മെസിക്കെതിരെ കളിച്ച താന്‍ എന്തിന് ബ്ലാസ്‌റ്റേഴ്‌സിലേക്ക് വന്നു? ഗോമസ് സംസാരിക്കുന്നു

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാകാനുളള കാരണങ്ങള്‍ വെളിപ്പെടുത്തി കാനേറിയന്‍ മിഡ്-ഫീല്‍ഡര്‍ വിസെന്റ് ഗോമസ്. ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ ഒപ്പിട്ട ശേഷം സംസാരിക്കുകയായിരുന്നു ഗോമസ്.

‘ഈ സീസണില്‍ ഒരു അന്താരാഷ്ട്ര സോക്കര്‍ അനുഭവം നേടാന്‍ ഞാന്‍ ആഗ്രഹിച്ചു, അതിന് അവസരം ലഭിക്കുകയും ചെയ്തു. കെ ബി എഫ് സിക്ക് വേണ്ടി കളിക്കുന്നതിലും ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഭാഗമാകുന്നതിലും അതിയായ ആവേശത്തിലാണ് ‘ വിസെന്റ് ഗോമസ് പ്രതികരിച്ചു.

‘ലാസ് പല്‍മാസിനായി സ്പെയിനിലെ ഏറ്റവും പ്രധാനപ്പെട്ട സ്റ്റേഡിയങ്ങളിലും മെസ്സി, ഇനിയേസ്റ്റ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടങ്ങിയ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാര്‍ക്കെതിരെയും മത്സരിക്കാന്‍ അവസരം ലഭിച്ചു. ഇന്ന്, ഏറ്റവും പ്രിയപ്പെട്ട നിറമായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞയില്‍ കളിച്ച് ഇന്ത്യയില്‍ ഒരു പുതിയ തുടക്കം പ്രഖ്യാപിക്കാന്‍ അതിയായ സന്തോഷമുണ്ട്’ അദ്ദേഹം പറഞ്ഞു.

‘പുതിയ കുടുംബത്തിന്റെ ഭാഗമാകാന്‍ ഞാന്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ഒപ്പം ക്ലബിന്റെ ആരാധകരോട് വലിയ ബഹുമാനവുമുണ്ട്. എന്നില്‍ വിശ്വാസം അര്‍പ്പിച്ചതിന് കെ ബി എഫ് സി സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസിനും ഹെഡ് കോച്ച് കിബുവിനും നന്ദി പറയുന്നു. ഞങ്ങള്‍ ഒരുമിച്ച് വിജയങ്ങള്‍ നേടാന്‍ ശ്രമിക്കും’, വിസെന്റ് ഗോമസ് കൂട്ടിചേര്‍ത്തു

ലാസ് പല്‍മാസില്‍ ജനിച്ച ഡിഫെന്‍സീവ് മിഡ്ഫീല്‍ഡറായ വിസെന്റ് 2007 ല്‍ സ്പാനിഷ് നാലാം ഡിവിഷന്‍ ടീമായ എ ഡി ഹുറാക്കാനൊപ്പം സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചു. തന്റെ ഹോം ടീമില്‍ ചേരുന്നതിനു മുന്‍പ് അദ്ദേഹം 2 സീസണുകളില്‍ എ ഡി ഹുറാക്കിന് വേണ്ടി കളിക്കളത്തില്‍ ഇറങ്ങിയിട്ടുണ്ട്. മികച്ച മിഡ്ഫീല്‍ഡറായ ഇദ്ദേഹത്തിന് പിന്നീട് ലാസ് പല്‍മാസിന്റെ ആദ്യ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. റിസര്‍വ് ടീമുമായുള്ള ആദ്യ സീസണില്‍ തന്നെ മികച്ച പ്രകടനം കാഴ്ച വെച്ച് ശ്രദ്ധേയനായി. ഇവിടെ അദ്ദേഹം 28 മാച്ചുകള്‍ ആരംഭിക്കുകയും ഒരു ഗോള്‍ നേടുകയും ചെയ്തു.

2010 ല്‍ ലാസ് പല്‍മാസിനായി ഗോമസ് സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുകയും കോപ ഡെല്‍ റേയുമായുള്ള മത്സരത്തില്‍ രണ്ടാം ഗോള്‍ നേടുകയും ചെയ്തു. മിഡ്ഫീല്‍ഡില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമ്പോഴും പ്രധാന ഗോളുകള്‍ നേടുന്നതില്‍ വിസെന്റ് കഴിവ് തെളിയിച്ചിട്ടുണ്ട്. 2015-16 സീസണില്‍ ലാ ലിഗയിലേക്കുള്ള ക്ലബ്ബിന്റെ പ്രമോഷനില്‍ അദ്ദേഹം പ്രധാന പങ്കുവഹിക്കുകയും സ്പാനിഷ് ഭീമന്മാരായ ബാഴ്സലോണയ്ക്കും റയല്‍ മാഡ്രിഡിനുമെതിരായ മത്സരത്തില്‍ ക്യാപ്റ്റനാവുകയും ചെയ്തു. ടീമിന്റെ പുറത്താകലിനെത്തുടര്‍ന്ന്, ഐഎസ്എല്‍ സീസണ്‍ 7 നായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയില്‍ ചേരുന്നതിന് മുമ്പ് ഗോമസ് രണ്ടാം ഡിവിഷന്‍ ഭാഗമായ ഡിപോര്‍ടിവോ ലാ കൊറൂനയിലേക്ക് മാറി.

You Might Also Like