെല്‍സിയാണ്. എന്‍സോ ഫെര്‍ണാണ്ടസിന് പുറമെ മിഖായേല്‍ മുദ്രിക്, ബെനോയിറ്റ് ബാദിയഷില്‍, ഡേവിഡ് ഫൊഫാന, ആന്‍്രേഡ സാന്റോസ്, ജാവോ ഫെലിക്‌സ്, നാനി മദുവേകെ, മാലോ ഗസ്‌റ്റോ എന്നിവരെയാണ് നീലപട സ്വന്തമാക്കിയത്. പ്രീമിയര്‍ലീഗില്‍ തട്ടിതടയുന്ന ചെല്‍സി ലീഗിലേക്ക് ശക്തമായി തിരിച്ചുവരവിനാണ് സൈനിംഗിലൂടെ ശ്രമിക്കുന്നത്. ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് മത്സരങ്ങള്‍ ഉള്‍പ്പെടെവരാനിരിക്കെ ടീമിനെ കൂടുതല്‍ മികവിലെത്തിക്കേണ്ടത് പരിശീലകന്‍ ഗ്രഹാം പോട്ടറിനും ആവശ്യമാണ്.

You Might Also Like