ഐപിഎല്‍ റദ്ദാക്കാല്‍, മാല്‍ദീപില്‍ അഭയം തേടാന്‍ ഒരുങ്ങി ഓസീസ് താരങ്ങള്‍

ഐപിഎല്‍ പാതിവഴിയില്‍ നിര്‍ത്തിവെച്ചതോടെ നാട്ടിലേക്ക് മടങ്ങാനുളള ബദ്ധപ്പാടിലാണ് വിദേശ ക്രിക്കറ്റ് താരങ്ങള്‍. ഇന്ത്യയില്‍ കോവിഡ് മഹാമാരി ശക്തി പ്രാപിച്ചിരിക്കെ മിക രാജ്യങ്ങളും ഇതിനോടകം തന്നെ ഇന്ത്യയില്‍ നിന്നുളളവര്‍ക്ക് യാത്ര വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതോടെ നാട്ടിലെത്താന്‍ വഴിയില്ലാതെ ധര്‍മ്മ സങ്കടത്തിലാണ് പല താരങ്ങളും. ഇതില്‍ ഓസ്‌ട്രേലിയന്‍ താരങ്ങളാണ് നാട്ടിലേക്കെത്താന്‍ ഒരു വഴി പോലുമില്ലാതെ പരക്കം പായുന്നത്.

ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ മെയ് 15 വരെ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. ഐപിഎല്‍ മാറ്റിവച്ചതോടെ കളിക്കാരും പരിശീലകരും കമന്റേറ്റര്‍മാരുമടങ്ങുന്ന വലിയ ഒരു സംഘം ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഇന്ത്യയില്‍ കുടുങ്ങിയിരുന്നു.

ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ അനുവദിക്കില്ലെന്ന് ഓസ്‌ട്രേലിയ തീരുമാനം എടുത്തതോടെ ഇവര്‍ക്കൊക്കെ ഉടന്‍ രാജ്യത്തേക്ക് മടങ്ങുക അസാധ്യമാണ്. ഇതിനിടെ, ചില താരങ്ങള്‍ മാല്‍ദീവ്‌സിലേക്ക് കടന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷനും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ബിസിസിഐയുമായി സംസാരിക്കുന്നുണ്ടെന്നും മെയ് 15 വരെ വിമാനങ്ങള്‍ അനുവദിക്കില്ലെന്ന ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ തീരുമാനത്തെ അംഗീകരിക്കുന്നു എന്നും അവര്‍ ട്വീറ്റ് ചെയ്തു.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. ആറോളം താരങ്ങള്‍ക്കും കോച്ചിങ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതിലാണ് മത്സരങ്ങള്‍ മാറ്റിവെച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ അമിത് മിശ്ര, സണ്‍റൈസേഴ്സ് ഹൈദരാബാദ് താരമായ വൃദ്ധിമാന്‍ സാഹ എന്നിവര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങളായ വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യര്‍ എന്നിവര്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിഷേധത്തെ തുടര്‍ന്നാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ നിര്‍ത്തിവെച്ചത്.

 

You Might Also Like