ഇത്‌ നാണക്കാരനായ കാന്റെയുടെ വിജയം, ചെൽസിക്കൊപ്പം കരിയറിൽ മറ്റൊരു പൊൻതൂവൽ കൂടി

ചാമ്പ്യൻസ്‌ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ കയ് ഹാവെർട്ടിന്റെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ച് ചെൽസി കിരീടം ചൂടിയിരിക്കുകയാണല്ലോ. ചെൽസിയുടെ ഈ വിജയത്തിൽ പ്രധാന പങ്കു വഹിച്ചിരിക്കുന്നത് ചെൽസിയുടെ നെടുംതൂണായ എൻഗോളൊ കാന്റെയാണ്‌. മത്സരത്തിലെ താരമായി തിരഞ്ഞെടുത്തതും ഈ കുറിയ മനുഷ്യനെ തന്നെയാണ്.

ഫ്രാൻസിനൊപ്പം വേൾഡ് കപ്പ്‌ കിരീടം നേടിക്കൊടുക്കുന്നതിന് പ്രധാന പങ്കു വഹിച്ച താരം കുറേ കാലമായി അകന്നു നിന്നിരുന്ന ചാമ്പ്യൻസ്‌ലീഗ് കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായകതാരമായി ഉയർന്നു വന്നിരിക്കുകയാണ്. ക്വാർട്ടർ, സെമി ഫൈനൽ ഇരുപാദങ്ങളിലും സിറ്റിക്കെതിരെ ഫൈനലിലും മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം നേടി ചെൽസിയുടെ വിജയത്തിനു ചുക്കാൻ പിടിച്ചിരിക്കുകയാണ് ഈ അഞ്ചടി ആറിഞ്ചുകാരൻ.

വിജയാഘോഷങ്ങളുടെ വെള്ളിവെളിച്ചത്തിൽ നിന്നും എന്നും നാണക്കാരനായി ഒഴിഞ്ഞു മാറുന്ന കാന്റെയുടെ കരിയറിനു കിരീടങ്ങളുടെയും നേട്ടങ്ങളുടെയും കഥകൾ മാത്രമാണ് പറയാനുള്ളത്. 2014ൽ എഫ്സി കാനിനു വേണ്ടി അരങ്ങേറ്റം കുറിച്ച കാന്റെ അധികം വൈകാതെ തന്നെ അടുത്ത വർഷം ലൈസസ്റ്റർ സിറ്റിയിലേക്ക് ചേക്കേറി. 2017ൽ ലൈസസ്റ്ററിനൊപ്പം പ്രീമിയർ ലീഗ് കിരീടം നേടുകയും 2018ൽ ചെൽസിയിലേക്ക് ചേക്കേറുകയും ചെയ്തു.

ആ വർഷം ചെൽസിക്ക് പ്രീമിയർ ലീഗ് കിരീടം നേടിക്കൊടുക്കുന്നതിൽ പ്രധാനപങ്കു വഹിച്ച കാന്റെ 2018ൽ ഫ്രാൻസിന്റെ മധ്യനിരയിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച് ലോകകപ്പ് നേടിക്കൊടുക്കുകയും ചെയ്തു. 2019ൽ ചെൽസിക്കൊപ്പം യൂറോപ്പ ലീഗ് ചാമ്പ്യൻമാരാകുകയും 2021ൽ സിറ്റിയെ തോൽപ്പിച്ച് ഇതുവരെ തന്റെ കരിയറിൽ നേടാത്ത ചാമ്പ്യൻസ്‌ലീഗും സ്വന്തമാക്കിയിരിക്കുകയാണ് കാന്റെ. ചാമ്പ്യൻസ്‌ലീഗ് വിജയാഘോഷങ്ങൾക്കിടയിലും വിനയാന്വിതനായി മാറി നിന്നു പുഞ്ചിരിക്കുന്ന കാന്റെയെയാണ് ഓരോ ഫുട്ബോൾ ആരാധകനും കാണാൻ സാധിച്ചത്. ആ നിഷ്കളങ്കത തന്നെയാണ് താരത്തിന്റെ ഓരോ വിജയത്തിനു പിന്നിലെയും രഹസ്യമെന്നാണ് ലോകം വിലയിരുത്തുന്നത്.

You Might Also Like