ചാമ്പ്യന്‍സ് ട്രോഫി, ഇന്ത്യ ഫൈനലിലെത്തിയാല്‍ മത്സരം ദുബൈയില്‍

Image 3
CricketCricket NewsFeatured

പാകിസ്താനില്‍ നടക്കാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മത്സരങ്ങളുടെ വേദിയില്‍ മാറ്റം വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ ഫൈനലില്‍ എത്തിയാല്‍ മത്സരം ദുബായിലേക്ക് മാറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഫൈനലില്‍ ഇന്ത്യ എത്തിയില്ലെങ്കില്‍ നേരത്തെ നിശ്ചയിച്ചതുപോലെ ലാഹോറില്‍ തന്നെയായിരിക്കും കലാശപ്പോര്. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 9 വരെയാണ് ചാംപ്യന്‍സ് ട്രോഫി നടക്കുക.

ടൂര്‍ണമെന്റ് പാകിസ്താനില്‍ നടക്കുന്നതിനാല്‍ ഇന്ത്യയുടെ പങ്കാളിത്തത്തെച്ചൊല്ലി നേരത്തെ തന്നെ ആശങ്കകള്‍ ഉയര്‍ന്നിരുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളാണ് ഇന്ത്യ പാകിസ്താനിലേക്ക് യാത്ര ചെയ്യാതിരിക്കാനുള്ള കാരണം. 2008-ലെ ഏഷ്യാ കപ്പിലാണ് ഇന്ത്യ അവസാനമായി പാകിസ്താനില്‍ ക്രിക്കറ്റ് കളിച്ചത്.

പാകിസ്താന്‍, ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ് എന്നിവയ്ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ടൂര്‍ണമെന്റിലെ ഏറ്റവും വരുമാനമുള്ള മത്സരമായ ഇന്ത്യയ്ക്കെതിരായ മത്സരത്തിനായി പാകിസ്താന്‍ മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യേണ്ടി വന്നേക്കാം. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ഒരു വേദിയില്‍ നടത്താമെന്ന് പാകിസ്താന്‍ നേരത്തെ പറഞ്ഞിരുന്നുവെങ്കിലും വേദി മാറ്റമാണ് ബിസിസിഐ ആഗ്രഹിക്കുന്നതെന്നാണ് സൂചന.