അന്തരാഷ്ട്ര ക്രിക്കറ്റില്‍ ദുരന്തമായി, ആ ഇന്ത്യന്‍ താരം പകരം വീട്ടിയതിങ്ങനെ

ധനേഷ് ദാമോധരന്‍

‘ഈ കളി കൊണ്ട് ഇവനെന്ത് കാര്യം? അല്ലെങ്കില്‍ നമ്മുടെ കുടുംബത്തിന് എന്ത് ഗുണം? അവന്‍ പഠിക്കട്ടെ .ഒരു ജോലി സമ്പാദിക്കട്ടെ.’

മകന്റെ കഴിവില്‍ വിശ്വാസമില്ലാത്ത അല്ലെങ്കില്‍ ക്രിക്കറ്റിനെപ്പറ്റി അധികം മനസ്സിലാക്കാത്ത പിതാവ് കോച്ച് അച്ഛരേക്കറോട് അങ്ങനെ പറഞ്ഞപ്പോള്‍ തന്റെ കീശയില്‍ നിന്നും ആയിരം രൂപ എടുത്തു കൈയ്യില്‍ വെച്ചു കൊടുത്തു പറഞ്ഞു .

‘നാളെ മുതല്‍ ഇവന്റെ കാര്യങ്ങള്‍ ഞാന്‍ നോക്കിക്കൊളാം .ഇവന്റെ ശമ്പളം ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചു തരാം.’

ആ കാഴ്ച കണ്ടുനിന്ന കുട്ടിയെയായിരുന്നു അത് ഏറ്റവുമധികം സ്വാധീനിച്ചത്.തന്റെ കഴിവില്‍ കോച്ചിനുള്ള വിശ്വാസം അവന്റെ ആത്മവിശ്വാസം വല്ലാതെ കൂട്ടി .

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിഖ്യാതനായ കോച്ച് രമാകാന്ത് അച്ഛരേക്കറിന്റെ തണലിലും മുന്‍ ഇന്ത്യന്‍ താരം അശോക് മങ്കാദിന്റെ നിര്‍ദ്ദേശങ്ങളും അനുസരിച്ച് മുന്നേറിയ ചന്ദ്രകാന്ത് സീതാറാം ചന്ദ് പണ്ഡിറ്റിന് രാജ്യത്തിനു വേണ്ടി കളിക്കാരനെന്ന നിലയില്‍ വലിയ മുദ്ര പതിപ്പിക്കാന്‍ സാധിച്ചില്ലെങ്കിലും ഇന്ത്യ കണ്ട ഏറ്റവും മികച്ച കോച്ച് എന്ന നിലയില്‍ അദ്ദേഹം സ്വന്തം ഗുരു അച്ഛരേക്കറെ നിരന്തരം ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.

ചന്ദ്രകാന്ത് പണ്ഡിറ്റ് എന്ന മുംബൈയുടെ പഴയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഒരു നിര്‍ഭാഗ്യവാനാണെന്ന് പറയേണ്ടിവരും.ഇന്ത്യക്ക് വേണ്ടി അണ്ടര്‍ 19 തലത്തില്‍ ശ്രീലങ്കക്കെതിരെയും പാകിസ്ഥാനെതിരെയും കളിച്ച താരം , മുംബൈ ,ആസാം , മധ്യപ്രദേശ് എന്നീ ടീമുകളില്‍ വര്‍ഷങ്ങളുടെ ആഭ്യന്തര ക്രിക്കറ്റ് അനുഭവം ,മുംബൈയെയും മധ്യപ്രദേശിനെയും കൂടി 6 വര്‍ഷം നയിച്ച ക്യാപ്റ്റന്‍ ,പ്രതിഭകളുടെ ധാരാളിത്തമുള്ള മുംബൈ സര്‍ക്യൂട്ടില്‍ 1978 ബെസ്റ്റ് ജൂനിയര്‍ ക്രിക്കറ്ററും 1985 ലും 91 ലും ബെസ്റ്റ് സീനിയര്‍ ക്രിക്കറ്ററായും തിരഞ്ഞെടുക്കപ്പെട്ടയാള്‍ . 1986 ബിസിസിഐയുടെ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയ കളിക്കാരന്‍ .

സമകാലികരായ കളിക്കാരില്‍ സ്‌ട്രോക്ക് പ്ലെയറില്‍ മുന്‍പനായ പണ്ഡിറ്റ് വിക്കറ്റ്കീപ്പര്‍ ആയിട്ടു കൂടി ഇതിഹാസങ്ങള്‍ അണി നിരന്ന ഇന്ത്യന്‍ ബാറ്റിങ്ങ് നിരയില്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായി അദ്ദേഹത്തിന് കുറച്ചു മാച്ചുകളെങ്കിലും കളിക്കാന്‍ പറ്റി എന്നത് തന്നെ അദ്ദേഹത്തിന്റെ കഴിവ് എത്ര മാത്രമായിരുന്നു എന്നതിന് ഉദാഹരണമാണ് .

സയ്യിദ് കിര്‍മാണി ഒഴിച്ചു വെച്ച ഗ്ലൗസ് അണിയാന്‍ എണ്‍പതുകളുടെ മധ്യത്തില്‍ ചെറുപ്പക്കാരുടെ ഒരു നിര തന്നെ ഉണ്ടായിരുന്നു . േമാറെയും സദാനന്ദും വിക്കറ്റ് കീപ്പിങ്ങില്‍ മിന്നും പ്രകടനം നടത്തുമ്പോഴും ആകെ കളിച്ച 5 ടെസ്റ്റുകളില്‍ 3 ലും ഒരു സ്പഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു എന്നത് തന്നെയാണ് പണ്ഡിറ്റിനെ വ്യത്യസ്തനാക്കുന്നത് .

മോറെക്ക് പരിക്ക് പറ്റിയത് കൊണ്ട് മാത്രം 2 ടെസ്റ്റുകള്‍ കീപ്പ് ചെയ്യാന്‍ പറ്റിയ അദ്ദേഹം ആ മാച്ചുകളില്‍ 11 ക്യാച്ചുകള്‍ എടുത്ത് വിക്കറ്റിന് പിന്നില്‍ തിളങ്ങിയെങ്കിലും നിര്‍ഭാഗ്യവശാല്‍ ബാറ്റിങ്ങ് മികവ് പുറത്തെടുക്കാന്‍ പറ്റാഞ്ഞത് കാരണം കരിയര്‍ ശുഷ്‌കമായി . എന്നാല്‍ ആക്രമണോത്സുക നിറഞ്ഞ ബാറ്റിംഗ് കൈമുതലായതു കൊണ്ട് ഏകദിന ക്രിക്കറ്റില്‍ കുറച്ചുകാലം അദ്ദേഹത്തിന് ടീമിലെ സ്ഥിരാംഗമാകാന്‍ പറ്റി .

ആഭ്യന്തര ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ടീമായ ബോംബെയുടെ രഞ്ജി ടീമിന് വേണ്ടി 3 റോളുകള്‍ കൈകാര്യം ചെയ്ത അപൂര്‍വത കൂടി പണ്ഡിറ്റിനുണ്ട് . 1982/83ലെ രഞ്ജി ഫൈനലില്‍ ബോംബെ തോറ്റെങ്കിലും പണ്ഡിറ്റിന്റെ ഫൈനലിലെ 157 റണ്‍സ് പ്രകടനം ഏറെ ശ്രദ്ധേയമായി .1985/86 സീസണില്‍ 95 ശരാശിയില്‍ 572 റണ്‍സടിച പണ്ഡിറ്റ് തൊട്ടടുത്ത സീസണില്‍ 74 ശരാശരിയില്‍ 521 റണ്‍സും കണ്ടെത്തിയതോടെ തൊട്ടടുത്ത വര്‍ഷം 1987/88 മുതല്‍ 3 വര്‍ഷക്കാലം ബോംബെയുടെ ക്യാപ്റ്റനായി നിയമിക്കപ്പെടുകയും ചെയ്തു . മധ്യപ്രദേശ് വേണ്ടി 2000- 01 ല്‍ കളിച്ച് പടിയിറങ്ങുമ്പോഴേക്കും 48.57 ശരാശരിയില്‍ 8209 റണ്‍സും 332 ഇരകളെയും അദ്ദേഹം കണ്ടെത്തിയിരുന്നു .

സമകാലികരായ മുംബൈ ബാറ്റ്‌സ്മാന്‍മാരെ അപേക്ഷിച്ച് കോപ്പി ബുക്ക് ടെക്‌നിക്കില്‍ വിശ്വസിക്കാതെ തുടക്കംമുതല്‍ ബൗളര്‍മാര്‍ ആരെന്നു പോലും നോക്കാതെ റണ്ണടിക്കുന്ന വ്യത്യസ്തനായത് കൊണ്ട് തന്നെയാണ് കിരണ്‍ മോറെ വിക്കറ്റ് കീപ്പര്‍ ആയി ഉണ്ടായിരുന്നിട്ടും ചന്ദ്രകാന്ത് പണ്ഡിറ്റ് ഒരു ബാറ്റ്‌സ്മാന്‍ മാത്രമായി ടീമിലെത്തിയതും.

1986 മുതല്‍ 91 വരെ ഇന്റര്‍നാഷണല്‍ മേഖലയില്‍ ഉണ്ടായിരുന്ന പണ്ഡിറ്റ് തന്റെ ആദ്യ ഇന്റര്‍നാഷണല്‍ മാച്ചില്‍ തന്നെ വന്‍ പ്രതീക്ഷകളാണ് നല്‍കിയത്. ന്യൂസിലണ്ടിനെതിരെ ഷാര്‍ജയില്‍ നടന്ന ഏകദിന മത്സരത്തില്‍ വെറും 133 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഇന്ത്യ 6 വിക്കറ്റിന് 81 എന്ന നിലയില്‍ പരാജയം തുറിച്ചുനോക്കുന്ന സമയത്തായിരുന്നു 97 സ്‌ട്രൈക്ക് റേറ്റില്‍ 34 പന്തില്‍ 33 റണ്‍സെടുത്ത് ടീമിന് 3 വിക്കറ്റ് ജയം സമ്മാനിച്ചത്. മറ്റൊരു ഇന്ത്യന്‍ ബാറ്റ്‌സ്മാനും ആ മാച്ചില്‍ 78 ന് മേല്‍ സ്‌ട്രൈക്ക് റേറ്റ് ഉണ്ടായിരുന്നില്ല .

ആ വര്‍ഷം മാത്രം 15 ഏകദിന മത്സരങ്ങള്‍ കളിക്കാന്‍ അവസരം കിട്ടിയപ്പോള്‍ 80 നു മേല്‍ പ്രഹര ശേഷി പുലര്‍ത്തിയെങ്കിലും 20 ശരാശരിയില്‍ മാത്രം ഒതുങ്ങി .പലപ്പോഴും 20 കളും 30 കളും റണ്‍സുമായി തൃപ്തിപ്പെടേണ്ടി വന്നു .

1986 ല്‍ തന്നെ ടെസ്റ്റ് അരങ്ങേറ്റം നടത്തുവാനും പണ്ഡിറ്റിന് പറ്റി. കിരണ്‍ മോറെ വിക്കറ്റ് കീപ്പര്‍ ആയി ടീമിലുള്‍പ്പെട്ടിട്ടും ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനം കണ്ടിട്ട് അദ്ദേഹത്തെ ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍ ആയി ഉള്‍പ്പെടുത്താന്‍ ടീമിനെ പ്രേരിപ്പിച്ചു.

കപില്‍ നായകനായ ടീമില്‍ സുനില്‍ ഗവാസ്‌കര്‍ ,ശ്രീകാന്ത് ,ശാസ്ത്രി ,വെങ്‌സര്‍ക്കര്‍ ,അസ്ഹറുദ്ദീന്‍ തുടങ്ങിയ മഹാരഥന്മാര്‍ക്ക് പിന്നില്‍ 6 ആമനായി ഇറങ്ങിയ പണ്ഡിറ്റ് ആദ്യ ടെസ്റ്റില്‍ 23 ഉം 17 ഉം റണ്‍ നേടി . രണ്ടാമിന്നിങ്‌സില്‍ വെങ്ങ് സര്‍ക്കര്‍ പുറത്താകാതെ 112 റണ്‍സ് അടിച്ചപ്പോള്‍ ഇന്ത്യ ഹെഡിങ്ങ്‌ലിയിലെ രണ്ടാം ടെസ്റ്റില്‍ 279 റണ്‍സിന്റെ വമ്പന്‍ വിജയംനേടി. പരമ്പര ഇന്ത്യ 2-0 ന് ജയിച്ചു .

മൂന്നുമാസത്തിനുശേഷം ആസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന പണ്ഡിറ്റിന്റെ രണ്ടാം ടെസ്റ്റ് ചരിത്രത്തിന്റെ ഭാഗമായി . ചെപ്പോക്കിലെ ടൈ ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ വിജയത്തിന് തൊട്ടടുത്തെത്തിയതായിരുന്നു . തുടരെ വിക്ക്റ്റ് നഷ്ടപ്പെട്ട സമയത്ത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയത് അഞ്ചാമനായി 37 പന്തില്‍ 39 റണ്‍സടിച്ച പണ്ഡിറ്റ് ആയിരുന്നു .ശാസ്ത്രിക്കൊപ്പം പണ്ഡിറ്റ് കുറച്ചു നേരം കൂടി നില്‍ക്കാന്‍ പറ്റിയെങ്കില്‍ ഇന്ത്യ ചരിത്ര വിജയം നേടുന്നതിനൊപ്പം പണ്ഡിറ്റിന്റെ തലവര കൂടി മാറുമായിരുന്നു. ആദ്യ ഇന്നിങ്ങ്‌സിലും 57 പന്തില്‍ 35 റണ്‍സ് നേടി പണ്ഡിറ്റ് മോശമല്ലാത്ത പ്രകടനം നടത്തിയപ്പോള്‍ സ്വതവേ മികച്ച ബാറ്റ്‌സ്മാനായ മോറെ 10 ആം നമ്പറിലാണ് ബാറ്റിങ്ങിനിറങ്ങിയത് .

ദില്ലിയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ 5 ആമനായി ഇറങ്ങി വെങ്ങ്‌സര്‍ക്കര്‍ക്കൊപ്പം 34 പന്തില്‍ പുറത്താകാതെ 26 റണ്‍സുമായി പണ്ഡിറ്റിന് നല്ല തുടക്കം കിട്ടിയെങ്കിലും പക്ഷെ മഴ ചതിച്ചു .അതോടെ 3 ടെസ്റ്റില്‍ അക്കാലഘട്ടത്തിലെ അപൂര്‍വമായ 76 സ്‌ട്രൈക് റേറ്റില്‍ 35 എന്ന നല്ല ആവറേജ് ഉണ്ടായിട്ടും പണ്ഡിറ്റ് ടെസ്റ്റ് ടീമില്‍ നിന്നും പുറത്തായി.

അഞ്ചു വര്‍ഷത്തിനുശേഷം 1992 ല്‍ കിരണ്‍ മോറെക്ക് പരിക്ക് പറ്റിയപ്പോഴാണ് സിഡ്‌നിയിലെ മൂന്നാം ടെസ്റ്റില്‍ പിന്നീട് ഒരു ടെസ്റ്റ് അവസരം അദ്ദേഹത്തിന് ഒരവസരം ലഭിച്ചത്.ആദ്യ ഇന്നിങ്‌സില്‍ 9 റണ്‍സിന് റണ്ണൗട്ടായപ്പോള്‍ സമനിലയില്‍ പിരിഞ്ഞ മാച്ചിലെ രണ്ടാം ഇന്നിങ്ങ്‌സില്‍ ബാറ്റ് ചെയ്യാന്‍ അവസരമേ ലഭിച്ചില്ല . അഡലെയ്ഡിലെ നാലാം ടെസ്റ്റില്‍ പതിനഞ്ചും ഏഴും റണ്‍ നേടിയപ്പോള്‍ ഇന്ത്യ 38 റണ്‍സിന് മാച്ച് പരാജയപ്പെട്ടു .പക്ഷെ 135 റണ്‍സടിച്ച ഡേവിഡ് ബൂണ്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പന്ത് ലെഗ് സൈഡില്‍ കളിച്ചത് ഓടിയെടുത്ത് നോണ്‍ സ്‌ട്രൈക് എന്‍ഡിലേക്കെറിഞ്ഞ് അപ്രതീക്ഷിതമായി റണ്ണൗട്ടാക്കിയ പണ്ഡിറ്റിന്റെ ത്രോ കളി കണ്ടവരാരും മറക്കില്ല .

ടെസ്റ്റ് കരിയര്‍ ശുഷ്‌കമാണെങ്കിലും പണ്ഡിറ്റിന് അത്യാവശ്യം ഏകദിന മാച്ചുകള്‍ കളിയ്ക്കാന്‍ പറ്റി. 1986 ല്‍ 15 ഉം 87ല്‍ 9 ഉം 88 ല്‍ 7 ഉം 91, 92 വര്‍ഷങ്ങളില്‍ 5 ഉം അടക്കം ആകെ 36 മത്സരങ്ങള്‍ .പക്ഷെ എടുത്ത് പറയാന്‍ പറ്റിയ ഇന്നിങ്ങ്‌സുകള്‍ ഇല്ലാതെ പോയത് തിരിച്ചടിയായി .

വളരെ കുറച്ചു അന്താരാഷ്ട്ര മത്സരങ്ങളേ കളിച്ചുവെങ്കിലും അതിനിടയില്‍ ഒരു ലോകറെക്കോഡ് നേടാന്‍ പണ്ഡിറ്റിന് പറ്റി .ഒരു ഏകദിന പരമ്പരയില്‍ ആറോ അതില്‍കൂടുതലോ സ്റ്റമ്പിങ് നടത്തിയ ആറു വിക്കറ്റ് കീപ്പര്‍ മാത്രമേ ലോകത്തുള്ളൂ . അതില്‍ 4 പേരും ഇന്ത്യക്കാരാണ് .അതിലൊരാള്‍ പണ്ഡിറ്റാണ് .

1986 ല്‍ ആസ്‌ട്രേലിയക്കെതിരായ സീരീസാലായിരുന്നു ആ നേട്ടം .അക്കാലഘട്ടത്തില്‍ മോറെക്ക് മാത്രം സ്വന്തമായ ലോക റെക്കോര്‍ഡിനൊപ്പമാണ് പണ്ഡിറ്റ് എത്തിയത് .1986 ല്‍ ചേതന്‍ ശര്‍മ്മയുടെ പന്തില്‍ മിയാന്‍ദാദിന്റെ പ്രശസ്തമായ സിക്‌സര്‍ പിറക്കുമ്പോള്‍ വിക്കറ്റിന് പിറകില്‍ നിന്നിരുന്ന പണ്ഡിറ്റിന്റെ കരിയറിലെ ഏറ്റവും വേദന നിറഞ്ഞ നിമിഷവും അതായിരുന്നു 1987 വേള്‍ഡ് കപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെട്ട പണ്ഡിറ്റിന് സെമി ഫൈനലില്‍ വെങ്ങ്‌സര്‍ക്ക് പരിക്കേറ്റതിനാല്‍ തന്റെ സ്വന്തം ഗ്രൗണ്ടായ മുംബൈയില്‍ കളിക്കാന്‍ അവസരം കിട്ടിയെങ്കിലും മത്സരം ഇന്ത്യ തോറ്റത് ദു:ഖകരമായി .

റിട്ടയര്‍ ചെയ്തതിനു ശേഷം പണ്ഡിറ്റ് ഇന്ത്യയില്‍ അറിയപ്പെടുന്ന ഏറ്റവും മികച്ച പരിശീലകരില്‍ ഒരാളായി. ഒരുപാട് വര്‍ഷങ്ങള്‍ താന്‍ കളിച്ച മുംബൈയെ കോച്ചിന്റെ റോളില്‍ 2003 ,04 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി വിജയങ്ങളില്‍ എത്തിച്ചു .പണ്ഡിറ്റിനെ ഏറ്റവും ശ്രദ്ധേയമാക്കിയത് താഴെത്തട്ടില്‍ നില്‍ക്കുന്ന ടീമുകളെ ഉയര്‍ത്തിക്കൊണ്ടു വരുന്ന കഴിവാണ്.

2014/15 ലും 15/16 ലും ക്വാര്‍ട്ടര്‍ ഫൈനല്‍ എത്തിയത് മാത്രം അവകാശപ്പെടാനുണ്ടായ ദുര്‍ബലരായ വിദര്‍ഭയെ 2017/18, 2018/19 വര്‍ഷം തുടര്‍ച്ചയായി ചാമ്പ്യന്‍മാരാക്കിയപ്പോള്‍ ക്രിക്കറ്റ് ലോകം ഞെട്ടി .അതിനേക്കാള്‍ അത്ഭുതം സീസണില്‍ 22 മേച്ചില്‍ ഒന്നില്‍ പോലും അവര്‍ തോറ്റിട്ടില്ല എന്നതായിരുന്നു .അന്ന് ടീമിലെ പ്രമുഖനായ വസിം ജാഫര്‍ പറഞ്ഞത് ഈ ടീമിന് മറ്റേത് ടീമിനെയും തോല്‍പ്പിക്കാന്‍ പറ്റുമെന്ന വിശ്വാസം ഉണ്ടാക്കാന്‍ പണ്ഡിറ്റിന് കഴിഞ്ഞു എന്നാണ് .

ഒരു ഘട്ടത്തില്‍ പണ്ഡിറ്റിന്റെ പരിശീലനത്തില്‍ ടീമുകള്‍ തുടര്‍ച്ചയായി 5 രഞ്ജി ട്രോഫി ഫൈനലുകള്‍ കളിച്ചപ്പോള്‍ നാലിലും കപ്പ് നേടിയ പാരമ്പര്യവും അദ്ദേഹത്തിന് ഉണ്ട്. 2 തവണ കളിക്കാരനായും 6 തവണ കോച്ചായും അടക്കം 8 രഞ്ജി കിരീടങ്ങള്‍ കര്‍ശനക്കാരനായ ആ കോച്ചിന്റെ ഷോക്കേസില്‍ ഉണ്ട്.

മുംബെയുടേയും മധ്യപ്രദേശിന്റെയും കോച്ച് ആയ അദ്ദേഹം 2013-15 സീസണില്‍ കേരളത്തെയും പരിശീലിപ്പിച്ചു . ജൂനിയര്‍ ടീം സെലക്ഷന്‍ കമ്മറ്റി അംഗവും അണ്ടര്‍ 19 വേള്‍ഡ് കപ്പ് കോച്ചിന്റെ റോളിലും അദ്ദേഹം തിളങ്ങി .

ആഭ്യന്തരക്രിക്കറ്റിലെ ഏറ്റവും മികച്ച താരമായ വസീം ജാഫര്‍ തെരഞ്ഞെടുത്ത മുംബൈയുടെ ഗവാസ്‌കര്‍ ,രോഹിത്ത് ,വെങ്ങ് സര്‍ക്കര്‍ ,സച്ചിന്‍ ,കാംബ്‌ളി ,എന്നിവര്‍ ഉള്‍പ്പെട്ട ഡ്രീം ഇലവന്റെ വിക്കറ്റ് കീപ്പര്‍ ആയി അദ്ദേഹം തെരഞ്ഞെടുത്തത് പണ്ഡിറ്റിനെ ആയിരുന്നു . ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വളര്‍ച്ച 12 വയസ്സ് മുതല്‍ അടുത്ത് നിന്നും കണ്ട അദ്ദേഹം സച്ചിനുമായി അഭേദ്യബന്ധം സൂക്ഷിക്കുന്നുമുണ്ട് .

സമകാലികനായ കിരണ്‍ മോറെയുമായി ടീം സെലക്ഷനില്‍ കടുത്ത പോരാട്ടം ഉണ്ടായിരുന്നുവെങ്കിലും ഇരുവരും അടുത്ത സുഹൃദ് ബന്ധം സൂക്ഷിച്ചിരുന്നു . രൂപ സാദൃശ്യത്തിലും ഇവര്‍ ഒരു പോലെ തോന്നിപ്പിച്ചിരുന്നു .

ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ തിളങ്ങാനുള്ള ശേഷി ഉണ്ടായിരുന്നെങ്കിലും ഭാഗ്യം തുണക്കാതെ പോയ പണ്ഡിറ്റിനെ പക്ഷെ ഫസ്റ്റ് ക്‌ളാസ് ,ലിസ്റ്റ് എ മത്സരങ്ങളില്‍ 22 സെഞ്ചുറികളും 56 അര്‍ധ സെഞ്ചുറികളും അടക്കം നേടിയ 10,000 ത്തിലധികം റണ്‍സുകളും 419 പുറത്താക്കലകളും ആഭ്യന്തര ക്രിക്കറ്റിലെ ഒഴിവാക്കാന്‍ പാടില്ലാത്ത പേരാക്കി മാറ്റുന്നു .

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like