കളം നിറഞ്ഞു നെയ്മർ; ബ്രസീലിന് സമ്പൂർണാധിപത്യം

Image 3
Copa America

കോപ്പ അമേരിക്കയിൽ നിലവിലെ ചാമ്പ്യന്മാരായബ്രസീലിന് രാജകീയമായ തുടക്കം.  ഉദ്ഘാടന മത്സരത്തിൽ വെനസ്വേലയെ എതിരില്ലാത്ത മൂന്നുഗോളുകൾക്ക് വീഴ്ത്തി ആതിഥേയർ വരവറിയിച്ചു.  ഒരുഗോൾ നേടുകയും മറ്റൊന്നിന് വഴിയൊരുക്കുകയും ചെയ്ത സൂപ്പർതാരം  നെയ്മറാണ്  ബ്രസീലിന്റെ വിജയശിൽപി.

എട്ടു താരങ്ങൾക്ക് കോവിഡ് ബാധിച്ചതിനാൽ തികച്ചും പുതുമുഖങ്ങളുമായി ഇറങ്ങിയ വെനസ്വേലക്ക് മത്സരത്തിന്റെ ഒരുഘട്ടത്തിലും ബ്രസീലിന് ശക്തമായ വെല്ലുവിളി ഉയർത്താനായില്ല. നെയ്മർ അടക്കമുള്ള താരങ്ങൾ അരഡസനോളം ഉറച്ച ഗോളവസരങ്ങൾ പാഴാക്കിയില്ലായിരുന്നെങ്കിൽ ഗോൾ മഴയിൽ വെനസ്വേല മുങ്ങിയേനെ.

ബ്രസീലിനായി മാർക്വീഞ്ഞോസ് 24 ആം മിനിറ്റിലും, ഗബ്രിയേൽ ബാർബോസ 89 ആം മിനിറ്റിലും ലക്‌ഷ്യം കണ്ടു. 64ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് നെയ്മർ കോപ്പയിൽ ഇത്തവണ അക്കൗണ്ട് തുറന്നത്.

ആദ്യമിനിറ്റുമുതൽ മികച്ച ആക്രമണ ഫുട്ബോൾ പുറത്തെടുത്ത ബ്രസീൽ വെനസ്വേലയെ പ്രതിരോധത്തിലേക്ക് തള്ളിവിട്ടു. മത്സരത്തിന്റെ 9-ാം മിനിട്ടില്‍ തന്നെ റിച്ചാലിസണിണ് ഗോളെന്നുറച്ച അവസരം ലഭിച്ചെങ്കിലും ലക്ഷ്യംകാണാനായില്ല. 19-ാം മിനിട്ടില്‍  ഡാനിലോ തൊടുത്ത വെടിയുണ്ട കണക്കെയുള്ള  ലോങ്‌റേഞ്ചര്‍ വെനസ്വേലൻ  ഗോള്‍കീപ്പര്‍ ഗ്രാറ്റെറോളുടെ കൈയ്യിലൊതുങ്ങുകയും ചെയ്തു.

നിരന്തരമുള്ള ആക്രമണത്തെ എന്നാൽ അധികം സമയം തടഞ്ഞുനിർത്താൻ വെനസ്വേലയുടെ ഭാഗ്യം മാത്രം പോരായിരുന്നു. 23-ാം മിനിട്ടില്‍ നെയ്മര്‍തൊടുത്ത  കോര്‍ണര്‍ കിക്ക്  മാര്‍കിന്യോസ് അനായാസം വലയിലെത്തിച്ചു. ബ്രസീലിന് 2021 കോപ്പയിലെ ആദ്യ ഗോൾ സ്വന്തം. തൊട്ടുപിന്നാലെ റിച്ചാലിസണ്‍ വെനസ്വേലൻ  വലകുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡായി വിധിച്ചു. 29-ാം മിനിട്ടില്‍ ഗോളെന്നുറച്ച അവസരം നെയ്മർ  നഷ്ടപ്പെടുത്തി.

രണ്ടാം പകുതിയിലും ആധിപത്യം തുടർന്ന ബ്രസീല്‍ 53-ാം മിനിട്ടില്‍ ലക്‌ഷ്യം കാണുമെന്ന് തോന്നിച്ചെങ്കിലും അവസരം പാഴായി. ഇത്തവണയും അവസരം നഷ്ടപ്പെടുത്തിയത് നെയ്മർ തന്നെ.  62-ാം മിനിട്ടില്‍ ഡാനിലോയെ ബോക്‌സിനകത്തുവെച്ച് ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാൽറ്റി വലയിലെത്തിച്ചു നെയ്മർ തന്നെ ബ്രസീലിന്റെ ലീഡുയർത്തി.

തുടർന്നും ആക്രമിച്ചുകളിച്ച ബ്രസീൽ 89-ാം മിനിട്ടില്‍ മൂന്നാം ഗോൾ നേടി. ഗബ്രിയേല്‍ ബാര്‍ബോസയാണ്ഇത്തവണ ലക്‌ഷ്യം കണ്ടത്.  വെനസ്വേല പ്രതിരോധനിരയെ നോക്കുകുത്തിയാക്കി  മുന്നേറിയ നെയ്മർ നൽകിയ ക്രോസ് ഗോൾ കീപ്പറെ പോലും കബളിപ്പിച്ചപ്പോൾ ആളൊഴിഞ്ഞ  പോസ്റ്റിലേ ക്ക്പന്തുതട്ടിയിടേണ്ട ജോലി മാത്രമേ  ബാര്‍ബോസക്ക് ഉണ്ടായിരുന്നുള്ളൂ.