റയൽ മാഡ്രിഡ്‌ ബസിനെതിരെ ലിവർപൂൾ ആരാധകരുടെ ആക്രമണം, അതു തനിക്ക് കളിക്കളത്തിൽ കൂടുതൽ ഊർജം നൽകിയെന്നു റയൽ താരം വാൽവെർഡെ

ലിവർപൂൾ സ്റ്റേഡിയമായ ആൻഫീൽഡിലേക്ക് റയൽ മാഡ്രിഡ് താരങ്ങളുമായി വന്ന ബസിൻ്റെ ചില്ല് ലിവർപൂൾ ആരാധകർ കയ്യിലുള്ള വസ്തുക്കൾ എറിഞ്ഞു തകർത്തിരുന്നു. ഇതിനെതിരെ മേഴ്‌സിസൈഡ് പോലീസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. പോലീസിന്റെ റിപ്പോർട്ടുകൾ പ്രകാരം ബസിന്റെ ചില്ലുകൾ തകർന്നുവെന്നാണ് അറിയാനാകുന്നത്.

എന്നാൽ ലിവർപൂൾ ആരാധകരുടെ ഈ പ്രവൃത്തി റയൽ മാഡ്രിഡ്‌ താരങ്ങൾക്ക് കൂടുതൽ ഊർജം പകർന്നുവെന്നാണ് മധ്യനിരതാരമായ ഫെഡെ വാൽവെർദെക്ക് പറയാനുള്ളത്. ഉറുഗ്വായൻ ക്ലബ്ബായ പെനെറോളിന് കളിച്ചതു കൊണ്ട് ഇതൊന്നും പുതിയ കാര്യമല്ലെന്നാണ് വാൽവെർദെയുടെ വാദം. മത്സരശേഷം ഈ സംഭവത്തേക്കുറിച്ച് മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ മറുപടി നൽകുകയായിരുന്നു വാൽവെർദെ.

“ഞാൻ പെനെറോളിൽ നിന്നാണ് റയലിലേക്ക് വന്നത്. അതു കൊണ്ടു തന്നെ ഇതൊക്കെ സ്വഭാവികമായ കാര്യമാണ്.ഇത്തരം സംഭവങ്ങൾ കൂടുതൽ പ്രചോദനം നൽകുകയാണ് ചെയ്യുക. ഞാൻ കളിക്കളത്തിലേക്ക് കൊല്ലാനുള്ള ദേഷ്യത്തോടെ ഇറങ്ങുകയും എന്റെ എല്ലാം കളിക്കളത്തിൽ നൽകാനും സാധിക്കും.” വാൽവെർദെ പറഞ്ഞു.

മത്സരം സമനിലയിൽ കലാശിച്ചുവെങ്കിലും ആദ്യപാദത്തിലെ ഒന്നിനെതിരെ മൂന്നു ഗോളിന്റെ വിജയം നേടിയത് റയലിനു നിർണായകമാവുകയായിരുന്നു. രണ്ടാം പാദത്തിൽ സിദാൻ ആക്രമണനിരയിലേക്ക് വാൽവെർദെയെ ഉപയോഗിച്ചപ്പോൾ തന്റെ ജോലി കൃത്യമായി നിർവഹിക്കാൻ താരത്തിനു സാധിച്ചിരുന്നു.

You Might Also Like