ബ്രൂണോയുടെ ഈ പെനാൽറ്റി തന്ത്രം ബാൻ ചെയ്യണം, വിമർശനവുമായി മുൻ ആഴ്‌സണൽ ഇതിഹാസം

പ്രീമിയർ ലീഗിൽ വെസ്റ്റ്ബ്രോമുമായി നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം കൈപ്പിടിയിലാക്കിയത്. മത്സരത്തിൽ വെസ്റ്റ്ബ്രോംവിച്ചിനെതിരെ ലഭിച്ച പെനാൽറ്റി ബ്രൂണോ ഫെർണാണ്ടസ് വലയിലെത്തിക്കുകയായിരുന്നു. എന്നാൽ ചാടി പെനാൽറ്റിയെടുക്കുന്ന ബ്രൂണോയുടെ രീതി ഫുട്ബോളിൽ നിന്നു ബാൻ ചെയ്യണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ആഴ്‌സണൽ ഇതിഹാസതാരം ഇയാൻ റൈറ്റ്.

സ്കൈ സ്പോർട്സ് പണ്ഡിറ്റായ ഇയാൻ റൈറ്റിന്റെ മത്സരശേഷമുള്ള വിലയിരുത്തലിലാണ് ഇങ്ങനെയൊരു അഭിപ്രായം അദ്ദേഹം പങ്കുവെച്ചത്. ഇങ്ങനെ വായുവിൽ ചാടിയെടുക്കുന്ന പെനാൽറ്റി കിക്കുകൾ ഗോൾകീപ്പർക്ക് ചാടാനുള്ള അവസരം നൽകുന്നില്ലെന്നാണ് ഇയാൻ റൈറ്റിന്റെ നിഗമനം. പെനാൽറ്റി നേടാൻ ബ്രൂണോ ഫെർണാണ്ടസ് ഈ തന്ത്രം തുടർച്ചയായി ഉപയോഗിച്ചതോടെയാണ് റൈറ്റ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.

“അത് ഗോൾകീപ്പർമാർക്ക് ബുദ്ദിമുട്ടുണ്ടാക്കുന്നുണ്ട്. നിങ്ങൾക്ക് മുന്നേറ്റതാരങ്ങൾ ഇങ്ങനെ ഉയർന്നു ചാടുന്നത് കാണാൻ സാധിക്കും. ഇങ്ങനെ ചെയ്യുന്നതിലൂടെ ഗോളിക്ക് തന്റെ ഒരു കാലു പോലും അനക്കാൻ സാധിക്കുന്നില്ല. അവർ ഇത്തരം ചാട്ടങ്ങൾ നിർത്തലാക്കാൻ ശ്രമിക്കേണ്ടതുണ്ട്. സാധാരണ പോലെ ഓടിച്ചെന്നു ഷൂട്ട്‌ ചെയ്യുന്ന രീതിയാണ് പിന്തുടരേണ്ടത്. അവർക്ക് ഇങ്ങനെ ചാടാം പക്ഷെ ഗോളിക്ക് അനങ്ങാൻ പാടില്ലെന്നത് അനീതിയാണ്.” ബിബിസിക്കായി റൈറ്റ് അഭിപ്രായപ്പെട്ടു.

എന്നാൽ ഇത്തരം ചാട്ടങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങൾ വരണമെന്നാണോ പറയുന്നതെന്ന ഗാരി ലിനെകറിന്റെ ചോദ്യത്തിനും റൈറ്റ് മറുപടി നൽകി: “അതെ, പെനാൽറ്റിയെടുക്കാൻ നേരെ ഓടിവരുകയാണ് വേണ്ടത്. ചാട്ടങ്ങൾ ഒഴിവാക്കണം.” പ്രീമിയർ ലീഗിൽ ബ്രൂണോ മാത്രമല്ല ഇത്തരത്തിൽ പെനാൽറ്റിയെടുക്കുന്നത്. ചെൽസി താരം ജോർജിഞ്ഞോയും ഈ തന്ത്രം ഉപയോഗിക്കുന്ന കളിക്കാരനാണ്. എന്നാൽ ഇങ്ങനെ പെനാൽറ്റിയെടുത്തതിലൂടെ ഇരുവരും പെനാൽറ്റി പാഴാക്കുകയും ചെയ്തിരുന്നുവെന്നതാണ് മറ്റൊരു വസ്തുത.

You Might Also Like