ഇങ്ങനെയാണെങ്കിൽ ബാഴ്സ ബുദ്ദിമുട്ടും, റയലിനനുകൂലമായ റഫറിയിങ്ങിനെതിരെ ട്വിറ്ററിൽ പ്രതികരിച്ച് കാർലസ് പുയോൾ

Image 3
FeaturedFootballLa Liga

റയൽ ബെറ്റിസിനെതിരായ ലാലിഗ മത്സരത്തിൽ റയൽ മാഡ്രിഡ് നേടിയ വിജയത്തെ കളിയാക്കി രംഗത്തെത്തിയിരിക്കുകയാണ് ബാഴ്സലോണയുടെ മുൻ നായകനും ഇതിഹാസതാരവുമായ കാർലസ് പുയോൾ. മത്സരത്തിൽ പിന്നിലായിരുന്ന റയലിനു വിജയം നേടാൻ സഹായിച്ചത് അവസാന സമയത്ത് ലഭിച്ച പെനാൽട്ടിയായിരുന്നു. എന്നാൽ മത്സരം റയലിനു അനുകൂലമായത് ബെറ്റിസ് താരം എമേഴ്സൺ ചുവപ്പുകാർഡ് വാങ്ങി പുറത്തായതായിരുന്നു.

മത്സരത്തിലുണ്ടായ രണ്ടു വിവാദ സംഭവങ്ങളിലും പുയോൾ തന്റെ പ്രതികരണം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു. റഫറിയുടെ തീരുമാനത്തിൽ സംശയം നിഴലിക്കുന്ന തരത്തിലാണ് താരം ട്വിറ്ററിൽ ഇമോജികൾ വഴി പ്രതികരണമറിയിച്ചത്. മത്സരശേഷം ബാഴ്സ കിരീടം നേടണമെങ്കിൽ വളരെയധികം കഷ്ടപ്പെടേണ്ടി വരുമെന്നും പുയോൾ ട്വിറ്ററിൽ കുറിച്ചിരുന്നു.

റയൽ ബെറ്റിസിന്റെ റൈറ്റ് ബാക്കായ എമേഴ്സണു കിട്ടിയ റെഡ് കാർഡാണ് മത്സരം റയലിന്റെ വരുത്തിയിലെത്തിച്ചത്. റയൽ മുന്നേറ്റതാരം ലൂക്കാ ജോവിച്ചിനെ പെനാൽറ്റിബോക്സിനു തൊട്ടുമുൻപിൽ വെച്ച് വീഴ്ത്തിയതിനാണ് എമേഴ്സണ് വീഡിയോ റഫറിയിങ് തെളിവുകളുടെ അടിസ്ഥാനത്തിൽ ചുവന്ന കാർഡ് കാണിച്ചത്.

ഇത്തരം സംഭവങ്ങൾ ബാഴ്സയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കട്ടെയെന്നും പുയോൾ ആശംസിച്ചു. അതേ സമയം റഫറിയുടെ തീരുമാനത്തിൽ ഇടപെടാനില്ലെന്നും ന്യായമായതാണു തങ്ങൾക്കു ലഭിച്ചതെന്നുമാണ് റയൽ പരിശീലകനായ സിദാന്റെ പക്ഷം. മത്സരത്തിൽ ബെറ്റിസിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു റയൽ തറപറ്റിച്ചത്.