കണക്കുകൾ തീർക്കാൻ ബ്രസീലിനു സുവർണാവസരം, വരുന്നു ബ്രസീൽ-അർജന്റീന പോരാട്ടം

2021ൽ നടന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ സ്വന്തം നാട്ടിൽ അർജന്റീനയോട് ഫൈനലിൽ കീഴടങ്ങേണ്ടി വന്നത് ബ്രസീലിനെ കുറച്ചൊന്നുമല്ല മുറിവേൽപ്പിച്ചത്. അതിനു പിന്നാലെ നടന്ന ലോകകപ്പിൽ കാനറികൾ ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് തോൽവി വഴങ്ങി പുറത്തു പോയപ്പോൾ അർജന്റീന ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കിയത് ബ്രസീലിനു കൂടുതൽ ക്ഷീണമായി.

കോപ്പ അമേരിക്കയിലും ഖത്തർ ലോകകപ്പിലും കിരീടം നേടിയതോടെ സൗത്ത് അമേരിക്കയിലെയും ലോകത്തിലേയും ഏറ്റവും മികച്ച ടീമുകളിലൊന്നാണ് തങ്ങളെന്ന് തെളിയിക്കാൻ അർജന്റീനക്ക് കഴിഞ്ഞു. അതേസമയം അർജന്റീനയുടെ ആധിപത്യത്തിന് അവസാനമുണ്ടാക്കുക എന്നത് ബ്രസീലിന്റെ പ്രധാനപ്പെട്ട ഉദ്ദേശമാണ്. അതിനുള്ള അവസരം അവരെത്തേടി വന്നിരിക്കുകയാണിപ്പോൾ.

കഴിഞ്ഞ ദിവസം ലോകകപ്പ് യോഗ്യത മത്സരങ്ങൾ പ്രഖ്യാപിച്ചപ്പോൾ അർജന്റീനയും ബ്രസീലും തമ്മിലുള്ള മത്സരം ഈ വർഷം തന്നെ വരുന്നുണ്ട്. ഈ വർഷം അർജന്റീന ആറു ലോകകപ്പ് യോഗ്യത മത്സരങ്ങൾ കളിക്കുന്നതിൽ ബ്രസീലുമായുള്ള മത്സരം നവംബർ മാസത്തിലാണ് നടക്കുന്നത്. അർജന്റീന ലോകകപ്പ് ജേതാക്കളാണെങ്കിലും തങ്ങൾ തന്നെയാണ് അവരെക്കാൾ ശക്തരായ ടീമെന്നു തെളിയിക്കാൻ ബ്രസീലിനുള്ള അവസരമാണ് ഈ ലോകകപ്പ് യോഗ്യത മത്സരം.

ലോകകപ്പ് യോഗ്യത മത്സരത്തിന് എല്ലാ തരത്തിലും സജ്ജരായി തന്നെയാകും ബ്രസീൽ ഇറങ്ങുക. നിലവിൽ താൽക്കാലിക പരിശീലകനാണ് ടീമിനെ നയിക്കുന്നതെങ്കിലും ഈ സമ്മറിൽ അവർക്ക് പുതിയ സ്ഥിരം പരിശീലകനെത്തുമെന്നാണ് റിപ്പോർട്ടുകൾ. യൂറോപ്പിലെ മികച്ച പരിശീലകരെയാണ് ബ്രസീൽ ലക്ഷ്യമിടുന്നത്. അതുകൊണ്ടു തന്നെ ഏറ്റവും മികച്ച പ്രകടനം തന്നെ ബ്രസീലിൽ നിന്നും പ്രതീക്ഷിക്കാം.

ഈ മാസം ബ്രസീലും അർജന്റീനയും മത്സരങ്ങൾ കളിക്കുന്നുണ്ട്. ബ്രസീൽ മൊറോക്കോക്കെതിരെ ഒരു മത്സരം കളിക്കുമ്പോൾ അർജന്റീനക്ക് പനാമ, കുറകാവോ എന്നീ ടീമുകൾക്കെതിരെ സൗഹൃദ മത്സരമുണ്ട്. രണ്ടു ടീമുകളും ലോകകപ്പിന് ശേഷം ആദ്യമായാണ് ഒരു മത്സരം കളിക്കാൻ പോകുന്നത്.

You Might Also Like