തോറ്റചരിത്രമില്ല, ബ്രസീൽ കോപ്പ ഫൈനലിൽ; ക്ലാസിക് ഫൈനലിന് കാതോർത്ത് ഫുട്ബോൾ ലോകം

കോപ്പ അമേരിക്ക സെമിഫൈനലിൽ പെറുവിനെ തോൽപ്പിച്ചു ആതിഥേയരായ ബ്രസീൽ ഫൈനലിലെത്തി. ഒളിമ്പിക് സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനലിൽ ആദ്യ പകുതിയുടെ 35ആം മിനിറ്റിൽ ലൂക്കാസ് പക്വറ്റ നേടിയ ഒറ്റ ഗോളിന്റെ ബലത്തിലാണ് ബ്രസീൽ ഫൈനലിൽ കടന്നു കൂടിയത്.

കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരും രണ്ടാ൦ സ്ഥാനക്കാരും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ കാര്യങ്ങൾ ബ്രസീലിന് അത്ര എളുപ്പമായിരുന്നില്ല. ആദ്യ പകുതിയിൽ പെറു പ്രതിരോധത്തിലൊതുങ്ങിയപ്പോൾ സമ്പൂർണാധിപത്യം പുലർത്താൻ ബ്രസീലിനായി. കസെമിറോയുടെ ഗോളെന്നുറച്ച ഒന്നിലധികം ഷോട്ടുകളും, നെയ്‌മറുടെ ഗോൾ ശ്രമങ്ങളും പെറു ഗോൾ കീപ്പർ പെഡ്രോ ഗലീസ പണിപ്പെട്ടാണ് തട്ടിയകറ്റിയത്. എന്നാൽ രണ്ടാ൦ പകുതിയിൽ ആക്രമിച്ചു കളിച്ച പെറുവിന് മുന്നിൽ ബ്രസീൽ പലപ്പോഴും ചൂളി.

ഒന്നാം പകുതിയുടെ 35ആം മിനിറ്റിൽ പെറുവിന്റെ ക്രിസ്ത്യൻ റാമോസിന്റെ ക്ലിയറൻസ് പിഴച്ചത് ചെന്നു പെട്ടത് നേരെ റിച്ചാലിസന്റെ കാലിലേക്ക്. റിചാലിസൺ നൽകിയ പാസ് പെനാൽറ്റി ബോക്സിൽ മൂന്ന് പെറുവിയൻ താരങ്ങളെ വെട്ടിയൊഴിഞ്ഞു നെയ്‌മർ പക്വറ്റക്ക് നൽകിയപ്പോൾ വലയിലേക്ക് തട്ടിയിടേണ്ട ജോലി മാത്രമേ പക്വറ്റക്ക് ബാക്കിയുണ്ടായിരുന്നുള്ളൂ.

ടൂർണമെന്റിൽ തോൽവിയറിയാതെയാണ് ബ്രസീൽ ഫൈനലിൽ എത്തുന്നത്. ഏഴുമത്സരങ്ങളിൽ നിന്നായി 12 ഗോളുകൾ അടിച്ചുകൂട്ടിയ കാനറികൾ ആകെ വഴങ്ങിയത് രണ്ടു ഗോളുകൾ മാത്രമാണ്.

ലീഡുയർത്താൻ ബ്രസീലും, സമനില നേടാൻ പെറുവും രണ്ടാ൦ പകുതിയിൽ കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. ബുധനാഴ്ച നടക്കുന്ന അർജന്റീന – കൊളംബിയ മത്സരത്തിലെ വിജയികളെ ബ്രസീൽ ഫൈനലിൽ നേരിടും. ബ്രസീലിലെ ഐതിഹാസികമായ മാരക്കാന സ്റ്റേഡിയത്തിൽ ജൂലൈ പതിനൊന്നിനാണ് ഫൈനൽ മത്സരം.

You Might Also Like