ഒബമയാങും പുറത്തേക്ക്; ചാമ്പ്യന്‍സ് ലീഗ് ലക്ഷ്യമിട്ട് അടിമുടി മാറ്റവുമായി ചെല്‍സി

ലണ്ടന്‍: ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ റെക്കോര്‍ഡ് തുകക്ക് അര്‍ജന്റീനന്‍ യുവതാരം എന്‍സോ ഫെര്‍ണാണ്ടസ് ഉള്‍പ്പെടെയുള്ളവരെ ടീമിലെത്തിച്ച ചെല്‍സി ചാമ്പ്യന്‍സ് ലീഗ് ലക്ഷ്യമിട്ട് അടിമുടി മാറ്റത്തിനൊരുങ്ങുന്നു. നോക്കൗട്ട് റൗണ്ടില്‍ ജര്‍മ്മന്‍ക്ലബ് ബൊറൂസിയാ ഡോര്‍ട്ട്മുണ്ടിനെ നേരിടാനൊരുങ്ങുന്ന നീലപട താരങ്ങളെ മാറ്റി പരീക്ഷിക്കുകയാണ്. പ്രീമിയര്‍ലീഗില്‍ തട്ടിപ്പടയുകയാണെങ്കിലും ചാമ്പ്യന്‍സ് ലീഗില്‍ തിരിച്ചുവരാനാകുമെന്നാണ് ടീം പ്രതീക്ഷ. എന്‍സോ ഫെര്‍ണാണ്ടസ്, ജാവോ ഫെലിക്സ്, മുഡ്രിക് എന്നിവരെ ക്ലബ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുന്നതിനായി സ്‌ട്രൈക്കര്‍ ഔബമയാങിനെ ചാമ്പ്യന്‍സ് ലീഗ് ടീംസ്‌ക്വാര്‍ഡില്‍ നിന്ന് ഒഴിവാക്കി.


ഈ സീസണിന്റെ തുടക്കത്തില്‍ ബാഴ്സലോണയില്‍ നിന്ന് ചെല്‍സിയിലെത്തിയ ഔബമയോങ് ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ ആറ് മത്സരങ്ങളില്‍ രണ്ട് ഗോള്‍ നേടിയിരുന്നു. എന്നാല്‍ സമീപകാലത്ത് പ്രീമിയര്‍ലീഗിലടക്കം മോശം കളി പുറത്തെടുത്തതാണ് 33കാരനെ പുറത്തിരുത്താന്‍ ചെല്‍സിയെ പ്രേരിപ്പിച്ചത്. അതേസമയം, ട്രാന്‍സ്ഫര്‍ വിപണിയില്‍ നേടിയ താരങ്ങളെയടക്കം ഉള്‍പ്പെടുത്തിയിട്ടും ഫുള്‍ഹാമിനെതിരെ വിജയംനേടാനാവാത്തത് ടീമിന് തിരിച്ചടിയാണ്. 1077 കോടി മുടക്കി എത്തിച്ച എന്‍സോ ഫെര്‍ണാണ്ടസ് മുഴുവന്‍സമയവും കളത്തിലുണ്ടായിരുന്നു. മുപ്പത് പോയിന്റുമായി ലീഗില്‍ ഒമ്പതാം സ്ഥാനത്താണ് ചെല്‍സി.


അതേസമയം, ഒന്നാം സ്ഥാനക്കാരായ ആഴ്സനല്‍ ലീഗിലെ രണ്ടാം തോല്‍വി നേരിട്ടു. എവട്ടണ്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ആഴ്സനലിനെ തോല്‍പ്പിച്ചത്. ജെയിംസ് തര്‍കോവ്സ്‌കി നേടിയ ഏക ഗോളിനായിരുന്നു ആഴ്സനലിന്റെ തോല്‍വി. ലീഗില്‍ മൈക്കല്‍ അര്‍ട്ടേറ്റയുടെയും സംഘത്തിന്റേയും രണ്ടാമത്തെ മാത്രം തോല്‍വിയാണിത്. ജയത്തോടെ എവര്‍ട്ടണ്‍ തരംതാഴ്ത്തല്‍ മേഖലയില്‍ നിന്ന് പുറത്തുചാടി. ഇപ്പോള്‍ 17-ാം സ്ഥാനത്താണ് എവര്‍ട്ടണ്‍. 21 മത്സരങ്ങളില്‍ 18 പോയിന്റാണ് സമ്പാദ്യം. എവേ മത്സരത്തില്‍ തുടര്‍ തോല്‍വികളുമായി മോശം ഫോംതുടരുന്ന ലിവര്‍പൂളും ശനിയാഴ്ച തോല്‍വിയേറ്റുവാങ്ങി. വോള്‍വ്‌സാണ് മുന്‍ ചാമ്പ്യന്‍മാരെ ഏകപക്ഷീയമായ മൂന്ന് ഗോളിന് തോല്‍പിച്ചത്.

മുഹമ്മദ് സല, കോവി ഗാപ്‌കോ, ഡാര്‍വിന്‍ ന്യൂയിനിസ് ഉള്‍പ്പെടെ മുന്നേറ്റനിരയിലെ മുഴുവന്‍താരങ്ങളുമിറങ്ങിയിട്ടും ഗോള്‍നേടാന്‍ ചെമ്പടക്കായില്ല. ക്രിസ്റ്റല്‍ പാലസ് വെല്ലുവിളി മറികടന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീമിയര്‍ലീഗില്‍ വിജയം തുടര്‍ന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് വിജയം. ബ്രൂണോ ഫെര്‍ണാണ്ടസ് ഏഴാംമിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ലക്ഷ്യംകണ്ടു. 62ാം മിനിറ്റില്‍ റാഷ്‌ഫോര്‍ഡും വലകുലുക്കി. ജെഫി ഷെല്‍പ് പാലസിനായി ആശ്വാസഗോള്‍നേടി. 70ാം മിനിറ്റില്‍ കളിക്കളത്തിലെ കൈയാംകളിയില്‍ ബ്രസീല്‍ മധ്യനിരതാരം കാസമിറോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയത് യുണൈറ്റഡിന് തിരിച്ചടിയായി.

You Might Also Like