ബാഴ്സയുടെ പന്തടക്കത്തെ വേഗത കൊണ്ട് തകർക്കും, കാഡിസ് പരിശീലകന്റെ മുന്നറിയിപ്പ്

ചാമ്പ്യൻസ്‌ലീഗ് മത്സരങ്ങൾക്ക് ശേഷം ലാലിഗയിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ് ബാഴ്സലോണ. ഇത്തവണ പുതിയതായി ലാലിഗയിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ കാഡിസ് എഫ്‌സിയാണ് ബാഴ്സക്ക് എതിരാളികൾ. നിലവിൽ ആറാം സ്ഥാനത്തുള്ള കാഡിസ് മികച്ച പ്രകടനമാണ് ലാലിഗയിൽ നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനെയും കാഡിസ് തകർത്തു വിട്ടിരുന്നു.

അതു കൊണ്ടു തന്നെ കാഡിസ് പരിശീലകനായ അൽവാരോ കെർവേര കൂടുതൽ ആത്മവിശ്വാസത്തിലാണ് ബാഴ്‌സയെ നേരിടാനൊരുങ്ങുന്നത്. കാഡിസിന്റെ സ്വന്തം തട്ടകമായ റാമോൺ ഡി കാറൻസയിൽ വെച്ചാണ് മത്സരം നടക്കുന്നത്. ബാഴ്സ കൂടുതൽ പന്തടക്കത്തോടെ കളി മെനയുമ്പോൾ അതിനെ വേഗത കൊണ്ടു നേരിടാനാണ് കാഡിസ് ശ്രമിക്കുകയെന്നാണ് കെർവേര അഭിപ്രായപ്പെട്ടത്. മത്സരത്തിനു മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ബാഴ്സലോണ ഞങ്ങളെക്കാൾ മികച്ച ക്ലബ്ബാണെന്നുള്ളത് ഞങ്ങൾ മനസിലാക്കേണ്ടതുണ്ട്. എന്നിരുന്നാലും ഇതൊരു ഫുട്ബോൾ മത്സരമാണ്. നമ്മൾക്കെല്ലാവർക്കും ഫുട്ബോൾ ഇഷ്ടമാണ് കാരണം ഏതു ചെറിയ ടീമിനും ഇതിൽ കൂടുതൽ തവണ വിജയിക്കാൻ ഇതിൽ സാധിക്കും. ഞാനെന്തായാലും ബാഴ്സയെക്കാൾ കൂടുതൽ പന്തു തട്ടാനല്ല തീരുമാനിച്ചിരിക്കുന്നത്. “

ബാഴ്‌സയെ കളിക്കളത്തിൽ കൂടുതൽ അസ്വസ്ഥമാക്കുന്ന രീതിയിലുള്ള കളിയാണ് നടപ്പിലാക്കുക. ഒപ്പം അവസരം കിട്ടുമ്പോൾ മുറിവേൽപ്പിക്കാനും ശ്രമിക്കും. ഞങ്ങൾ എട്ടു പാസ്സുകളൊന്നും ഉപയോഗിച്ചല്ല ബാഴ്‌സയെ മുറിവേൽപ്പിക്കുക. അത് വേഗതയും മുന്നോട്ടു നേരിട്ടുള്ള പാസുകളും ഉപയോഗിച്ചായിരിക്കും. അതാണ് തന്ത്രം.” കെർവേര അഭിപ്രായപ്പെട്ടു. ഇന്നു രാത്രി 1:30ക്കാണ് ബാഴ്സയുമായുള്ള മത്സരം നടക്കുക.

You Might Also Like