ഇനി ലക്ഷ്യം ആ കീരീടം, തുറന്ന് പറഞ്ഞ് ബ്രൂണോ ഫെര്‍ണാണ്ടസ്

Image 3
Football

പ്രീമിയര്‍ ലീഗിലെ അവസാനമത്സരത്തില്‍ ലൈസസ്റ്ററിനെ തകര്‍ത്ത് മൂന്നാം സ്ഥാനമുറപ്പിച്ചതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിയിരുന്നു. ലൈസസ്റ്ററിനെതിരെ ഗോള്‍ നേടിയ മഞ്ചസ്റ്ററിന്റെ പുത്തന്‍ താരോദയം ബ്രൂണോ ഫെര്‍ണാണ്ടസ് ഇനി യൂറോപ ലീഗ് കിരീടമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഓഗസ്റ്റ് അഞ്ചിന് ആരംഭിക്കാനിരിക്കുന്ന പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദ മത്സരത്തില്‍ ലാസ്‌കിനെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നേരിടാന്‍ പോവുന്നത്. ആദ്യ പാദത്തില്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ജയിച്ച യുണൈറ്റഡ് ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ച മട്ടാണ്. ജര്‍മനിയില്‍ വെച്ചു നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ ഇസ്തംബൂള്‍ ബസാക്‌സെഹിറോ അല്ലെങ്കില്‍ കോപ്പന്‍ഹേഗനോ ആയിരിക്കും യുണൈറ്റഡിന്റെ എതിരാളികള്‍.

ജനുവരിയില്‍ പോര്‍ട്ടുഗീസ് ക്ലബ്ബായ സ്‌പോര്‍ട്ടിങ് ലിസ്ബണില്‍ നിന്നും യൂണൈറ്റഡിലെത്തിയ ബ്രൂണോ ഫെര്‍ണാണ്ടസ് പത്തു ഗോളുകള്‍ നേടി മികച്ച പ്രകടനമാണ് ഈ സീസണില്‍ കാഴ്ച്ചവെക്കുന്നത്. യുണൈറ്റഡിനെ ഇപിഎല്ലിലെ ആദ്യ നാലില്‍ എത്തിക്കുന്നതില്‍ പ്രധാനപങ്കുവഹിച്ച താരമാണ് ബ്രൂണോ. ചാമ്പ്യന്‍സ് ലീഗ് യോഗ്യതയോടൊപ്പം യൂറോപ്പ ലീഗ് കിരീടം കൂടി നേടാനാണ് ബ്രൂണോയുടെ അടുത്ത ലക്ഷ്യം.

‘്ഇനി ഞങ്ങളുടെ ലക്ഷ്യം യൂറോപ്പ ലീഗ് കിരീടമാണ്. കാരണം യൂറോപ്പ വളരെ മികച്ച ട്രോഫിയാണ്. ഞങ്ങളത് നേടാനാഗ്രഹിക്കുന്നു. ഞാന്‍ യുണൈറ്റഡിലേക്ക് വന്നത് കിരീടങ്ങള്‍ നേടാനാണ്. യൂറോപ്പ ജയിക്കാന്‍ ഞങ്ങള്‍ എല്ലാ മത്സരവും മികച്ച കളി പുറത്തെടുക്കേണ്ടതുണ്ട്. ഞങ്ങള്‍ക്കറിയാം കിരീടം യുണൈറ്റഡിന് അവകാശപ്പെട്ടതാണെന്ന്’ ബ്രൂണോ ഫെര്‍ണാണ്ടസ് പറയുന്നു.