പിഎസ്‌ജി വിട്ടതിനു ശേഷം ഫുട്ബോൾ തന്നെ നിർത്താൻ തീരുമാനിച്ചിരുന്നു, കാരണം വെളിപ്പെടുത്തി എഡിൻസൺ കവാനി

Image 3
EPLFeaturedFootball

മുപ്പത്തിമൂന്നുകാരൻ ഉറുഗ്വായൻ സൂപ്പർതാരം എഡിൻസൺ കവാനി മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയിരിക്കുകയാണ്‌. പിഎസ്‌ജിയിൽ നിന്നും മാസങ്ങൾക്കു മുമ്പേ ഫ്രീ ഏജന്റായി കരാർ അവസാനിപ്പിച്ചതോടെ നിരവധി ക്ലബ്ബുകൾ താരത്തിനു പിറകെയുണ്ടായിരുന്നു. എന്നാൽ ട്രാൻസ്ഫർ ജാലകം അടക്കുന്ന ദിവസമായ ഒക്ടോബർ 5നു തന്നെ യുണൈറ്റഡ് കവാനിയുമായി കരാറിലെത്തുകയായിരുന്നു.

എന്നാൽ പിഎസ്‌ജിയിൽ നിന്നും ഫ്രീ ഏജന്റായതിനു ശേഷം ഫുട്ബോൾ തന്നെ അവസാനിപ്പിച്ചാലോയെന്നു ചിന്തിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്. കോവിഡ് പിടിപെട്ടു താരവും താരത്തിന്റെ കാമുകിയും പോരാടിയതാണ് അങ്ങനെ അദ്ദേഹത്തെ ചിന്തിപ്പിച്ചത്.

“കുടുംബത്തിന്റെ ആരോഗ്യമാണ് വലുത്. തീർച്ചയായും ഞാൻ ഫുട്ബോൾ നിർത്താൻ പദ്ധതിയിട്ടിരുന്നു. കളി നിർത്തി എന്റെ ജീവിതവുമായി നാട്ടിൽ കഴിഞ്ഞുകൂടാനുള്ള തീരുമാനത്തിലായിരുന്നു. കൊറോണമൂലം ഞാനും എന്റെ ഫാമിലിയും എന്റെ കാമുകിയും ഒരുപാട് അനുഭവിച്ചു. അതുയർത്തിയ ഭയം വളരെ മോശമായിരുന്നുവെന്നു തന്നെ സത്യത്തിൽ പറയാം. ഞങ്ങൾ അതിനെ മറികടന്നതിനു ദൈവത്തിനു നന്ദി പറയുന്നു. ഒടുവിൽ ഇവിടെയെത്തി നിൽക്കുന്നു.” കവാനി അർജന്റൈൻ റേഡിയോ പ്രോഗ്രാമായ ഡോസ് ഡി പുന്റയിൽ വെളിപ്പെടുത്തി.

പത്തുവർഷത്തെ പിഎസ്‌ജി കരിയറിന് ശേഷമാണ് കവാനി ഫ്രീ ഏജന്റായി മാറുന്നത്. യുണൈറ്റഡിൽ വർഷത്തിൽ 11മില്യൺ യൂറോ വേതനവും 4 മില്യൺ ബോണസായും പ്രകടനത്തിനനുസരിച്ച് 2 മില്യൺ അധികവേതനവും താരത്തിനു ലഭിച്ചേക്കും.നിലവിൽ ക്വാറന്റൈനിൽ തുടരുകയാണ് താരം.