മക്കല്ലവും പറയുന്നു, ഇന്ത്യയ്ക്ക് സംഭവിക്കുക ദുരന്തമെന്ന്

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് വ്യക്തമായ മേധാവിത്വമെന്ന് ന്യൂസിലന്‍ഡ് മുന്‍ നായകന്‍ ബ്രെണ്ടന്‍ മക്കല്ലം. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്നോടിയായി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ന്യൂസിലന്‍ഡ് കളിക്കുന്നതിനാല്‍ ഇംഗ്ലീഷ് സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടാന്‍ കൂടുതല്‍ സമയം ലഭിക്കുമെന്നും അത് ഫൈനലില്‍ ന്യൂസിലന്‍ഡിന് മുന്‍തൂക്കം നല്‍കുമെന്നും മക്കല്ലം പറഞ്ഞു.

‘എന്റെ അഭിപ്രായത്തില്‍ ന്യൂസിലന്‍ഡിന് 60 ശതമാനവും ഇന്ത്യക്ക് 40 ശതമാനവും കിരീട സാധ്യതയാണുള്ളത്. എങ്കിലും കടുത്ത പോരാട്ടം തന്നെയാവും ഇരുടീമുകളും കാഴ്ചവെക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ കളിച്ച ശേഷമാണ് കിവീസ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇറങ്ങുന്നത് എന്നത് അവര്‍ക്ക് അധിക ആനൂകൂല്യം നല്‍കുന്നുണ്ട്’ മക്കല്ലം പറയുന്നു

‘ഇംഗ്ലീഷ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കിവീസിന് കൂടുതല്‍ സമയം ഇതുവഴി ലഭിക്കും. പരസ്പര ബഹുമാനത്തോടെയുള്ള പോരാട്ടമാകും ഫൈനല്‍. ഇന്ത്യയുടെ കരുത്തിനെയും പോരാട്ടവീര്യത്തെയും ന്യൂസിലന്‍ഡ് എന്നും ബഹുമാനിക്കുന്നു. അതുകൊണ്ടുതന്നെ ഏറ്റവും മികച്ച ടീം തന്നെ കപ്പുയര്‍ത്തുമെന്ന് പ്രതീക്ഷിക്കാം’ മക്കല്ലം പറഞ്ഞു.

ബുധനാഴ്ചയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുമുള്ള 20 അംഗ ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക് പോകുന്നത്. ഇംഗ്ലണ്ടിലെത്തി ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയശേഷമാകും ഇന്ത്യന്‍ ടീം പരിശീലനത്തിന് ഇറങ്ങുക. ടീമുകളെ രണ്ടായി തിരിച്ച് പരിശീലന മത്സരം കളിക്കാന്‍ ഇന്ത്യയെ അനുവദിക്കുമെന്ന് സൂചനയുണ്ട്.

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ.

You Might Also Like