മൈതാനത്തും പുറത്തും നെയ്മർക്കെതിരെ രൂക്ഷവിമർശനവുമായി സെൽറ്റിക് പരിശീലകൻ

Image 3
FeaturedFootball

ചാമ്പ്യൻസ് ലീഗിനുള്ള പിഎസ്ജിയുടെ തയ്യാറെടുപ്പുകളുടെ ഭാഗമായി ഇന്നലെ സെൽറ്റികുമായുള്ള മത്സരത്തിൽ തകർപ്പൻ വിജയമാണ് ഫ്രഞ്ച് ക്ലബ് സ്വന്തമാക്കിയത്. എതിരില്ലാത്ത നാലു ഗോളുകൾക്ക് സ്കോട്ടിഷ് ക്ലബിനെ തകർത്ത പിഎസ്ജി മൂന്നാം സൗഹൃദ മത്സരത്തിലും തകർപ്പൻ ജയമാണു സ്വന്തമാക്കിയത്. ബ്രസീലിയൻ താരം നെയ്മർ മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും സെൽറ്റിക് പരിശീലകൻ നീൽ ജോൺസൺ അദ്ദേഹത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.

“എതിരാളികളെ പ്രകോപിപ്പിക്കുന്നതിലാണ് നെയ്മറുടെ സന്തോഷം. താൻ മറ്റുള്ളവരെ രോഷാകുലനാക്കാൻ ശ്രമിക്കുന്നുവെന്ന് അദ്ദേഹത്തിനുമറിയാം. എന്നാൽ നെയ്മറുടെ വൃത്തികെട്ട കെണികളിൽ വീഴരുതെന്നും അച്ചടക്കത്തോടെ കളിക്കാനുമാണ് ഞാൻ കളിക്കാരോട് പറഞ്ഞത്. അവരതു പാലിച്ചു.”

“എംബാപ്പെ ഞാൻ ആരാധിക്കുന്ന താരമാണ്. കളിക്കളത്തിൽ അദ്ദേഹം കാണിക്കുന്ന മികവും വേഗതയും അത്ഭുതപ്പെടുത്തുന്നതാണ്. ലോകോത്തര നിലവാരമുള്ള താരങ്ങളെ അവർക്ക് എല്ലായിടത്തും ലഭിച്ചിരിക്കുന്നു. അതു കൊണ്ടു തന്നെ തോൽവിയിലും നിരാശപ്പെടാനില്ല.” ഡെയ്ലി റെക്കോർഡിനോട് നീൽ ജോൺസൻ പറഞ്ഞു.

മത്സരത്തിൽ നെയ്മറും എംബാപ്പെയും ഗോളുകൾ നേടിയിരുന്നു. കളിക്കിടെ ബ്രസീലിയൻ താരവും സെൽറ്റിക് പരിശീലകനും തമ്മിൽ ചില ഉരസലുകൾ ഉണ്ടാവുകയും ചെയ്തു. ചാമ്പ്യൻസ് ലീഗിനുള്ള തയ്യാറെടുപ്പുകൾ ഗംഭീരമായി പൂർത്തിയാക്കുന്ന പിഎസ്ജി മൂന്നു സൗഹൃദ മത്സരത്തിൽ നിന്നും ഇരുപതു ഗോളുകളാണ് അടിച്ചു കൂട്ടിയത്.