ഇരട്ടഗോൾ പ്രകടനം, അഭിനന്ദനത്തിന് വംശീയത കലർന്ന മറുപടി, കാവാനിക്കെതിരെ അന്വേഷണം ആരംഭിച്ച്‌ എഫ്എ

സോഷ്യൽ മീഡിയയിലൂടെ വംശീയമായി പോസ്റ്റിട്ടതിനു  മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർതാരം എഡിൻസൺ കവാനിക്കെതിരെ  അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്  ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ. പോസ്റ്റ് ഇട്ടതിനു കുറച്ചു സമയത്തിനു ശേഷം  കവാനി ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. സതാംപ്ടനെതിരായ ഇരട്ട ഗോൾ പ്രകടനത്തിനു ലഭിച്ച അഭിനന്ദന പോസ്റ്റിനു കൊടുത്ത മറുപടി പോസ്റ്റാണ് അന്വേഷണത്തിന് വഴിയൊരുക്കിയിരിക്കുന്നത്.

സ്പാനിഷിൽ കറുത്തവർഗക്കാരെ വിളിക്കുന്ന വാക്കായ “നെഗ്രിറ്റോ” എന്ന പദം പോസ്റ്റിൽ ഉൾപ്പെടുത്തിയതിനാണ് കവാനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ സൗത്തമേരിക്കയിൽ ആ വാക്കിന് മറ്റൊരു അർത്ഥതലമാണുള്ളതെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് കവാനിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. സൗത്തമേരിക്കയിൽ സ്നേഹത്തോടെ വിളിക്കുന്ന ഒരു പദമാണിതെന്നാണ് യുണൈറ്റഡ് ചൂണ്ടിക്കാണിക്കുന്നത്.

ഇതിനു സമാനമായ കേസാണ് മാഞ്ചസ്റ്റർ സിറ്റി താരമായ ബെർണാഡോ സിൽവക്കുമെതിരെ ഉയർന്നു വന്നത്. സഹതാരം ബെഞ്ചമിൻ മെൻഡിയെ സോഷ്യൽ മീഡിയയിൽ കറുത്ത കാർട്ടൂൺ ഉപയോഗിച്ച് കളിയാക്കിയതിനാണ് വംശീയതക്ക് അന്വേഷണമുണ്ടായത്. എന്നാൽ ഇരുവരും മാഞ്ചസ്റ്റർ സിറ്റി കുടുംബത്തിലെ മികച്ച സുഹൃത്തുക്കളായിരുന്നുവെന്നതാണ് വസ്തുത.

വംശീയവിരുദ്ധതനിറഞ്ഞതും വിവേചനപൂർണവുമായ ഭാഷ കളിക്കളത്തിൽ ഉപയോഗിക്കുന്നതിനെതിരെ ശക്തമായ നടപടികളാണ് ഫുട്ബോൾ അസോസിയേഷൻ മുന്നോട്ടുവെക്കുന്നത്. തെളിഞ്ഞാൽ മൂന്നു മത്സരങ്ങൾ വരെ വിലക്കു ലഭിച്ചേക്കുമെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാൽ ഇത് കളിക്കളത്തിനു പുറത്തു നടന്ന സംഭവമായതിനാലും പോസ്റ്റ് പെട്ടെന്നു തന്നെ നീക്കം ചെയ്തതിനാലും പിഴയിൽ ഒതുങ്ങിത്തീരാനാണ് സാധ്യത കാണുന്നത്.

You Might Also Like