എതിർതാരത്തിനൊപ്പം ചേർന്ന് പോഗ്ബയെ പരിഹസിക്കുന്ന ബ്രൂണോ ഫെർണാണ്ടസ്, കഴിഞ്ഞ മത്സരത്തിലെ രംഗം വൈറലാകുന്നു

Image 3
EPLFeaturedFootball

വെസ്റ്റ് ഹാമിനെതിരായ ഇന്നലത്തെ മത്സരത്തിൽ പോഗ്ബ ചെയ്ത മണ്ടത്തരം ഏറെ ചർച്ചാവിഷയമായിരുന്നു. മത്സരത്തിൽ യുണൈറ്റഡ് ഗോൾ വഴങ്ങിയത് ഫ്രഞ്ച് താരത്തിന്റെ പിഴവിൽ നിന്നുമായിരുന്നു. ഡെക്ലൻ റൈസ് എടുത്ത ഫ്രീ കിക്ക് തന്റെ മുഖത്തേക്കു വരികയായിരുന്നത് ബോക്സിൽ നിൽക്കുകയായിരുന്ന പോഗ്ബ കൈ കൊണ്ടു തട്ടി മാറ്റിയതാണ് യുണൈറ്റഡ് പെനാൽട്ടി വഴങ്ങാനും വെസ്റ്റ്ഹാം യുണൈറ്റഡ് മുന്നിലെത്താനും കാരണമായത്.

ഈ പിഴവിന്റെ പേരിൽ സ്വന്തം ടീമംഗങ്ങളിൽ നിന്നു വരെ പോഗ്ബ പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നുവെന്നതാണ് സത്യം. വെസ്റ്റ് ഹാമിനു ലഭിച്ച പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ചതിനു ശേഷം അന്റോണിയോയും യുണൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസും അടക്കം പറഞ്ഞു ചിരിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്. അവരെ ദയനീയമായി നോക്കി നിൽക്കുന്ന പോഗ്ബയും വീഡിയോയിലുണ്ട്.

അതേസമയം ട്വിറ്ററിൽ പോഗ്ബക്കെതിരെ ആരാധകരുടെ കളിയാക്കലുകൾ രൂക്ഷമാണ്. ഒരു സ്കൂൾബോയ് പോലും വരുത്താത്ത പിഴവാണിതെന്നാണ് പലരും പറയുന്നത്. അതേ സമയം കഴിഞ്ഞ കുറേ മത്സരങ്ങളിലായി നിർണായക പിഴവുകൾ വരുത്തുന്ന യുണൈറ്റഡ് ഗോൾകീപ്പർ ഡി ഗിയയിൽ വിശ്വാസമില്ലാത്തതു കൊണ്ട് പോഗ്ബ തന്നെ അതു തടുത്തതാണെന്നും ചിലർ കളിയാക്കുന്നു.

മത്സരത്തിൽ ഒരു ഗോൾ ആദ്യം വഴങ്ങിയെങ്കിലും ഗ്രീൻവുഡിന്റെ ഗോൾ യുണൈറ്റഡിനെ ഒപ്പമെത്തിച്ചു. എങ്കിലും ചാമ്പ്യൻസ് ലീഗിനു യോഗ്യത നേടണമെങ്കിൽ അവസാന മത്സരത്തിൽ വിജയമോ സമനിലയോ യുണൈറ്റഡിനു വേണം. ചാമ്പ്യൻസ് ലീഗ് യോഗ്യതക്കു വേണ്ടി വിജയം ലക്ഷ്യമിടുന്ന ലൈസ്റ്റർ സിറ്റിയാണ് യുണൈറ്റഡിന്റെ എതിരാളികൾ.