ബ്രസീലില്‍ നിന്ന് വന്‍ താരത്തെ റാഞ്ചാന്‍ ഐഎസ്എല്‍ ക്ലബ്
ഐഎസ്എല്ലിലേക്ക് മറ്റൊരു ബ്രസീല്‍ താരം കൂടിയെത്തുന്നു. ബ്രസീലിയന്‍ വിംഗര്‍ റാഫേല്‍ സില്‍വയെയാണ് ചെന്നൈയിന്‍ എഫ്‌സി റാഞ്ചുന്നത്. കഴിഞ്ഞ സീസണില്‍ ബൊളീവിയന്‍ ടോപ് ഡിവിഷന്‍ ക്ലബ്ബായ ആല്‍വയിസ് റെഡിക്കു വേണ്ടിയാണ് താരം കളിച്ചത്.
വിംഗര്‍ പൊസിഷന് പുറമെ സെക്കന്റ് സ്ട്രൈക്കര്‍ പൊസിഷനിലും കളിക്കാന്‍ കഴിവുള്ള താരമാണ് റാഫേല്‍ സില്‍വ. ബ്രസീലിയന്‍ ക്ലബ്ബായ പോര്‍ചുഗീസ ഡിസ്‌പോര്‍ടോസിലൂടെയാണ് റാഫേല്‍ സില്‍വ പ്രൊഫെഷണല്‍ കരിയര്‍ ആരംഭിച്ചത്. ശേഷം ബ്രസീല്‍, പോര്‍ച്ചുഗല്‍,ഇന്‍ഡോനേഷ്യ,യൂഎഇ തുടങ്ങിയ രാജ്യങ്ങളിലെ ടോപ് ഡിവിഷന്‍ ലീഗില്‍ കളിച്ചു.
പ്രശസ്ത ബ്രസീലിയന്‍ ക്ലബ്ബായ വാസ്‌കോ ഡാ ഗാമക്കായും ഇദ്ദേഹം കളിച്ചിട്ടുണ്ട്. ക്ലബ്ബ് ഫുട്‌ബോളില്‍ 141 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഇദ്ദേഹം 33 ഗോളുകളും 8 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
ഐഎസ്എല്ലില്‍ ഇതിനോടകം തന്നെ നിരവധി ബ്രസീല്‍ താരങ്ങള്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. സില്‍വയുടെ വരവ് ഏറെ പ്രതീക്ഷയോടെയാണ് ചെന്നൈയിന്‍ ആരാധകര്‍ നോക്കികാണുന്നത്.