കോപ്പയിൽ മുത്തമിടുക നെയ്മറോ, മെസ്സിയോ? സാധ്യത ബ്രസീലിന്. കാരണം ഇതാണ്

Image 3
Copa America

കോപ്പ അമേരിക്കയിൽ ക്വാർട്ടർ ലൈനപ്പ് പൂർത്തിയായി. ആതിഥേയരായ ബ്രസീൽ താരതമ്യേന എളുപ്പമുള്ള പാദത്തിൽ ചെന്നുപെട്ടത് ആരാധകരുടെ പ്രതീക്ഷകൾ വാനോളമുയർത്തുന്നു. എന്നാൽ പരമ്പരാഗത വൈരികളായ അർജന്റീനക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ല. ക്വാർട്ടറിലും, സെമിയിലും ശക്തരോട് ഏറ്റുമുട്ടിയാൽ മാത്രമേ മെസ്സിക്കും കൂട്ടർക്കും ഫൈനൽ കടക്കാൻ പറ്റൂ.

സൂപ്പർതാരം ലയണൽ മെസ്സിയുടെ മികവിൽ ബൊളീവിയയെ നാല് ഗോളുകൾക്ക് തകർത്ത് ക്വാർട്ടർ ബർത്ത് നേടിയ അർജന്റീനക്ക് ഇക്വഡോറുമായാണ് ക്വാർട്ടറിൽ കളിക്കേണ്ടത്. ടൂർണമെന്റിൽ ഇതുവരെ ജയിക്കാനായില്ലെങ്കിലും ശക്തരായ ബ്രസീലിനെ സമനിലയിൽ തളച്ച ആത്മവിശ്വാസവുമായാണ് ഇക്വഡോർ വരുന്നത്. ലാറ്റിനമേരിക്കയിൽ ലോകകപ്പ് യോഗ്യതാറൗണ്ടിൽ നിലവിൽ നാലാമതാണ് കറുത്ത കുതിരകളായ ഇക്വഡോർ.

ഇക്വഡോറിനെ തറപറ്റിച്ചാലും മെസ്സിക്ക് കോപ്പയിൽ മുത്തമിടണമെങ്കിൽ കടമ്പകളേറെ. സെമിയിൽ ശക്തരായ ഉറുഗ്വെയുമായോ, കൊളംബിയയുമായോ കളിച്ചാൽ മാത്രമേ അർജന്റീനക്ക് ഫൈനൽ ബർത്ത് കിട്ടൂ. അടുത്തിടെ കളിച്ച കളികളിൽ ഇരുടീമുകൾക്കുമെതിരെ ആശാവഹമായ റെക്കോർഡല്ല ആൽബിസെലസ്റ്റകൾക്ക് ഉള്ളത്.

എന്നാൽ ബ്രസീലിന് കുറെ കൂടി എളുപ്പമാണ് കാര്യങ്ങൾ. ക്വാർട്ടറിൽ ക്ഷീണിതനായ ചിലിയെയാണ് അവർക്ക് നേരിടേണ്ടത്. ടൂർണമെന്റിൽ ബൊളീവിയക്കെതിരെ നേടിയ ഒരു ജയം മാത്രമാണ് ചിലിയുടെ സമ്പാദ്യം. എന്നാൽ പരിക്കിന്റെ പിടിയിലായിരുന്ന സൂപ്പർ താരം അലക്സിസ് സാഞ്ചസ് തിരിച്ചെത്തുന്നത് ചിലിയുടെ ആത്മവിശ്വാസം കൂട്ടും.

https://twitter.com/Lionel10Team/status/1409759689508802571

ചിലിയുമായി ജയിച്ചാൽ പെറുവോ, പരാഗ്വെയോ ആയിരിക്കും കാനറികളുടെ എതിരാളികൾ. ഇരുടീമുകളും അവസാനമായി കളിച്ച മത്സരങ്ങളിൽ ബ്രസീലിനോട് തോൽക്കുകയായിരുന്നു. കോപ്പ അമേരിക്കക്ക് തൊട്ടു മുൻപായി നടന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ പരാഗ്വേ രണ്ടു ഗോളുകൾക്കും, പെറു നാല് ഗോളുകൾക്കുമാണ് ബ്രസീലിൽ നിന്നും പരാജയം ഏറ്റുവാങ്ങിയത്. സ്വന്തം നാട്ടിലാണ് മത്സരം നടക്കുന്നത് എന്നതും നെയ്മറുടെയും സംഘത്തിന്റെയും സാധ്യത കൂട്ടുന്നു. ജൂലൈ 10 നാണ് ഫൈനൽ മത്സരം.