സിദാൻ ഒഴിവാക്കിയ ബേലിന് റയൽ താരങ്ങളുടെ പിന്തുണ

Image 3
FeaturedFootball

റയൽ മാഡ്രിഡ് ടീമിൽ നിന്നും സ്ഥിരമായി തഴയപ്പെടുകയാണെങ്കിലും ക്ലബ് നേതൃത്വത്തിന്റെയും പരിശീലകൻ സിദാന്റെയും പിന്തുണയില്ലെങ്കിലും ഗരത് ബേൽ ക്ലബിന് വളരെ പ്രാധാന്യം നിറഞ്ഞ കളിക്കാരനാണെന്ന് മധ്യനിരതാരം കസമീറോ. ഈ സീസണു ശേഷം ബേൽ ക്ലബ് വിടാൻ സാധ്യതയുണ്ടെന്നിരിക്കെ ആരാധകർക്കടക്കം അപ്രിയനായ താരത്തെയാണ് കസമീറോ പിന്തുണച്ചതെന്നത് അവിശ്വസനീയമായ കാര്യം തന്നെയാണ്.

“ബേൽ കഠിനാധ്വാനം ചെയ്തു കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ കരിയറിലെ നല്ല കാലഘട്ടമല്ല ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. എന്നാൽ ഞങ്ങളുടെയെല്ലാം പിന്തുണ ബേലിനുണ്ട്. റയലിലെ എല്ലാ കളിക്കാരും പരിശീലകനും അദ്ദേഹത്തിനു പിന്തുണ നൽകുന്നുണ്ട്.” എസ്പോർടെ ഇന്ററാറ്റിവോയോട് സംസാരിക്കുമ്പോൾ കസമീറോ പറഞ്ഞു.

“വളരെ മികച്ച താരമായ അദ്ദേഹത്തിന് ഏതു നിമിഷവും നിർണായകമായ പ്രകടനം കാഴ്ച വെക്കാൻ കഴിയും. ചാമ്പ്യൻസ് ലീഗ് ഫൈനലുകളിലെ ഗോളുകളിൽ അതു ബേൽ കാണിച്ചു തന്നതാണ്. അദ്ദേഹം ഇപ്പോൾ മികച്ചതായിരിക്കില്ല. എന്നാൽ ഫോമിലാണെങ്കിൽ ലോകത്തിലെ ഏറ്റവും മികച്ച മൂന്നു താരങ്ങളിലൊരാളാണ് ബേൽ.”

ബേലിനോട് മികച്ച സൗഹൃദമുണ്ടെന്നും അദ്ദേഹത്തിനു നൽകുന്ന എല്ലാ വിധ പിന്തുണയും തുടരുമെന്നും കസമീറോ പറഞ്ഞു. കഴിഞ്ഞ സീസണിൽ ബേൽ റയൽ വിടാൻ ഒരുങ്ങിയപ്പോൾ റയൽ വിട്ടു കൊടുത്തില്ലെന്നും അതിനു ശേഷം ടീമിൽ അവസരങ്ങൾ കുറഞ്ഞതു കൊണ്ടാണ് താരം ക്ലബിൽ കടിച്ചു തൂങ്ങി കിടക്കുന്നതെന്നുമാണ് സൂചനകൾ.