ഏഴാം നമ്പർ ശാപംമൊന്നും പ്രശ്നമല്ല, വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നു എഡിൻസൺ കവാനി

പിഎസ്‌ജിയിൽ നിന്നും ഫ്രീ ട്രാൻസ്ഫറിലാണ് സൂപ്പർതാരം എഡിൻസൺ കവാനി ഓൾഡ് ട്രാഫോഡിലേക്ക് ചേക്കേറിയത്. പിഎസ്‌ജി സഹതാരം ആൻഡർ ഹെരേര തന്നെ ഈ തീരുമാനമെടുക്കാൻ സഹായിച്ചുവെന്നു അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. യുണൈറ്റഡ് ഇതിഹാസങ്ങളായ ജോർജ് ബെസ്റ്റ്, എറിക് കണ്ടോണ, ഡേവിഡ് ബെക്കാം, ക്രിസ്ത്യാനോ റൊണാൾഡോ എന്നിവരുടെ കാലടികൾ പിന്തുടർന്ന് ഏഴാം നമ്പർ ജേഴ്സിയാണ് താരത്തിനു നൽകിയിരിക്കുന്നത്.

എന്നാൽ റൊണാൾഡോ പോയതിനു ശേഷം ആ നമ്പറിൽ മികച്ച പ്രകടനം നടത്താൻ ആർക്കും സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. അവസാനമായി ആ നമ്പറിൽ മോശം പ്രകടനം കാഴ്ചവെച്ച സൂപ്പർതാരം അലക്സിസ് സാഞ്ചസിൽ നിന്നാണ് ഏഴാം നമ്പർ കവാനിക്ക് കൈമാറുന്നത്. എന്നാൽ ഈ ഏഴാം നമ്പർ ശാപമൊന്നും കവാനിക്ക് പ്രശ്നമല്ലെന്നാണ് നമ്പറിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണത്തിൽ നിന്നും വ്യക്തമാവുന്നത്.

“ഇതൊരു മികച്ച വെല്ലുവിളിയും ഉത്തരവാദിത്തവുമാണ്. അത് ഞാൻ മികച്ച മനക്കരുത്തോടെ ഏറ്റെടുക്കുകയാണ്. നിങ്ങൾ ചൂണ്ടിക്കാണിച്ച പേരുകൾ ആ നമ്പർ വിട്ടുപോയതുപോലെ പോവാൻ ഞാൻ എന്റെ കഴിവിന്റെ പരമാവധി പ്രകടനം കാഴ്ചവെക്കാൻ പരിശ്രമിക്കും. ഇതൊരു മികച്ച നമ്പർ തന്നെയാണ്. എന്നാൽ ഞാൻ വിശ്വസിക്കുന്നത് നിങ്ങൾ ധരിക്കുന്ന നമ്പർ കളിക്കളത്തിൽ പ്രഭാവമുള്ള ഒന്നല്ലെന്നതാണ്. “

“നിങ്ങൾ കളിക്കളത്തിലിറങ്ങിയാൽ നമ്പറിന് കളിയിൽ യാതൊരു സ്വാധീനവുമില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇതിഹാസങ്ങൾ ധരിച്ച ഏഴാം നമ്പർ അണിയുകയെന്നത് വലിയ ഉത്തരവാദിത്തമാണ് നൽകുന്നത്. വെല്ലുവിളികൾ ഞാൻ ആസ്വദിക്കാറുണ്ട്. എന്നാൽ ഇക്കാര്യം അതിന്റെ നീതിയോടെ ചെയ്യാനാവുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ” കവാനി വ്യക്തമാക്കി.

You Might Also Like