എഫ്എ കപ്പിൽ യുണൈറ്റഡിന് മറക്കാനാകാത്ത തിരിച്ചടി നല്‍കി ചെല്‍സി

Image 3
Football

എഫ്എ കപ്പ് സെമി ഫൈനലില്‍ ചെല്‍സിയോട് 3-1ന് തോറ്റു പുറത്തായതോടെ 19 മത്സരങ്ങളായി തുടര്‍ന്നിരുന്ന യുണൈറ്റഡിന്റെ അപരാജിതകുതിപ്പിന് വിരാമമായിരിക്കുകയാണ്. ഫൈനലില്‍ ചെല്‍സി അവരുടെ ലണ്ടന്‍ ചിരവൈരികളായ ആഴ്സനലിനെ നേരിടും.

വളരെ അലസമായി തുടങ്ങിയ ആദ്യപകുതി ചെല്‍സി അലോന്‍സോയുടെയും സൂമയുടെയും ഹെഡറുകള്‍ കൊണ്ട് ഏതാനും ഗോളവസരങ്ങളുണ്ടാക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. ഫൗളുകള്‍ കൊണ്ട് നിറഞ്ഞ കളിയില്‍ എറിക് ബെയ്ലിക്ക് തലക്ക് പരിക്കേറ്റത് മൂലം പത്തുമിനുറ്റോളം നിര്‍ത്തിവെക്കേണ്ടി വന്നു.

എന്നാല്‍ ആദ്യപകുതിയുടെ വിസില്‍ മുഴങ്ങുന്നതിനു മുന്‍പ് തന്നെ ഒലിവര്‍ ജിറൂഡിലൂടെ ചെല്‍സി ലീഡ് നേടുകയായിരുന്നു. ആദ്യപകുതിയുടെ അധികസമയത്ത് അസ്പിലിക്കേറ്റയുടെ ക്രോസ്സ് ജിറൂഡ് ഇടം കാലുകൊണ്ട് വലയിലേക്ക് ദിശതിരിച്ചു വിട്ടു. സേവ് ചെയ്യാമായിരുന്ന ആ ഷോട്ട് യുണൈറ്റഡ് ഗോള്‍കീപ്പറുടെ കയ്യില്‍ തട്ടി വലയില്‍ കേറുകയായിരുന്നു.

രണ്ടാം പകുതിയില്‍അധികം വൈകാതെ തന്നെ മേസണ്‍ മൗണ്ടിലൂടെവീണ്ടും ചെല്‍സി ലീഡ് രണ്ടാക്കിഉയര്‍ത്തി. മൗണ്ടിന്റെ മികച്ചൊരു നെടുനീളന്‍ ഷോട്ട്ഡി ഗെയയെപോലുള്ള മികച്ച ഗോള്‍കീപ്പര്‍ക്ക് തട്ടിയകറ്റാമായിരുന്നുവെങ്കിലും തട്ടിയകറ്റിയത് വലയിലേക്ക് തന്നെ കയറുകയായിരുന്നു.

യുണൈറ്റഡ് പോഗ്ബയെയും ഗ്രീന്‍വുഡിനെയും ഇറക്കി മത്സരത്തിലേക്ക് തിരിച്ചു വരാന്‍ ശ്രമിച്ചെങ്കിലും എഴുപത്തിനാലാം മിനുട്ടില്‍ ചെല്‍സിക്ക് കിട്ടിയ കോര്‍ണറില്‍ ചെല്‍സി ഡിഫന്‍ഡര്‍ റുഡിഗറുടെ സമ്മര്‍ദ്ദത്തില്‍ മഗ്വയരുടെ കാലില്‍ തട്ടി സെല്‍ഫ് ഗോളിലൂടെ മൂന്നാം ഗോളും നേടുകയായിരുന്നു.

85-ാം മിനുട്ടില്‍ ചെല്‍സിയുടെ യുവതാരം ഹഡ്‌സണ്‍ ഓടോയിയുടെ പിഴവില്‍ ലഭിച്ച പെനാല്‍റ്റി ബ്രൂണോ ഫെര്‍ണാണ്ടസ് ഗോളിലെത്തിച്ചെങ്കിലും ഫൈനലിലേക്കെത്താന്‍ അതു മതിയാകുമായിരുന്നില്ല.