പത്തുപേരായി കളിച്ചിട്ടും ജയിച്ചു ബ്രസീൽ; ഫൈനലിലേക്ക് ഒരടി കൂടി ബാക്കി

Image 3
Copa America

രണ്ടാ൦ പകുതിയുടെ ഭൂരിഭാഗം സമയവും പത്തുപേരുമായി ചുരുങ്ങിയിട്ടും ചിലിയുമായുള്ള മത്സരം ജയിച്ചുകയറി ബ്രസീൽ കോപ്പ അമേരിക്ക സെമിഫൈനൽ ബർത്ത് ഉറപ്പിച്ചു. ക്വാർട്ടറിൽ രണ്ടാ൦ പകുതിയുടെ തുടക്കത്തിൽ ലൂക്കാസ് പക്വറ്റ നേടിയ ഒറ്റ ഗോളിന്റെ ബലത്തിലാണ് ബ്രസീലിന്റെ ജയം.

ഗ്രൂപ്പ് ചാമ്പ്യന്മാരായെത്തിയ ബ്രസീലും, നാലാം സ്ഥാനക്കാരായ ചിലിയും ഏറ്റുമുട്ടിയപ്പോൾ ബ്രസീലിന്റെ ആധിപത്യം പ്രതീക്ഷിച്ചെത്തിയ കാണികളെ കാനറികൾ നിരാശരാക്കി. തുടക്കം മുതൽ ബ്രസീലിനോട് ഒപ്പത്തിനൊപ്പം നിൽക്കുന്ന പോരാട്ടവീര്യം കാഴ്ചവെക്കാൻ ചിലിയ്ക്കായി.

സൂപ്പർതാരം അലക്സിസ് സാഞ്ചസ് തിരിച്ചെത്തിയതിന്റെ ഉണർവിൽ കളിക്കുന്ന ചിലി ബ്രസീലിൽ നിന്നും മത്സരം തട്ടിയെടുക്കുമെന്ന് തോന്നിച്ച ഒന്നിലേറെ അവസരങ്ങൾ ഉണ്ടായിരുന്നു.

രണ്ടാം പകുതിയിൽ ഫിർമിനോയിനെ മാറ്റി ബ്രസീൽ ലൂക്കാസ് പക്വറ്റയെ കളത്തിലെത്തിച്ചു. ഗ്രൗണ്ടിലിറങ്ങി ഒരുമിനിറ്റിനകം തന്നെ പക്വറ്റ ചിലിയുടെ വലകുലുക്കി. നെയ്‌മറാണ് പക്വറ്റക്കായി അവസരം ഒരുക്കിയത്. പിന്നാലെ 48 ആം മിനിറ്റിൽ മാഞ്ചസ്റ്റർ സിറ്റി താരം ഗബ്രിയേൽ ജീസസ് റെഡ് കാർഡ് വാങ്ങി പുറത്തുപോയത് ബ്രസീലിനെ ഞെട്ടിച്ചു. അപകടകരമായ ഫൗളിന് റഫറി നേരിട്ട് റെഡ് നൽകുകയായിരുന്നു.

ബ്രസീൽ പത്തുപേരായി ചുരുങ്ങിയതോടെ ഉണർന്നുകളിച്ച ചിലി ബ്രസീലിനെ ശരിക്കും വെള്ളം കുടിപ്പിച്ചെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. വലയിൽ കയറിയ ഒരു പന്ത് റഫറി ഓഫ് സൈഡ് വിളിക്കുകയും, മറ്റൊരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തില്ലായിരുന്നുവെങ്കിൽ മത്സരഫലം മാറിയേനെ.

മറുവശത്ത് നെയ്മറുടെ നേതൃത്വത്തിൽ ചിലിപ്രതിരോധത്തെ ബോക്സിൽ തളച്ചിടാനുള്ള ശ്രമം ബ്രസീലും തുടർന്നതോടെ പത്തുപേരുമായി കളിച്ചു ബ്രസീൽ ജയിച്ചുകയറി. സെമിയിൽ പെറുവുമായാണ് ബ്രസീലിന്റെ മത്സരം. കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ബ്രസീൽ വിജയിച്ചിരുന്നു. അന്നും ഗബ്രിയേൽ ജീസസ് ചുവപ്പ് കാർഡ് വാങ്ങിയതോടെ അവസാന 20 മിനിറ്റുകൾ പത്തുപേരുമായി കളിച്ചാണ് ബ്രസീൽ കപ്പടിച്ചത്.