ക്രിസ്ത്യാനോക്ക് ചുവപ്പു കാർഡാണ് അർഹിച്ചിരുന്നത്, അപകടകരമായ പ്രവൃത്തിയായിരുന്നു അതെന്നു കാഗ്ലിയാരി പ്രസിഡന്റ്

Image 3
FeaturedFootballSerie A

പോർട്ടൊക്കെതിരെ അപ്രതീക്ഷിതമായി ചാമ്പ്യൻസ്‌ലീഗിൽ നിന്നും പുറത്തായതോടെ നിരവധി വിമർശനങ്ങൾ കേട്ട യുവന്റസ് സൂപ്പർതാരമാണ് ക്രിസ്ത്യാനോ റൊണാൾഡോ. എന്നാൽ അതിനു ശേഷം നടന്ന സീരി എ മത്സരത്തിൽ തകർപ്പൻ തിരിച്ചു വരവാണ് ക്രിസ്ത്യാനോ നടത്തിയത്. കാഗ്ലിയാരിക്കെതിരെ ഒരു തകരപ്പൻ ഹാട്രിക്ക് ഗോളുകളോടെയാണ് ക്രിസ്ത്യാനോ വിമർശകർക്ക് മറുപടി നൽകിയിരിക്കുന്നത്.

എന്നാൽ ഈ ഹാട്രിക്ക് ക്രിസ്ത്യാനോ നെടുമായിരുന്നില്ലെന്നും അതിനു മുമ്പേ ക്രിസ്ത്യാനോ ചുവപ്പു കാർഡ് കണ്ടു പുറത്താവേണ്ടതായിരുന്നു എന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് കാഗ്ലിയാരി പ്രസിഡന്റായ ടോമാസോ ജ്യുലിനി. ഹാട്രിക്ക് ഗോൾ നേടുന്നതിന് മുൻപുണ്ടായ ഒരു സംഭവത്തിൽ ഗോളിയെ ബൂട്ടു കൊണ്ടു ചവിട്ടിയതിനു ക്രിസ്ത്യാനോ റെഡ് കാർഡ് അർഹിച്ചിരുന്നുവെന്നാണ് ജ്യുലിനിയുടെ ആരോപണം. സ്കൈ സ്പോർട്സ് ഇറ്റാലിയക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

” ഞങ്ങൾ ആദ്യ പാതിയിൽ മികച്ച പ്രകടനമല്ല കാഴ്ചവെച്ചത്. ഞങ്ങളിൽ ആക്രമണോൽസുകതയും ശൗര്യവും ഹൃദയവും നഷ്ടപ്പെട്ട അവസ്ഥയാണ് ഉണ്ടായിരുന്നത്. ഇനി അടുത്ത മത്സരത്തിൽ സ്പെസിയക്കെതിരെ ഇതിൽ നിന്നും വേറിട്ട ഒരു മനോഭാവമാണ് ഈ ടീമിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്നത്. ഞങ്ങൾക്ക് ഒരു മഞ്ഞക്കാർഡ് പോലും ലഭിച്ചില്ല. അതിൽ നിന്നും തന്നെ മനസിലാക്കാം എത്രത്തോളം ശൗര്യമില്ലാതെയാണ് ഞങ്ങൾ കളിച്ചതെന്നു. എന്റെ കളിക്കാർ കാണിച്ച സമീപനത്തിൽ ഞാൻ വളരെയധികം നിരാശനാണ്.”

എന്നാൽ ഇതിനെല്ലാം പുറമെ എന്നെ നിരാശനാക്കിയത് റൊണാൾഡോ ചുവപ്പു കാർഡ് കണ്ട് പുറത്താവാഞ്ഞതാണ്. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ കളിയേ മാറിമറിഞ്ഞേനെ. അതൊരു അപകടകരമായ സന്ദർഭമായിരുന്നു. അത് ഞങ്ങളുടെ ഗോൾകീപ്പറുടെ സുരക്ഷിതത്വത്തെയാണ് ഇല്ലാതാക്കിയത്. അതു കൊണ്ടു തന്നെ റെഡ് കാർഡായിരുന്നു നൽകേണ്ടിയിരുന്നത്. അതാണ് നിയമപുസ്തകവും പറയുന്നത്. ” ജ്യുലിനി പറഞ്ഞു.