റയലിന്റെ ലാലിഗ കിരീടനേട്ടത്തിൽ ലോട്ടറിയടിച്ചത് ചെൽസിക്ക്

വിയ്യാറയലിനെതിരായ മത്സരത്തിൽ വിജയം നേടിയതോടെ ലാലിഗ കിരീടം സ്വന്തമാക്കിയത് റയൽ മാഡ്രിഡാണെങ്കിലും അതിൽ വലിയ നേട്ടമുണ്ടാക്കുക പ്രീമിയർ ലീഗ് ക്ലബായ ചെൽസിയാണ്. റയൽ കിരീടം സ്വന്തമാക്കിയതോടെ ഹസാർഡുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ കരാറിലെ ബോണസ് ഉടമ്പടികൾ മൂലം ചെൽസിക്ക് വലിയ തുകയാണു ലഭിക്കുക.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് ചെൽസിയിൽ നിന്നും നൂറു ദശലക്ഷം യൂറോയുടെ കരാറിൽ ഹസാർഡ് ചെൽസിയിലെത്തിയത്. താരം ഏറെ ആഗ്രഹിച്ച ട്രാൻസ്ഫറായിരുന്നു അതെങ്കിലും പരിക്കു മൂലം സീസണിലെ വലിയൊരു ഭാഗം മത്സരങ്ങളിലും പുറത്തിരിക്കാനായിരുന്നു ഹസാർഡിന്റെ വിധി. പ്രതീക്ഷിച്ചത്ര മികവ് കാണിക്കാനും താരത്തിനായില്ല.

എന്നാൽ ലാലിഗ വിജയിക്കുകയും ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുകയും ചെയ്ത ടീമിനൊപ്പം ഹസാർഡ് ഉണ്ടായിരുന്നത് ചെൽസിക്കു ഗുണം ചെയ്തു. ബോണസ് ഉടമ്പടികൾ പ്രകാരം ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയതിന് പതിനഞ്ചു ദശലക്ഷം യൂറോയും ലാലിഗ കിരീടം നേടിയതിന് ഇരുപതു ദശലക്ഷം യൂറോയുമാണ് റയൽ മാഡ്രിഡ് ചെൽസിക്കു നൽകേണ്ടത്.

ചെൽസിയെ സംബന്ധിച്ച് വമ്പൻ നേട്ടമാണ് ഇതു നൽകിയിരിക്കുന്നത്. ട്രാൻസ്ഫർ ജാലകത്തിൽ തുക മുടക്കാൻ ക്ലബുകൾ ബുദ്ധിമുട്ടുന്ന സമയത്താണ് ഇത്രയും സാമ്പത്തിക ലാഭം ചെൽസിക്കുണ്ടായത്. അടുത്ത സീസണിലേക്കു വേണ്ട താരങ്ങളെ സ്വന്തമാക്കാൻ ഇതു ഗുണം ചെയ്യുമെന്നതിൽ സംശയമില്ല.

You Might Also Like