പെലെയുടെ ഏഴയലത്ത് കെട്ടാനാകില്ല മെസിയേയും റൊണാൾഡോയേയും, തുറന്നടിച്ച് ഇതിഹാസ താരം
അർജന്റീനൻ സൂപ്പർ താരം ലയണൽ മെസിയും പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ബ്രസീലിയൻ ഇതിഹാസം പെലെയെക്കാൾ മികച്ചതാണെന്നു കരുതാൻ ഒരിക്കലും കഴിയില്ലെന്ന് മറ്റൊരു ബ്രസീലിയൻ ഇതിഹാസം ടോസ്റ്റാവോ. മെസിയുടേയും റൊണാൾഡോയുടെയും ഗുണങ്ങൾ ഒരാളിൽ സമ്മേളിച്ച ആളെ മാത്രമാണ് പെലെയുമായി താരതമ്യപ്പെടുത്താനാകൂവെന്നാണ് ടോസ്റ്റാവോ വിലയിരുത്തുന്നത്.
ലോകത്തെ എക്കാലത്തെയും മികച്ച കളിക്കാരുടെ പട്ടികയിൽ ഒന്നാംസ്ഥാനം അർഹിക്കുന്ന പെലെയുടെ അടുത്തെത്തി നിൽക്കാൻ യോഗ്യതയുള്ളത് അര്ജന്റീനിയന് ഇതിഹാസം ഡീഗോ മറഡോണയ്ക്ക് മാത്രമാണെന്നാണ് ടോസ്റ്റവൊയുടെ വാദം. മുൻപൊന്നും കണ്ടിട്ടില്ലാത്തവണ്ണം വ്യക്തിഗതമികവിന്റെ പാരമ്യത്തിൽ മെസിയും ക്രിസ്ത്യാനോ റൊണാൾഡോയും എത്തിയിട്ടുണ്ടെങ്കിലും പെലെയുടെ അടുത്തെത്താൻ ഇരുവരും യോഗ്യരല്ലെന്നാണ് ടോസ്‌റ്റവോ പറയുന്നത്
“പെലെയാണ് എല്ലാവരേക്കാളും മികച്ചതെന്ന് ഞാൻ കരുതുന്നു. മറ്റൊരു താരതമ്യം ആവശ്യമില്ലെന്നു കരുതുന്നു. എല്ലാ അർത്ഥത്തിലും പൂർണനായ കളിക്കാരനാണ് അദ്ദേഹം. ഒരു മുന്നേറ്റനിരക്കാരനാവശ്യമായ എല്ലാ ഗുണങ്ങളും പെലേയിലുണ്ട്. ഒരു പോരായ്മ പോലും അദ്ദേഹത്തിൽ കാണാൻ സാധിക്കില്ല.” ഫിഫക്ക് നൽകിയ അഭിമുഖത്തിൽ ടോസ്‌റ്റവോ പറഞ്ഞു.
മെസ്സി മികച്ച കളിക്കാരനാണെങ്കിലും പെലെ തലകൊണ്ട് ഗോളടിക്കുന്ന പോലെ മെസ്സിക്ക് കഴിയില്ലെന്നും പെലെ അനായാസം ഇരുകാലുകളും ഉപയോഗിക്കുമെന്നും പെലെയുടെ മുന്നേറ്റങ്ങളെ പോലെ മുന്നേറാൻ മെസ്സിക്ക് സാധിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ക്രിസ്ത്യാനോ മികച്ച കളിക്കാരനാണെങ്കിലും പെലെ കൊടുക്കുന്ന പോലത്തെ പാസുകൾ അയാൾക് ചിന്തിക്കാൻ പോലുമാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെസ്സിയുടെയും റൊണാൾഡോയുടെയും ഗുണഗണങ്ങൾ കൂടിച്ചേർന്ന ഒരു കളിക്കാരനെ മാത്രമേ പെലെയുമായി താരതമ്യപ്പെടുത്താൻ കഴിയുള്ളുവെന്നാണ് ബ്രസീലിയൻ ഇതിഹാസത്തിന്റെ വാദം.