പോൾ സ്കോൾസിന് സമാനമാണ് എന്റെ കളി ശൈലി, ബ്രൂണോ ഫെർണാണ്ടസ് മനസു തുറക്കുന്നു

Image 3
EPLFeaturedFootball

മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി തകർപ്പൻ പ്രകടനം നടത്തുന്ന പോർച്ചുഗീസ് സൂപ്പർതാരമാണ് ബ്രൂണോ ഫെർണാണ്ടസ്. കഴിഞ്ഞ ജനുവരി ട്രാൻസ്ഫറിൽ സ്പോർട്ടിങ് ലിസ്ബണിൽ നിന്നും 67 മില്യൺ പൗണ്ടിനാണ് യുണൈറ്റഡ് താരത്തെ സ്വന്തമാക്കിയത്. മധ്യനിരതാരമായിരുന്നിട്ടു കൂടി യുണൈറ്റഡിനായി സ്ഥിരമായി ഗോൾ നേടുന്ന താരമാണെന്നത് മറ്റു താരങ്ങളിൽ നിന്നും ഫെർണാണ്ടസിനെ വ്യത്യസ്തനാക്കുന്നുണ്ട്.

ഈ ഒരു പ്രത്യേകത കൊണ്ടു തന്നെ തനിക്ക് പോൾ സ്‌കോൾസിന്റെ കളിശൈലിയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ബ്രൂണോ ഫെർണാണ്ടസ്. പോൾ സ്കോൾസിന്റെ ജേഴ്‌സി നമ്പറായ 18 തന്നെയാണ് ബ്രൂണോയും അണിയുന്നത്. യുണൈറ്റഡ് പോഡ്കാസ്റ്റിനു നൽകിയ അഭിമുഖത്തിലാണ് ബ്രൂണോ ഈ സാമ്യതയെ അംഗീകരിച്ചു സംസാരിച്ചത്.

“എന്റെ അഭിപ്രായത്തിൽ ഞാൻ പോൾ സ്കോൾസിന്റെ അടുത്തെത്തിയേക്കാം. അദ്ദേഹം എപ്പോഴും ബോക്സിനടുത്ത് കളിക്കാൻ താത്പര്യപ്പെടുന്ന താരവും ധാരാളം അസിസ്റ്റും ഗോളുകളും നേടാൻ ഇഷ്ടപ്പെടുന്ന താരവുമാണ്. എനിക്ക് തോന്നുന്നത് സ്കോൾസ് ലോകത്തെ തന്നെ ഏറ്റവും മികച്ച മധ്യനിരതാരങ്ങളിലൊരാളാണെന്നാണ്.”

ഇംഗ്ലണ്ടിന് വേണ്ടി പലപ്പോഴും ഫ്രാങ്ക് ലാംപാർഡിനെക്കുറിച്ചായിരിക്കും ആളുകൾ കൂടുതൽ സംസാരിക്കുന്നത്. കാരണം അദ്ദേഹം ധാരാളം ഗോൾ നേടുന്നതുകൊണ്ട്. അദ്ദേഹവും ഇംഗ്ലണ്ടിന്റെ മികച്ച താരങ്ങളിലൊരാളാണ്. ഒപ്പം സ്റ്റീവൻ ജെറാർഡും. എന്നാൽ ഇവരെക്കാളെല്ലാം കളിയിൽ കൂടുതൽ വ്യത്യസ്തതയുണ്ടാക്കുന്ന താരം പോൾ സ്കോൾസ് തന്നെയാണെന്നാണ് എനിക്ക് തോന്നുന്നത്. കഴിഞ്ഞ തലമുറയിൽ ഇവർ മൂന്നു പേരുമാണ് മികച്ചതെന്നു പറയാം. എന്റെ അഭിപ്രായത്തിൽ സ്കോൾസ് ആയിരുന്നു ഏറ്റവും മികച്ചത്.” ബ്രൂണോ പറഞ്ഞു.