കണ്ണീരണിഞ്ഞ് ക്രുനാല്‍, ടീം ഇന്ത്യയില്‍ നാടകീയ രംഗങ്ങള്‍

Image 3
CricketTeam India

ഇംഗ്ലണ്ടിനെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയ ക്രുനാല്‍ പാണ്ഡ്യ ഏകദിന ക്യാപ്പ് സ്വന്തമാക്കിയത് സഹോദരന്‍ ഹര്‍ദിക് പാണ്ഡ്യയില്‍ നിന്ന്. ഇതോടെ ഏറെ വികാരഭരിതനായ ക്രുനാല്‍ കണ്ണുനീരണിഞ്ഞത് ക്രിക്കറ്റ് ലോകത്തിന് മറക്കാനാകാത്ത കാഴ്ച്ചയായി.

18 ടി20കള്‍ ക്രുനാല്‍ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. 26 എന്ന ബാറ്റിങ് ശരാശരിയില്‍ നേടാനായത് 121 റണ്‍സണ്. ഐപിഎല്ലിലേയും വിജയ് ഹസാരേയിലേയും മികവാണ് ക്രുനാലിന് ഇന്ത്യന്‍ ഏകദിന ടീമിലേക്ക് വഴി തുറന്നത്. വിജയ് ഹസാരെയില്‍ 5 ഇന്നിങ്സില്‍ നിന്ന് ക്രുനാല്‍ 388 റണ്‍സ് സ്‌കോര്‍ ചെയ്തു.

ക്രുനാലിനെ കൂടാതെ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ഫാസ്റ്റ് ബൗളറായ പ്രസിദ്ധ് കൃഷ്ണയും ഏകദിനത്തില്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചു. കഴിഞ്ഞ 5 വര്‍ഷമായി ഡൊമസ്റ്റിക് ക്രിക്കറ്റില്‍ മികവ് കാണിക്കുകയാണ് പ്രസിദ്ധ്. കര്‍ണാടക കിരീടം ചൂടിയ 2017-18 വിജയ് ഹസാരെയില്‍ രണ്ടാമത്തെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരന്‍ പ്രസിദ്ധ് ആയിരുന്നു.

തൊട്ടടുത്ത വര്‍ഷം കൊല്‍ക്കത്ത പ്രസിദ്ധിനെ സ്വന്തമാക്കി. അവിടെ 10 വിക്കറ്റാണ് ഏഴ് കളിയില്‍ നിന്ന് പ്രസിദ്ധ് വീഴ്ത്തിയത്. രണ്ട് സീസണില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി തുടരെ കളിച്ച പ്രസിദ്ധ് 24 കളിയില്‍ നിന്ന് വീഴ്ത്തിയത് 18 വിക്കറ്റ്. എന്നാല്‍ ഉയര്‍ന്ന് നില്‍ക്കുന്ന 9.33 എന്ന ഇക്കണോമി തലവേദനയാണ്.