കളിക്കളത്തില്‍ സുന്ദര്‍-ബെയ്‌ത്രോ പരസ്യ ഏറ്റുമുട്ടല്‍. ആരാണ് തെറ്റുകാര്‍?

ഇംഗ്ലണ്ടിനെതിരെ നാലാം ടെസ്റ്റില്‍ ഒരറ്റത്ത് 96 റണ്‍സ് എടുത്ത് നില്‍ക്കെ ഇന്ത്യയുടെ 10ാം വിക്കറ്റും വീഴുന്നത് യാതൊരു ക്ഷോഭവും ഇല്ലാതെ നോക്കി കണ്ട താരമാണ വാഷിംഗ്ടണ്‍ സുന്ദര്‍. അര്‍ഹിച്ച കന്നി സെഞ്ച്വറി സഹതാരങ്ങളുടെ കരുതലില്ലാത്തതിനാല്‍ നഷ്ടപ്പെട്ടതിലുളള വേദന പുറത്ത് കാട്ടാതെ ശാന്തനായി പവലിയനിലേക്ക് മടങ്ങുകയായിരുന്നു സുന്ദര്‍ അന്ന്.

എന്നാല്‍ ഇംഗ്ലണ്ടിനെതിരെ ആദ്യ ടി20യില്‍ സുന്ദറിന്റെ മറ്റൊരു മുഖം കൂടി ക്രിക്കറ്റ് ലോകം കണ്ടു. മത്സരത്തില്‍ സുന്ദര്‍ എറിഞ്ഞ 13ാം ഓവറിലെ അഞ്ചാമത്തെ പന്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

സുന്ദറുടെ പന്ത് നേരെ അദ്ദേഹത്തിന്റെ കൈകളിലേക്ക് തന്നെയാണ് ഡേവിഡ് മലാന്‍ അടിച്ചിട്ടത്. ഇതോടെ അനായാസ ക്യാച്ചെടുക്കാന്‍ ഒരുങ്ങിയ സുന്ദറിന് പ്രതിബന്ധമായി നോണ്‍ സ്‌ട്രൈക്കില്‍ നിന്ന ജോണി ബ്രെയ്‌ത്രോ മാറുകയായിരുന്നു. പന്ത് നേരെ വന്ന് കൊണ്ടത് ബെയ്‌ത്രോയുടെ ഹെല്‍മെറ്റിലാണ്.

ബെയ്‌ത്രോയുടെ മനപ്പൂര്‍വ്വമല്ലാത്ത ഈ നടപടി ഇരുവരും തമ്മിലുളള വാക്കേറ്റത്തിലാണ് കലാശിച്ചത്. ക്യാച്ച് ലഭിക്കാത്തതിലുളള നിരാശ ബ്രെയ്‌ത്രോയെ ചീത്ത പറഞ്ഞാണ് സുന്ദര്‍ തീര്‍ത്തത്. ബെയ്‌ത്രോ ആകട്ടെ താനൊന്നും മനപ്പൂര്‍വ്വമായി ചെയ്തില്ലെന്ന് വിശദീകരിക്കുകയാണ് ചെയ്തത്.

ഇതോടെ അമ്പയര്‍മാര്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. ഏതായാലും സുന്ദറിന് ചൂടാകാനും അറിയാം എന്ന് തെളിയ്ക്കുന്നതായി മാറി ഈ സംഭവം.

മത്സരത്തില്‍ ഇന്ത്യ തോറ്റെങ്കിലും സുന്ദര്‍ ഒരു വിക്കറ്റ് നേടിയിരുന്നു. 2.3 ഓവറില്‍ 18 റണ്‍സ് വഴങ്ങിയാണ് സുന്ദര്‍ ഒരു വിക്കറ്റ് സ്വന്തമാക്കിയത്.

 

You Might Also Like