പിഎസിജി ഡിഫന്ററെ റാഞ്ചാന്‍ ചെല്‍സി, ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് ശേഷം കരാറൊപ്പിട്ടേക്കും

Image 3
EPLFeaturedFootball

എട്ട് വർഷമായി പിഎസ്ജിയുടെ പ്രതിരോധത്തിൽ നിർണായകസാന്നിധ്യമായിരുന്ന തിയാഗോ സിൽവ ഈ സീസണിന് ശേഷം പിഎസ്ജിയിൽ നിന്നും വിടവാങ്ങിയേക്കും. താരത്തിന് ക്ലബ് വിടാൻ താല്പര്യമില്ലെങ്കിലും സിൽവയുടെ കരാർ പുതുക്കാൻ പിഎസ്ജി തയ്യാറല്ല.

ഇതോടെ മുപ്പത്തിയഞ്ചുകാരനായ താരം അടുത്ത സീസണിലേക്ക് മറ്റൊരു ക്ലബിലേക്ക് ചേക്കേറും. നിലവിൽ പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിയാണ് താരത്തിനു പിന്നാലെയുള്ളത്. താരത്തെ ക്ലബിൽ എത്തിക്കാൻ ചെൽസിക്ക് താല്പര്യമുണ്ട് എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്. ചെൽസിയുടെ ഉലയുന്ന പ്രതിരോധം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് പരിശീലകൻ ലംപാർഡ്.

ബയേണുമായി നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിന്‌ ശേഷം താരം ഫ്രീ ഏജന്റ് ആവും. അതിനു ശേഷം സിൽവയെ സമീപിക്കാനാണ് ചെൽസിയുടെ പദ്ധതി. സിൽവ വലിയ തോതിൽ സാലറി കുറക്കാനും സമ്മതിച്ചതായി ടെലിഗ്രാഫ് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

രണ്ട് വർഷത്തെ കരാറാണ് സിൽവക്ക് വേണ്ടി ചെൽസി വാഗ്ദാനം ചെയ്തേക്കുക. പിഎസ്ജിയിൽ തന്നെ വിരമിക്കാനാണ് ആഗ്രഹമെന്ന് സിൽവ അറിയിച്ചിരുന്നുവെങ്കിലും പിഎസ്ജി നിലനിർത്തില്ല എന്നറിയിക്കുകയായിരുന്നു. പ്രീമിയർ ലീഗ് വമ്പന്മാരായ ആഴ്‌സണൽ, സീരി എയിൽ നിന്നും എസി മിലാനും ഫിയോറെന്റിനയും താരത്തിന് വേണ്ടി ട്രാൻസ്ഫർ വിപണിയിൽ സജീവമായിതന്നെയുണ്ട്.