ബുണ്ടസ് ലീഗ നടത്തുന്നത് ഗോസ്റ്റ് ഗെയിം ആയി, കാഷ് വാരല്‍ ലക്ഷ്യം

ജര്‍മനിയിലെഫുട്ബോള്‍ ലീഗായ ബുണ്ടസ് ലിഗാ മെയ് ഒന്‍പത് മുതല്‍ പുനരാരംഭിക്കും. കൊറോണ വൈറസിനെതിരേയുള്ള മുന്‍കരുതലായി അടച്ചിട്ട സ്റ്റേഡിയത്തിലാവും മല്‍സരങ്ങള്‍. ജര്‍മനിയില്‍ ഇങ്ങനെ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരങ്ങള്‍ ഗോസ്റ്റ് ഗെയിംസെന്നാണ് അറിയപ്പെടുന്നത്.

വൈറസ് ബാധയെ തുടര്‍ന്നു മാര്‍ച്ച് 13നാണ് ബുണ്ടസ് ലിഗ നിര്‍ത്തി വയ്ക്കുന്നത്. ഇപ്പോള്‍ നിശ്ചയിച്ചു പ്രകാരം മേയ് ഒമ്പതിന് ലീഗ് പുനരാരംഭിക്കുകയാണെങ്കില്‍ യൂറോപ്പില്‍ പുനരാരംഭിച്ച ആദ്യത്തെ മുന്‍നിര ലീഗായി ബുണ്ടസ ലിഗ മാറും.

വൈറസ് ബാധ നിയന്ത്രിക്കുന്നതിനായി നേരത്തേ കടുത്ത നിയന്ത്രണങ്ങളായിരുന്നു ജര്‍മനി സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പല നിയന്ത്രണങ്ങളും ജര്‍മനി ഇപ്പോള്‍ പിന്‍വലിച്ചു കൊണ്ടിരിക്കുകയാണ്. എങ്കിലും ആഗസ്റ്റ് 31 വരെ ജര്‍മനിയില്‍ ആളുകള്‍ കൂടുന്ന പരിപാടികളെല്ലാം വിലക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കാണികളില്ലാതെ ജര്‍മന്‍ ലീഗ് പുനരാരംഭിക്കുന്നതിനെക്കുറിച്ച് ആലോചനകള്‍ നടക്കുന്നത്.

ജര്‍മന്‍ ലീഗിലെ 18 ക്ലബ്ബുകളും കഴിഞ്ഞ മൂന്നാഴ്ചയോളമായി പരിശീലനം നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ സാമൂഹിക അകലം പാലിക്കുന്നതിന് പ്രാധാന്യം നല്‍കി ചെറിയ ഗ്രൂപ്പുകളായാണ് താരങ്ങള്‍ പരിശീലിക്കുന്നത്.

അടച്ചിട്ട സ്റ്റേഡിയത്തില്‍ മല്‍സരങ്ങള്‍ നടത്തിയാലും ടെലിവിഷനിലൂടെ കൂടുതല്‍ കാണികളെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എങ്ങനെയെങ്കിലും ലീഗ് സീസണ്‍ ജൂണ്‍ 30 ഓടെ അവസാനിപ്പിക്കാനാണ് ജര്‍മന്‍ ഫുട്ബോള്‍ ലീഗിന്റെ (ഡിഎഫ്എല്‍) ശ്രമം. ടെലിവിഷന്‍ റൈറ്റ് വഴിയുള്ള 300 മില്ല്യണ്‍ യൂറോ തിരിച്ചുപിടിക്കണമെങ്കില്‍ ജൂണ്‍ 30നുള്ളില്‍ ലീഗ് അവസാനിപ്പിച്ചേ തീരൂ. കാരണം ജര്‍മനിയലെ പല ക്ലബ്ബുകളും കനത്ത സാമ്പത്തിക നഷ്ടത്തിലാണ്. അതുകൊണ്ടു തന്നെ ലീഗ് നിശ്ചിത സമയത്തിനുള്ളില്‍ തീര്‍ക്കേണ്ടത് അവരെ സംബന്ധിച്ച് നിലനില്‍പ്പിനുള്ള പോരാട്ടം കൂടിയാണ്.

You Might Also Like