ദേശീയ ടീമിനെ മാറ്റാനൊരുങ്ങി ബ്രസീലിയൻ സൂപ്പർതാരം

മുൻ ചെൽസി താരവും ബ്രസീൽ കളിക്കാരനുമായ ഓസ്കാർ ദേശീയ ടീമിനെ മാറ്റാൻ താൽപര്യപ്പെടുന്നു. ബ്രസീലിൽ നിന്നും ചൈനയുടെ ദേശീയ ടീമിലേക്കു മാറാനാണ് താരം താൽപര്യപ്പെടുന്നത്. ചെൽസിയിൽ നിന്നും വമ്പൻ തുകയുടെ ട്രാൻസ്ഫറിൽ ചൈനീസ് സൂപ്പർ ലീഗിലേക്കു ചേക്കേറിയ താരം മൂന്നു വർഷത്തോളമായി അവിടെയാണു കളിക്കുന്നത്. അടുത്തിടെ സിജിടിഎന്നിനോടു സംസാരിക്കുമ്പോഴാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്‌.

“ദേശീയ ടീമിനെ മാറ്റുന്ന കാര്യം എനിക്ക് ആലോചിക്കാവുന്നതാണ്. ഇവിടെയാണു കളിക്കുന്നതെന്നതു കൊണ്ട് ബ്രസീൽ ടീമിലെത്താൻ ഇനി കഴിഞ്ഞേക്കില്ല. അതേ സമയം ചൈനയിലുള്ളവർക്ക് എന്റെ പ്രകടനം മികച്ചതാണെന്നറിയാം. ചൈന ദേശീയ ടീമിന് ഒരു നല്ല മിഡ്ഫീൽഡറെ ആവശ്യമുണ്ട്. എനിക്കവരെ സഹായിക്കാനാവും.” ഓസ്കാർ പറഞ്ഞു.

അതേസമയം ഈ വിഷയത്തിലുള്ള ഫിഫയുടെ നിയന്ത്രണങ്ങൾ നീക്കേണ്ടത് അത്യാവശ്യമാണെന്നും ഓസ്കാർ പറഞ്ഞു. 2011ൽ ബ്രസീലിനു വേണ്ടി അരങ്ങേറി 47 മത്സരങ്ങൾ അവർക്കായി കളിച്ച താരമാണ് ഓസ്കാർ. കരിയറിലെ ഏറ്റവും മികച്ച സമയത്ത് ചൈനയിലേക്കു ചേക്കേറി ആരാധകരെ ഞെട്ടിച്ച ഓസ്കാർ 79 മത്സരങ്ങളിൽ നിന്നും 24 ഗോളുകളാണ് നേടിയിരിക്കുന്നത്.

അതേ സമയം താരത്തിന്റെ ചൈന ട്രാൻസ്ഫറിൽ നിർണായക പങ്കു വഹിച്ചത് ബ്രസീലിയൻ സഹതാരമായ ഹൾക്ക് ആണ്. ചൈനയിൽ നിന്നും ഓസ്കാറിന് ഓഫറുണ്ടായിരുന്നപ്പോൾ താൻ താരവുമായി ബന്ധപ്പെട്ടിരുന്നുവെന്നും ചൈനയിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചുവെന്നും ഹൾക്ക് വെളിപ്പെടുത്തിയിരുന്നു.

You Might Also Like