സീനിയര്‍ താരങ്ങലെല്ലാം പുറത്ത്, വമ്പന്‍ മാറ്റങ്ങളുമായി ഇന്ത്യയുടെ ടെസ്റ്റ് ടീം പ്രഖ്യാപിച്ചു

Image 3
CricketTeam India

സീനിയര്‍ താരങ്ങളെയെല്ലാം പുറത്താക്കി ശ്രീലങ്കയ്‌ക്കെതിരെയുളള ഇന്ത്യയുടെ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. പുതിയ ടെസ്റ്റ് നായകന്‍ രോഹിത്ത് ശര്‍മ്മയുടെ നേതൃത്വത്തിലുളള 18 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജസ്പ്രിത് ഭുംറയാണ് പുതിയ ഉപനായകന്‍.

അജിങ്ക രഹാന, ചേതേശ്വര്‍ പൂജാര, വൃദ്ധിമാന്‍ സാഹ, ഇഷാന്ത് ശര്‍മ്മ എന്നിവരെല്ലാം ടീമില്‍ നിന്നും പുറത്തായി. പരിക്കേറ്റതിനാല്‍ കെഎല്‍ രാഹുലും വീഷിംഗ്ടണ്‍ സുന്ദറും ടീമില്‍ ഇടംപിടിച്ചില്ല.

യുവബാറ്റ്‌സ്മാന്‍ പ്രിയങ്ക് പാഞ്ചാല്‍, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കെഎസ് ഭരത്, ബൗളര്‍ സൗരഭ് കുമാര്‍ എന്നിവരാണ് പുതുമുഖങ്ങള്‍. ടി20 പരമ്പരയില്‍ വിശ്രമം അനുവദിച്ച കോഹ്ലിയും റിഷഭ് പന്തും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.

രോഹിത്ത് ശര്‍മ്മ, വിരാട് കോഹ്ലി, മായങ്ക് അഗര്‍വാള്‍, പ്രിയങ്ക് പാഞ്ചാല്‍, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് ബാറ്റ്‌സ്മാന്‍മാര്‍. രവീന്ദ്ര ജഡേജയും രവിചന്ദ്ര അശ്വിനും ആണ് ടീമിലെ ഓള്‍റൗണ്ടര്‍മാര്‍. പന്തും കെഎസ് ഭരതും വിക്കറ്റ് കീപ്പര്‍മാരായും ടീമിലുണ്ട്.

ജസ്പ്രിത് ഭുംറ, ജയന്ത് യാദവ്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേശ് യാദവ്, സൗരഭ് കുമാര്‍ എന്നിവരാണ് ഇന്ത്യയുടെ ബൗളര്‍മാര്‍.

രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിലുളളത്. മാര്‍ച്ച് നാലിന് മൊഹാലിയിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് മാര്‍ച്ച് 12ന് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കും.