ബ്രസീലിയൻ കൊടുങ്കാറ്റിൽ തകർന്നടിഞ്ഞ് സൗത്ത് കൊറിയ

ലോകകപ്പിലെ ഏറ്റവും മികച്ച മുന്നേറ്റനിര ഗോളടിക്കാൻ മറക്കുന്നുവെന്ന വിമർശനങ്ങൾ ഇല്ലാതാക്കി സൗത്ത് കൊറിയയെ തകർത്ത് ബ്രസീൽ. ഒന്നിനെതിരെ നാല് ഗോളുകൾക്ക് ബ്രസീൽ വിജയിച്ചപ്പോൾ നാല് ഗോളുകളും ആദ്യത്തെ മുപ്പത്തിയാറു മിനുട്ടിലാണ് പിറന്നത്. വിനീഷ്യസ്, നെയ്‌മർ, റിചാർലിസൺ, പക്വറ്റ എന്നിവരാണ്

ബ്രസീലിനു സൗത്ത് കൊറിയയൊരു ഇരയേയല്ലെന്ന് മത്സരം പത്ത് മിനുട്ട് പിന്നിട്ടപ്പോൾ തന്നെ മനസിലായി. തങ്ങളുടെ ഏറ്റവും മികച്ച ഇലവനെ ഇറക്കിയ ബ്രസീൽ പതിമൂന്നു മിനുട്ട് പിന്നിട്ടപ്പോൾ തന്നെ രണ്ടു ഗോളുകളാണ് കൊറിയൻ വലയിൽ നിക്ഷേപിച്ചത്. റഫിന്യ നൽകിയ പാസ് കൊറിയൻ താരങ്ങളുടെ കാലിൽ തട്ടി വന്നത് ഫ്രീയായി നിന്ന വിനീഷ്യസിന് ലഭിച്ചപ്പോൾ താരം അതൊരു പിഴവും കൂടാതെ പോസ്റ്റിന്റെ വലതു മൂലയിൽ എത്തിക്കുകയായിരുന്നു. അതിനു പിന്നാലെ റിചാർലിസണിനെ ബോക്‌സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയിൽ നിന്നും നെയ്‌മറും ഗോൾ കണ്ടെത്തി ബ്രസീലിന്റെ ലീഡ് വർധിപ്പിച്ചു.

അലിസണെ നന്നായി പരീക്ഷിച്ച ഒരു ലോങ്ങ് റേഞ്ചറുൾപ്പെടെ ഏതാനും നീക്കങ്ങൾ കൊറിയയുടെ ഭാഗത്തു നിന്നുമുണ്ടായെങ്കിലും ബ്രസീലിയൻ ആക്രമണങ്ങളെ തടുക്കുന്നതിൽ അവർ പിറകിലായിരുന്നു. ടൂർണമെന്റിലെ ഏറ്റവും മികച്ച മുന്നേറ്റനിരയുള്ള ബ്രസീലിനായി ഇരുപത്തിയൊമ്പതാം മിനുറ്റിൽ തിയാഗോ സിൽവ നൽകിയ പാസിൽ നിന്നും റിച്ചാർലിസൺ വീണ്ടും ഗോൾ നേടി. മുപ്പത്തിയാറാം മിനുട്ടിൽ വിനീഷ്യസിന്റെ മികച്ചൊരു ക്രോസ് ഒരു വോളിയിലൂടെ ലൂക്കാസ് പക്വറ്റ ഗോളിലേക്ക് തിരിച്ചു വിട്ടതോടെ ബ്രസീൽ മത്സരം പൂർണമായും സ്വന്തമാക്കി.

എതിരാളികൾ ഏറ്റവും കരുത്തുറ്റ ടീമുകളിൽ ഒന്നായിട്ടും പ്രതിരോധത്തിലേക്ക് മാത്രം വലിയാതെ സൗത്ത് കൊറിയ കളിച്ചതാണ് ബ്രസീലിന് കാര്യങ്ങൾ അനായാസമാക്കിയത്. കൊറിയ ആക്രമണത്തിന് വരുമ്പോൾ ലഭിക്കുന്ന സ്‌പേസുകൾ ബ്രസീലിന്റെ ലോകോത്തര താരങ്ങൾ കൃത്യമായി മുതലെടുത്ത് ഗോളുകൾ അടിച്ചു കൂട്ടുകയായിരുന്നു. അതിനു മറുപടി നൽകാൻ യാതൊരു തരത്തിലും കൊറിയക്ക് കഴിഞ്ഞില്ല.

രണ്ടാം പകുതിയിൽ പതിഞ്ഞാണ് ബ്രസീൽ കളിച്ചത്. ഗോളുകൾ അടിക്കുന്നതിനേക്കാൾ അത് വഴങ്ങാതെ സൂക്ഷിക്കുക എന്നതായിരുന്നു അവരുടെ പദ്ധതി. എങ്കിലും പലപ്പോഴും നല്ല മുന്നേറ്റങ്ങൾ സൗത്ത് കൊറിയൻ ബോക്‌സിലേക്ക് നടന്നിരുന്നു.  ലക്‌ഷ്യം കാണാതെ പോയ ഷോട്ടുകളും സൗത്ത് കൊറിയൻ ഗോൾകീപ്പറും കൂടുതൽ ഗോളുകൾ നേടുന്നതിൽ നിന്നും ബ്രസീലിനെ തടഞ്ഞു.

നാല് ഗോളുകൾക്ക് പിന്നിലായി മത്സരം നഷ്‌ടമായെന്ന് ഉറപ്പിച്ചെങ്കിലും പൊരുതാൻ തന്നെയായിരുന്നു സൗത്ത് കൊറിയയുടെ തീരുമാനം. ബ്രസീൽ ഒന്നു പിന്നിലേക്ക് വലിഞ്ഞു കളിച്ചത് മുതലെടുത്ത് രണ്ടാം പകുതിയിൽ അവർ നിശ്ചിതമായ ഇടവേളകളിൽ ആക്രമണങ്ങൾ നടത്തിക്കൊണ്ടിരുന്നു. സോണിന്റെ ഒരു ഷോട്ട് അലിസൺ രക്ഷപ്പെടുത്തിയതടക്കം അവർ ഗോളിനരികിലെത്തിയ നിമിഷങ്ങൾ ഉണ്ടാവുകയും ചെയ്‌തു.

സൗത്ത് കൊറിയൻ ആരാധകർക്ക് ആഘോഷിക്കാനുള്ള അവസരമുണ്ടാകുന്നത് എഴുപത്തിയാറാം മിനുട്ടിലാണ്. അവർക്കനുകൂലമായി ലഭിച്ച ഒരു ഫ്രീ കിക്ക് ബ്രസീൽ പ്രതിരോധം കുത്തിയകറ്റിയപ്പോൾ പന്ത് ലഭിച്ച കൊറിയൻ താരം സ്യൂങ് ഹോ പെയ്‌ക് ബോക്‌സിന് പുറത്തു നിന്നും അതൊരു ഹാഫ് വോളിയിലൂടെ വലയിലേക്ക് എത്തിക്കുകയായിരുന്നു. മത്സരത്തിൽ പിറന്ന ഏറ്റവും മികച്ച ഗോളും അത് തന്നെയായിരുന്നു.

ഗോൾ നേടിയതിന്റെ ആവേശത്തിൽ സൗത്ത് കൊറിയൻ താരങ്ങൾ ഒന്നുകൂടി ആഞ്ഞു പിടിച്ചെങ്കിലും ബ്രസീലിയൻ പ്രതിരോധവും അലിസണും ഇളകാതെ നിന്നു. മറുവശത്തു ബ്രസീലിനും ചില അവസരങ്ങൾ ലഭിച്ചെങ്കിലും അതവർക്കും മുതലാക്കാൻ കഴിഞ്ഞില്ല. മത്സരത്തിൽ വിജയിച്ച ബ്രസീൽ കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയെയാണ് ക്വർട്ടറിൽ നേരിടുക.

You Might Also Like