ചാമ്പ്യൻസ് ലീഗ് തോൽവിക്കു പിന്നാലെ ചെൽസിക്കു തിരിച്ചടി, രണ്ടു സൂപ്പർതാരങ്ങൾ ക്ലബ് വിട്ടു

Image 3
EPLFeaturedFootball

ബയേൺ മ്യൂണിക്കിനെതിരെ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ ദയനീയമായി തോൽവിയേറ്റു വാങ്ങി പുറത്തായതിനു പിന്നാലെ ചെൽസിയുടെ രണ്ടു താരങ്ങൾ ക്ലബ് വിടുന്ന കാര്യം പ്രഖ്യാപിച്ചു. ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതോടെ സീസൺ അവസാനിച്ചതിനാൽ കരാർ തീരുന്ന വില്യൻ, പെഡ്രോ എന്നിവരാണ് ക്ലബ് വിടുന്നത്. ഇരുവരും ഇന്നലെ ചെൽസി വിടുന്ന കാര്യം സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും ആരാധകരെ അറിയിച്ചു.

ഒൻപതു വർഷത്തെ കരിയറിന് അന്ത്യം കുറിച്ചാണ് ബ്രസീലിയൻ താരം വില്യൻ ചെൽസി വിടുന്നത്. ചെൽസിയെ തിരഞ്ഞെടുത്തത് കരിയറിലെ മികച്ച തീരുമാനമായിയെന്നും കിരീടനേട്ടങ്ങൾക്ക് ഉപരിയായി ഒരു കളിക്കാരനെന്ന നിലയിൽ വളരെയധികം മെച്ചപ്പെടാൻ അതു സഹായിച്ചുവെന്നും താരം പറഞ്ഞു. ടീമിലെ എല്ലാവർക്കും നന്ദി പറഞ്ഞ താരം പുതിയ ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണെന്നും വ്യക്തമാക്കി.

അതേ സമയം ബാഴ്സക്കും സ്പെയിനുമൊപ്പം ഐതിഹാസിക നേട്ടങ്ങൾ സ്വന്തമാക്കിയതിനു ശേഷം ചെൽസിയിലെത്തിയ പെഡ്രോ അഞ്ചു വർഷത്തിനു ശേഷമാണ് ക്ലബ് വിടുന്നത്. ചെൽസിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും ലോകത്തിലെ ഏറ്റവും മികച്ച ലീഗുകളിൽ ഒന്നായ പ്രീമിയർ ലീഗിൽ പന്തു തട്ടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും താരം ഇൻസ്റ്റഗ്രാമിലിട്ട വിടവാങ്ങൽ സന്ദേശത്തിൽ അറിയിച്ചു.

കരാർ പുതുക്കാൻ താൽപര്യമുണ്ടെന്ന് ചെൽസി അറിയിച്ചിട്ടും അതു നിരസിച്ചാണ് വില്യൻ ക്ലബ് വിടുന്നത്. ബ്രസീലിയൻ താരം എതിരാളികളായ ആഴ്സനലിന്റെ തട്ടകത്തിലേക്കു ചേക്കേറുമെന്നാണ് അഭ്യൂഹങ്ങൾ. അതേ സമയം ഇറ്റാലിയൻ ക്ലബായ റോമയാണ് പെഡ്രോയെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്.