സിറ്റി താരത്തെ റാഞ്ചാന്‍ ചെല്‍സി, നിര്‍ണ്ണായക നീക്കം!
അടുത്ത സീസണിലേക്ക് മികച്ച പ്രതിരോധനിരയെ വാർത്തെടുക്കാനുള്ള ശ്രമത്തിലാണ് ഇംഗ്ലീഷ് വമ്പന്മാരായ ചെൽസി പരിശീലകനായ ലാംപാർഡും സംഘവും. അതിനായി മാഞ്ചസ്റ്റർ സിറ്റിയിൽ പെപ് ഗാർഡിയോളയുടെ കീഴിൽ അവസരങ്ങൾ കുറഞ്ഞ ജോൺ സ്റ്റോൺസിനെ സ്റ്റാംഫോർഡ് ബ്രിഡ്ജിലെത്തിക്കാനുള്ള ശ്രമത്തിലാണ് ചെൽസി.
സിറ്റി പ്രതിരോധനിരയിലേക്ക് 41 ദശലക്ഷം യൂറോക്ക് ബേൺമൗത്ത് ഡിഫൻഡർ നതാൻ അകെ കൂടി ചേർന്നതോടെ സ്റ്റോൺസിന്റെ പ്രാധാന്യം ഒന്നുകൂടി കുറഞ്ഞ സാഹചര്യത്തിൽ 20 മില്യൺ യൂറോക്ക് സിറ്റിയിൽ നിന്നും സ്വന്തം തട്ടകത്തിലെത്തിക്കാമെന്നാണ് ചെൽസി പ്രതീക്ഷിക്കുന്നത്. അത് 2016ൽ സിറ്റി സ്റ്റോൺസിനെ വാങ്ങിയ വിലയുടെ പകുതിയിലും താഴ്ന്ന തുക മാത്രമാണ്.
സ്റ്റോൺസിനെ വിൽക്കാൻ സിറ്റിക്ക് താത്പര്യമുണ്ടെങ്കിലും 47 മില്യൺ യൂറോക്ക് എവർട്ടണിൽ നിന്നും വാങ്ങിയ താരത്തിനു സിറ്റി പ്രതീക്ഷിക്കുന്ന വിലയെത്രയാണെന്നത് ഇതു വരെ അറിവായിട്ടില്ല. എങ്കിലും പ്രതിരോധത്തെ ശക്തിപ്പെടുത്താൻ എത്ര വേണമെങ്കിലും ട്രാൻസ്ഫർ വിപണിയിൽ മുടക്കാൻ തയ്യാറായി ഇറങ്ങിയിരിക്കുകയാണ് ലാംപാർഡ്.
ഇംഗ്ലണ്ടിൽ ഒരുമിച്ചു കളിച്ച സ്റ്റോൺസിന്റെ പ്രതിഭ ലാംപാർടിന് നന്നായി അറിയാവുന്നത് കൊണ്ടാണ് സിറ്റിയിൽ അവസരങ്ങൾ കുറയുന്ന താരത്തിനെ ലാംപാർഡ് പിന്തുടരുന്നത്. ചെൽസിയിൽ താരത്തിന്റെ പ്രതിഭയെ തിരിച്ചു കൊണ്ടുവരാൻ സാധിക്കുമെന്നാണ് ലാംപാർഡ് പ്രതീക്ഷിക്കുന്നത്. ഇതിനകം തന്നെ ഹക്കിം സിയച്ചിനെയും ടിമോ വെർണറേയും സ്റ്റാംഫോർഡ് ബ്രിഡ്ജിലെത്തിച്ച് മുന്നേറ്റനിരക്ക് മൂർച്ച കൂട്ടാൻ ചെൽസിക്കായിട്ടുണ്ട്. സ്റ്റോൺസിനെക്കൂടി ചെൽസിയിലെത്തിച്ചു പ്രതിരോധം ശക്‌തമാക്കാനുള്ള ശ്രമത്തിലാണ് ചെൽസി.