രണ്ട് ബ്രസീല്‍ സൂപ്പര്‍ താരങ്ങള്‍ ഇന്ത്യയിലേക്ക്, റാഞ്ചിയത് ഈ ഐഎസ്എല്‍ ക്ലബുകള്‍

Image 3
FootballISL

തിരുവോണ നാളില്‍ ഐഎസ്എല്‍ ക്ലബുകളായ ഒഡീഷ എഫ്‌സിയും ജംഷഡ്പൂര്‍ എഫ്‌സിയും ബ്രസീലിയന്‍ താരങ്ങളെ സ്വന്തമാക്കിയിരിക്കുകയാണ്. ബ്രസീലിയന്‍ സ്ട്രൈക്കര്‍ ഡിയാഗോ മൗറീസിയോയെയാണ് ഒഡീഷ എഫ്‌സി സ്വന്തമാക്കിയിരിക്കുന്നത്. ജംഷഡ്പൂര്‍ എഫ്‌സിയാകട്ടെ ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ അലക്‌സ് ലിമയെയും സ്വന്തമാക്കി.

ഒരു വര്‍ഷത്തേക്കാണ് മൗറീസീയോയുമായി ഒഡീഷ എഫ്‌സി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ബ്രസീലിയന്‍ ടോപ് ഡിവിഷന്‍ ക്ലബ്ബായ ഫ്‌ലാമെന്‍കോയിലൂടെ വളര്‍ന്ന് വന്ന താരം ടീമിനായി അമ്പതോളം മത്സരങ്ങള്‍ കളിച്ചിരുന്നു.

ബ്രസീലിയന്‍ ക്ലബ്ബുകള്‍ക്ക് പുറമെ റഷ്യ,പോര്‍ച്ചുഗല്‍, സൗദി അറേബ്യ, ചൈന സൗത്ത് കൊറിയ തുടങ്ങിയ ക്ലബ്ബുകളില്‍ കളിച്ച പരിചയ സമ്പഞ്ഞതയുമായാണ് താരം ഒഡിഷയിലേക്ക് വരുന്നത്. ബ്രസീല്‍ ക്ലബ്ബായ സെന്‍ട്രോ സ്പോര്‍ട്ടീവോക്കു വേണ്ടിയാണ് ഇരുപത്തൊമ്പത്കാരന്‍ അവസാനമായി കളിച്ചത്.

വിയറ്റ്‌നാം ലീഗില്‍ കളിക്കുന്ന അലക്‌സ് ലിമ ഹോചിമിന്‍ സിറ്റിയ്ക്കായാണ് അവസാനമായി പന്ത് തട്ടിയത്. 31 വയസ്സുളള താരം ഇതുവരെ വിവിധ ക്ലബുകള്‍ക്കായി മുന്നൂറോളം മത്സരങ്ങള്‍ കളിച്ചു. 43 ഗോളുകളും 23 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. സ്വീസ്,സൗത്ത് കൊറിയന്‍ ക്ലബ്ബുകള്‍ക്കായും മുപ്പത്തിയൊന്നുകാരന്‍ ജേഴ്സി അണിഞ്ഞിട്ടുണ്ട്.