ഗോളടിയിൽ ക്രിസ്ത്യാനോയെ ഒന്നാമനാക്കും, വാഗ്ദാനവുമായി ബ്രൂണോ ഫെർണാണ്ടസ്

Image 3
FeaturedFootballInternational

അന്താരാഷ്ട്രതലത്തിൽ ദേശീയ ടീമിനു വേണ്ടി ഏറ്റവുമധികം ഗോളുകൾ നേടിയ താരങ്ങളിൽ രണ്ടാം സ്ഥാനത്തെത്താൻ  റൊണാൾഡോക്ക് അടുത്തിടെ  സാധിച്ചിരുന്നു. ഇറാൻ താരമായ അലി ദേയി 109 ഗോളുകളുമായി ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ മറികടക്കാനായി  ഇനി ക്രിസ്ത്യാനോക്ക് എട്ടു ഗോൾ നേടേണ്ടതായുണ്ട്. ഈ മാസത്തിന്റെ തുടക്കത്തിൽ സ്വീഡനെതിരെ ഇരട്ടഗോളുകൾ നേടിയ താരം നൂറു ഗോളുകളെന്ന കടമ്പ പിന്നിട്ടിരുന്നു.

ഒരു താരം ദേശീയ ടീമിനു വേണ്ടി ഏറ്റവുമധികം ഗോളുകൾ  നേടിയെന്ന അവിശ്വനീയനേട്ടം സ്വന്തമാക്കാൻ ക്രിസ്ത്യാനോക്ക്  സഹായവുമായി താൻ ഉണ്ടാകുമെന്നാണ് പോർച്ചുഗൽ സഹതാരവും മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർതാരവുമായ  ബ്രൂണോ ഫെർണാണ്ടസ് വ്യക്തമാക്കുന്നത്. യുവന്റസ്  സൂപ്പർതാരം  ദേശീയ ടീമിനു വേണ്ടി നൂറു ഗോളുകൾ നേടിയത് വളരെ സ്വാഭാവികമായ കാര്യമാണെന്നാണ് ബ്രൂണോയുടെ പക്ഷം.

“അദ്ദേഹത്തിന്റെ മത്സരം വീക്ഷിക്കുന്നവർക്ക് അദ്ദേഹം ഗോൾ നേടിയില്ലെങ്കിൽ അതു മോശം മത്സരമായി തോന്നും. കാരണം എല്ലാ മത്സരത്തിലും റൊണാൾഡോ ഗോളുകൾ നേടാറുണ്ട്. റൊണാൾഡോക്കൊപ്പം കളിക്കുന്നതിലും അദ്ദേഹം റെക്കോർഡുകൾ സ്വന്തം പേരിലാക്കുന്നതിലും വളരെ  സന്തോഷം നൽകാറുണ്ട്. ദേശീയ ടീമിനൊപ്പം റെക്കോർഡ് സ്വന്തമാക്കാൻ അദ്ദേഹത്തെ സഹായിക്കാൻ എനിക്കു സാധിക്കും.” ബ്രൂണോ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ സീസണിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് ബ്രൂണോ ഫെർണാണ്ടസിനെയായിരുന്നു. 36 ശതമാനത്തോളം ആരാധകരാണ് അദ്ദേഹത്തിനു പിന്തുണയായി  വോട്ടുകൾ രേഖപ്പെടുത്തിയത്. വളരെ കുറച്ചു മത്സരങ്ങൾ കൊണ്ടുതന്നെ പ്രീമിയർ ലീഗിൽ  ആരാധകശ്രദ്ധ പിടിച്ചു പറ്റാൻ ബ്രൂണോ ഫെർണാണ്ടസിനായി.