അന്ന് എതിരാളിയുടെ ചോര ഒറ്റക്ക് തുപ്പിച്ച ആ കറുത്ത കാട്ടുകുതിരയെ ആര്‍ക്ക് മറക്കാനാകും

സനല്‍കുമാര്‍ പത്മനാഭന്‍

തുടര്‍ച്ചയായി 10 ഏകദിന വിജയങ്ങള്‍ നല്‍കിയ ധിക്കാരത്തിന്റെ ചുവയുള്ള ആത്മവിശ്വാസം……..

ഇംഗ്ലണ്ട് , ന്യൂസീലാന്‍ഡ് , പാകിസ്ഥാന്‍ എന്നി വമ്പന്മാരെ വരെ ഗ്രൂപ് ഘട്ടത്തില്‍ മലര്‍ത്തിയടിച്ചതിന്റെ തിളയ്ക്കുന്ന ആവേശം……

എതിരാളികള്‍ ആയ കരീബിയന്‍സ് , അതീവ ദുര്‍ബലരായ കെനിയയോട് ഗ്രൂപ് സ്റ്റേജില്‍ 93 റണ്‍സിന് ഓള്‍ ഔട്ട് ആയി നാണം കേട്ട തോല്‍വി ഏറ്റു വാങ്ങിയവര്‍ ആണെന്ന ധൈര്യം…….


സ്പിന്‍ നേരിടാന്‍ അറിയാത്ത അവരെ നേരിടുമ്പോള്‍ ടീമിലെ മികച്ച ഫാസ്റ്റ് ബൗളര്‍ ഡൊണാള്‍ഡിനെ വരെ പുറത്തിരുത്തി സ്പിന്നര്‍ സിംകോക്‌സിനെ ഉള്‍പ്പെടുത്തി ആഡംസിനോടൊപ്പം രണ്ട് സ്പിന്നര്മാരെ കളിപ്പിക്കുവാനുള്ള തന്ത്രം…..

പിന്നെ ഏതു ചാരത്തില്‍ നിന്നും ടീമിനെ പൊക്കിയെടുക്കാന്‍ കഴിവുള്ള നായകന്‍ ക്രോണിയയും…….

തുടങ്ങി 96 ലോകകപ്പ് മൂന്നാം ക്വര്‍ട്ടര്‍ ഫൈനലില്‍ കറാച്ചിയില്‍ വെസ്റ്റ് ഇന്‍ഡീസിനെ നേരിടുമ്പോള്‍ സൗത്ത് ആഫ്രിക്കയുടെ പക്കല്‍ ആയുധങ്ങളും പോരാളികളും ഏറെയുണ്ടായിരുന്നു……

എന്നാല്‍ അന്ന് ആ ചതുരംഗ പലകയില്‍ , ഇരമ്പിയാര്‍ക്കുന്ന സൗത്ത് ആഫ്രിക്കയുടെ പടക്കോപ്പ് നിറച്ച വെള്ള കരുക്കള്‍ക്കെതിരെ , വെസ്റ്റ് ഇന്‍ഡീസിന് ഒറ്റ കരുവേ ഉണ്ടായിരുന്നുള്ളു…. ബ്രയാന്‍ ചാള്‍സ് ലാറ എന്ന കറുത്ത കുതിര !

ആ കറുത്ത കാട്ടുകുതിരയുടെ കണക്കുകൂട്ടിയുള്ള മിന്നല്‍ നീക്കങ്ങളില്‍ പകച്ചു , അടി പതറി വെള്ളയും കറുപ്പും നിറഞ്ഞ കളങ്ങളില്‍ രക്തക്കറ പതിപ്പിച്ചു കൊണ്ട് ചെരിഞ്ഞു വീഴുന്ന ആഫ്രിക്കയുടെ രഥവും , ആനയും , കാലാളുകളും , രാഞ്ജിയും എല്ലാം കാണാന്‍ സുഖമുള്ളൊരു കാഴ്ച ആയിരുന്നു

കരീബിയന്‍സിനു സ്പിന്‍ കളിയ്ക്കാന്‍ അറിയാത്തതു കൊണ്ട് അവരെ തളക്കാന്‍ ആയി ക്രോണിയ രംഗത്ത് ഇറക്കിയ പാറ്റ് സിംകോക്‌സിനെ ഒരോവറില്‍ 5 വട്ടം ബൗണ്ടറി വര കടത്തി വിട്ട് കൊണ്ട് ‘ ആജ്ഞകളുടെ വാറോലീ കളുമായി ഇനിയാരും കണിമംഗലം കോവിലകത്തേക്കു വരണമെന്നില്ല ഇത് ആള് വേറെയാ ‘ എന്ന ഡയലോഗ് പറഞ്ഞ ശേഷമുള്ള കണിമംഗലം ജഗന്നാഥന്റെ പോസില്‍ ക്രീസില്‍ നിന്ന അയാളെ എങ്ങനെ മറക്കും…….

ലാറയുടെ ഏറ്റവും മികച്ച 3 ഏകദിന ഇന്നിങ്സുകളില്‍ ഒന്ന് തന്നെയാണ് 94 ബോളിലെ 111 ന്റെ ആ കിടുക്കാച്ചി ഇന്നിംഗ്‌സ്
വെസ്റ്റ് ഇന്‍ഡീസ് 264/8
സൗത്ത് ആഫ്രിക്ക 245
പ്ലയെര്‍ ഓഫ് ദി മാച്ച് : ലാറ….

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like