പിഎസ്‌ജി പ്രസിഡന്റിനെതിരെ കോഴവിവാദം, ലോകകപ്പ് പ്രക്ഷേപണാവകാശത്തിനായി ഫിഫ ജനറൽ സെക്രട്ടറിക്ക് കോഴ നൽകി

Image 3
FeaturedFootballInternational

പിഎസ്‌ജി പ്രസിഡന്റും ബീയിൻ സ്പോർട്സ് മീഡിയയുടെ ഉടമയുമായ നാസർ അൽ ഖലൈഫിക്കെതിരെ കോഴവിവാദവുമായി സ്വിസ് അഭിഭാഷകർ രംഗത്തെത്തിയിരിക്കുകയാണ്. 2026ലെയും 2030ലെയും ലോകകപ്പിന്റെ ടീവി ബ്രോഡ്‌കാസ്റ്റിംഗ്‌ റൈറ്റ്സ് നൽകിയതുമായി ബന്ധപ്പെട്ട അഴിമ പിഎസ്‌ജി പ്രസിഡന്റിനെതിരായി ആരോപിക്കപ്പെട്ടിരിക്കുന്നത്. ഒപ്പം മുൻ ഫിഫ ജനറൽ സെക്രട്ടറിയായിരുന്ന ജെറോം വാൽക്കെക്കും ഈ അഴിമതിയിൽ പങ്കുള്ളതായി ആരോപണമുണ്ട്.

ഖത്തർ ആസ്ഥാനമായുള്ള ബ്രോഡ്‌കാസ്റ്റിംഗ്‌ കമ്പനിയുടെ കൂടെ ഉടമയായ നാസർ അൽ ഖലൈഫി ലോകകപ്പിന്റെ പ്രക്ഷേപണാവകാശത്തിനായി മുൻ ഫിഫ ജനറൽ സെക്രട്ടറിക്ക് കോഴ നൽകിയെന്നാണ് ആരോപണം. സ്വിസ് ഫെഡറൽ ക്രിമിനൽ കോടതിയുടെ കണ്ടെത്തലിൽ ഒരു ടെൻഡർ പോലും വിളിക്കാതെയാണ് പ്രക്ഷേപണാവകാശം നാസർ അൽ ഖലൈഫിയുടെ ഉടമസ്ഥതയിലുള്ള പ്രക്ഷേപണ കമ്പനിക്ക് നൽകിയതെന്നാണ് അറിയാനാവുന്നത്.

ആഫ്രിക്കയിലേക്കും മിഡിൽ ഈസ്റ്റിലേക്കുമുള്ള പ്രക്ഷേപണാവകാശമാണ് ബീയിൻ മീഡിയ ഗ്രൂപ്പിന് നൽകിയിട്ടുള്ളത്. പ്രക്ഷേപണാവകാശത്തിന്റെ ഫിഫയും ബീയിനുമായി ചർച്ചകൾ നടക്കുമ്പോൾ ഇറ്റലിയിൽ ബംഗ്ലാവ് വാങ്ങുന്നതിനു ഫിഫ ജനറൽ സെക്രട്ടറിയെ നാസർ അൽ ഖലൈഫി സഹായിച്ചുവെന്നാണ് കണ്ടെത്തൽ. അതിലൂടെയാണ് ഈ കരാർ നടന്നതെന്നാണ് സ്വിസ് കോടതി ആരോപിക്കുന്നത്.

5 മില്യൺ യൂറോക്ക് ഖലൈഫി സ്വന്തമാക്കിയ ബംഗ്ലാവ് പിന്നീട് അനിയന്റെ പേരിലാക്കുകയും അതിനു ശേഷം ഫിഫ ജനറൽ സെക്രട്ടറിയുടെ പേരിലേക്ക് മാറ്റുകയുമായിരുന്നു. എന്നാൽ ഇത് അവരുടെ സ്വകാര്യ ഇടപാടാണെന്നും ഫിഫ ലോകകപ്പ് പ്രക്ഷേപണനവകാശവുമായി ഒരു ബന്ധവുമില്ലെന്നാണ് ഇരുവരുടെയും വാദം.കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ ഖലൈഫിക്ക് 28 മാസവും വാൽക്കെക്ക് 3 വർഷവും ജയിലിൽ കിടക്കേണ്ടി വന്നേക്കും.